പ്രഭാത വാർത്തകൾ

2026  ജൂലൈ 7, ചൊവ്വ 
1201  മിഥുനം 23, ഉത്രട്ടാതി
1448  മുഹർറം 21
◾  ആരോഗ്യവകുപ്പില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടന്ന പര്‍ച്ചേസുകളെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ഉള്‍പ്പെടുന്ന വിദഗ്ദ്ധ സമിതിയാണ് അന്വേഷിക്കുക. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കു മന്ത്രി നിര്‍ദ്ദേശം നല്‍കി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ബ്ലീച്ചിംഗ് പൗഡര്‍ വാങ്ങിയതിലെ ക്രമക്കേടുകളും അന്വേഷിക്കും. മാര്‍ച്ച് 11 നും മേയ് ആറിനും ഇടയില്‍ നടന്ന ഇടപാടിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാദ്ധ്യമവാര്‍ത്തകള്‍ വിവാദമായിരുന്നു.

◾  പ്രതിക്കൂട്ടിലായ പിഎസ്സിക്കെതിരേ ഉത്തരവ്. ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനത്തില്‍ പരീക്ഷ രേഖകള്‍ പുറത്ത് വിടണമെന്ന് പിഎസ്സിയോട് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. അപേക്ഷ നല്‍കിയവര്‍ക്ക് ഏഴു ദിവസത്തിനകം എല്ലാ രേഖകളും കൈമാറണം. ഉത്തരക്കടലാസിന്റെ പകര്‍പ്പും പരീക്ഷ എഴുതിയ എല്ലാവരുടേയും മാര്‍ക്ക് പട്ടികയും നല്‍കണം. വിവരാവകാശ നിയമം വഴി നല്‍കാന്‍ വിസമ്മതിച്ച രേഖകളാണ് നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.  

◾  മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് കോടതി പിരിയുംവരെ നില്‍പ് ശിക്ഷ വിധിച്ച് കോടതി. രാവിലെ മുതല്‍ വൈകുന്നേരം വരെ കോടതിയില്‍ നിന്ന പിപി ചിത്തരഞ്ജന്‍ 1600 രൂപ പിഴയും അടച്ചു. തിരുവനന്തപുരത്ത് ഗതാഗത തടമുണ്ടാക്കി വഴി തടഞ്ഞ കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് ശിക്ഷ വിധിച്ചത്.



◾  കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താന്‍ 50 സ്‌കൂളുകളില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കും. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണിത്.

◾  പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ ഡ്രൈവര്‍ ശ്യാംരാജിന് ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്. കാറിന്റെ വായ്പാ കുടിശിക അഞ്ചു ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുത്. തകര്‍ന്ന കാര്‍ വര്‍ക്ക് ഷോപ്പിലാണ്. പണിക്കൂലിയായ ഒന്നേമുക്കാല്‍ ലക്ഷം രൂപ അടച്ചാലേ കാര്‍ പുറത്തിറക്കാനാവൂ. സിഐടിയു ഓട്ടോ ടാക്സി യൂണിയന്‍ യൂണിറ്റ് പ്രസിഡന്റായ ശ്രീകാര്യം സ്വദേശി ശ്യാംരാജിനെ സഹായിക്കുമെന്ന് സിപിഎം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ശ്യാംരാജ് ഇപ്പോള്‍ പെയിന്റു പണിക്കു പോയാണ് ജീവിക്കുന്നത്.

◾  താരസംഘടനയായ അമ്മയില്‍ നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജി എന്നാണ് വിശദീകരണം. ഒരു ദശാബ്ദമായി പല ആവശ്യങ്ങള്‍ക്കായി പോരാടിയെന്നും ഫലമുണ്ടായില്ലെന്നും കുറിപ്പില്‍ പറയുന്നു.

◾  നടി അന്‍സിബാ ഹസന്റെ പരാതിയില്‍ ഒടുവില്‍ കേസെടുത്ത് പോലീസ്. നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ ഹില്‍പാലസ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തെളിവില്ലെന്ന് ആരോപിച്ച് കേസെടുക്കാതിരുന്ന പോലീസ് കോടതി ഉത്തരവനുസരിച്ചാണു കേസെടുത്തത്.

