രാരോത്ത് വില്ലേജിൽ ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട്ഭൂനികുതി അടക്കുന്നതിലെ കാലതാമസത്തിന്അടിയന്തിര പരിഹാരത്തിന് നിർദ്ദേശം നൽകി. പി.കെ.ഫിറോസ് എം എൽ എ

താമരശ്ശേരി: രാരോത്ത് വില്ലേജിൽ ഡിജിറ്റൽ സർവ്വേ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത സാങ്കേതിക പ്രശ്നത്തിൻ്റെ ഭാഗമായി ഭൂവുടമകൾക്ക് നികുതി അടക്കുവാൻ കാലതാമസം നേരിടുന്ന വിഷയത്തിൽ അടിയന്തിരമായ പരിഹാരത്തിന് താലൂക്ക് തഹസിൽദാർക്ക് നിർദ്ദേശം നൽകിയതായി പി.കെ.ഫിറോസ് എം എൽ എ അറിയിച്ചു.ഈ വിഷയവുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ രാരോത്ത് വില്ലേജ് ജനകീയ സമിതി അംഗങ്ങൾ എം എൽ എ യുടെ ശ്രദ്ധയിൽ പെടുത്തിയതിൻ്റെ ഭാഗമായി എം എൽ എ നേരിട്ട് രാരോത്ത് വില്ലേജ് ഓഫീസ് സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.രാരോത്ത് വില്ലേജിൽ 2026 മെയ് മാസത്തോടു കൂടി ഡിജിറ്റൽ സർവ്വേ പ്രാബല്യത്തിൽ വന്നതാണ്.നിലവിൽ ഈ വിഷയം പരിഹരിക്കുന്നതിന് സർവ്വേ ഡിപ്പാർട്ട്മെൻ്റിൽ നിന്നും ഒരു സർവ്വയ റെ വില്ലേജിൽ നിയമിച്ചിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം വർദ്ധിച്ചതിനാൽ നിലവിലെ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് അടിയന്തിരമായി ഒരു സർവ്വയുടെ സേവനം കൂടി ലഭ്യമാക്കണമെന്ന് കൂടിക്കാഴ്ചയിൽ വില്ലേജ് ഓഫീസർ ജ്യോതി.ജെ.എസ് എം എൽ.എയോട് ആവശ്യപ്പെട്ടു.ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം എൽ എ ഉറപ്പ് നൽകി.താമരശ്ശേരി താലൂക്ക് തഹസിൽദാർ ലിജ.എം, ഹെഡ് ക്വാർട്ടേസ് തഹസിൽദാർ കെ.ഷിജു,ഗ്രാമ പഞ്ചായത്ത് അംഗം ആസാദ് കാരാടി,ജനകീയ സമിതി അംഗങ്ങളായ ഷംസീർ എടവലം, റാഷി താമരശ്ശേരി, റിജേഷ് കുമാർ തുടങ്ങിയവർ എം എൽ എക്ക് ഒപ്പം സന്നിഹിതരായിരുന്നു.