◾  മുന്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ഫയല്‍ ചെയ്ത മാനനഷ്ട കേസില്‍ തര്‍ക്കമുണ്ടെങ്കില്‍ ഉടന്‍ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡിസതീശനോട് തിരുവനന്തപുരം സബ് കോടതി. ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. കോടതി നോട്ടീസ് നല്‍കി 90 ദിവസമായിട്ടും വി ഡി സതീശന്‍ തര്‍ക്കം ബോധിപ്പിച്ചില്ല.


◾  വയനാട് ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കാമെന്നു വാഗ്ദാനം ചെയ്ത വീടുകളില്‍ പതിനെട്ടെണ്ണത്തിന് നിര്‍മാണാനുമതി ലഭിച്ചെന്ന് മന്ത്രി ടി സിദ്ദിഖ്. ബാക്കിയുള്ളതിന്റെ അനുമതിക്കു ശ്രമിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

◾  പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പുതിയ നിയമം അങ്ങേയറ്റം ദോഷകരമാണ് എന്നതിന്റെ തെളിവാണ് കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടലെന്ന് പിണറായി കത്തില്‍ ചൂണ്ടിക്കാട്ടി.

◾  കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടായ കോറോഹെല്‍ത്തിലെ തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ച വരെ ഓഫീസില്‍ കയറാമെന്ന് തൊഴില്‍വകുപ്പ് ഇടപെട്ടു തീരുമാനമായി. ജീവനക്കാര്‍ക്കു ഭക്ഷണം അടക്കമുള്ള കാര്യങ്ങള്‍ക്ക് മുടക്കം ഉണ്ടാകില്ല. പത്താം തീയതി കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും.

◾  വിരമിച്ചതിന് ശേഷവും സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. താമരശ്ശേരി സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഈ മാസം 31 നുള്ളില്‍ മറുപടി നല്‍കാനാണു നിര്‍ദ്ദേശം. ഈ കുറ്റത്തിന് നേരത്തെ വാഹന വകുപ്പ് 250 രൂപ പിഴ ഈടാക്കിയിരുന്നു.

◾  ഓണക്കാലത്ത് കേരളത്തിന് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നൂറിലേറെ സര്‍വീസുകള്‍ അനുവദിച്ചതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. റൂട്ടുകള്‍ ഉടന്‍ നിശ്ചയിക്കും.

◾  പത്തനംതിട്ടയിലെ 13കാരിയുടെ വ്യാജ പീഡന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണം ഉന്നയിച്ച യുവാവ് ആശുപത്രിയില്‍. ഹൃദ്രോഗിയായ യുവാവ് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. 20 കാരനായ യുവാവ് നിലവില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

◾  മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ കയറി മോഷണ ശ്രമം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് കായക്കൊടി സ്വദേശി മാങ്ങിലേരിപാറമ്മേല്‍ എം പി അജ്മലി (40) നെയാണ് നാദാപുരത്തുനിന്ന് പിടികൂടിയത്.

◾  പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. കാരാട് സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരികോളിലാണ് സംഭവം. ലൈന്‍ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.

◾  കായംകുളം കായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആറാട്ടുപുഴ രാമഞ്ചേരി പൊഴിയ്ക്കല്‍ വീട്ടില്‍ പ്രസാദ്- ശോഭന ദമ്പതികളുടെ മകന്‍ പ്രവീണ്‍ (31) ആണ് മരിച്ചത്.

◾  സ്പായില്‍ കയറി ഗുണ്ടാ പിരിവും സ്ത്രീകള്‍ക്കു നേരെ അതിക്രമവും നടത്തിയ ഗുണ്ടാനേതാവ് മരട് അനീഷ് നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയില്‍.

◾  അരൂരില്‍ സ്വകാര്യ സ്‌കൂളിന്റെ മതിലിടിഞ്ഞുവീണ് സമീപത്തെ താമസക്കാരായ വയോധിക ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. അരൂര്‍ അവര്‍ ലേഡി ഓഫ് മേഴ്സി സ്‌കൂളിന്റെ 30 മീറ്ററോളം മതിലാണ് ഇടിഞ്ഞുവീണത്. സ്‌കൂളിന്റെ അയല്‍ വീട്ടിലെ താമസക്കാരായ ഓടിക്കംപറമ്പില്‍ ദാസന്‍, ഭാര്യ ശോഭ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

◾  അയോധ്യ രാമക്ഷേത്രത്തിന്റെ ഉടമകളായ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് ചീഫ് എ്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. സിഇഒയെ തെരഞ്ഞെടുക്കാന്‍ റിട്ട. ജസ്റ്റിസ് പ്രമോദ് കോഹ്ലി അധ്യക്ഷനായി മൂന്നംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു. ഇതേസമയം, ട്രസ്റ്റിന്റെ താത്കാലിക ജനറല്‍ സെക്രട്ടറിയായി കൃഷ്ണ മോഹനെ നിയമിച്ചു. സംഭാവനക്കൊളളയില്‍ കുറ്റാരോപിതനായ ചമ്പത് റായ് സെക്രട്ടറി പദവി രാജിവച്ച ഒഴിവിലാണു താത്കാലിക നിയമനം.

◾  അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസില്‍ ജീവനക്കാരില്‍നിന്ന് 78.94 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സിസിടിവിയില്‍നിന്ന് സംശയാസ്പദമായ 70 ദൃശ്യങ്ങള്‍ കണ്ടെത്തി. പണം എണ്ണുന്ന ജീവനക്കാര്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിക്കുന്ന ദൃശ്യമടക്കം ഇക്കൂട്ടത്തിലുണ്ട്. സംഭാവന എണ്ണുന്ന സ്ഥലത്തിനരികിലെ പ്രവേശന കവാടങ്ങളില്‍ പരിശോധനയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന് 2020 മുതല്‍ ഇതുവരെ ലഭിച്ച വരുമാനം 3,264 കോടി രൂപ. ഇതില്‍ 2,370 കോടി രൂപ ക്ഷേത്ര നിര്‍മാണത്തിനും മറ്റുമായി വിനിയോഗിച്ചു. 2026 മാര്‍ച്ച് 31 വരെ ഭക്തരില്‍ നിന്ന് 582 കോടി രൂപയാണ് വഴിപാടായി ലഭിച്ചത്. ഇതില്‍ 391 കോടി രൂപ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  അയോധ്യ ക്ഷേത്ര ട്രസ്റ്റിലെ സംഭാവനക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈകോടതി തളളി.

◾  കനത്ത മഴയെ തുടര്‍ന്ന് മുംബൈ മഹാനഗരം വെള്ളത്തില്‍ മുങ്ങി. മുംബൈ അടക്കമുള്ള അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുണെ-മുംബൈ എക്സ്പ്രസ് വേയും പ്രധാന ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളും പൂര്‍ണ്ണമായി തടസ്സപ്പെട്ടു.

◾  ഉത്തര്‍പ്രദേശിലെ ജലാലാബാദ് നഗരത്തിന്റെ പേര് പരശുരാംപുരി എന്നാക്കി മാറ്റി. മന്ത്രിസഭാ യോഗമാണ് പേരുമാറ്റത്തിന് അംഗീകാരം നല്‍കിയത്.

◾  മണിപ്പുരിലെ ഉഖ്രുലില്‍ അസം റൈഫിള്‍സ് ജവാന്‍മാരുടെ വാഹനവ്യൂഹം ലക്ഷ്യമിട്ട് ആക്രമണം. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. നിരവധി ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. നാഗാ വിഘടനവാദി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

◾  പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊടുംഭീകരനും പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യക്കെതിരേ യുദ്ധം ചെയ്തു, വിദേശത്തിരുന്ന് രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പഹല്‍ഗാം കേസില്‍ എന്‍ഐഎ അധിക കുറ്റപത്രം സമര്‍പ്പിച്ചത്.

◾  ഇറാന്റെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ലക്ഷങ്ങള്‍ അണിനിരന്ന വിലാപയാത്ര നയിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കി കൂറ്റന്‍ ബാനറുകള്‍ നിരന്നു. 'ട്രംപിനെ കൊല്ലും', 'ട്രംപിനെ വധിക്കുക' എന്നിങ്ങനെ എഴുതിയ ബാനറുകളും  ട്രംപിന്റെ തലയ്ക്ക് 100 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിക്കുന്ന ബാനറുകളും ഉണ്ടായിരുന്നു. നാളെ ഇമാം റിസ പുണ്യ കേന്ദ്രത്തിലാണ് സംസ്‌കാരം.

◾  ശ്രീലങ്കയിലെ നെഗോമ്പോ ജയിലില്‍ രണ്ട് മയക്കുമരുന്ന് സംഘങ്ങളിലെ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ആരംഭിച്ച അക്രമസംഭവങ്ങള്‍ തിങ്കളാഴ്ചയും തുടര്‍ന്നു. രാത്രി മുഴുവന്‍ ഏറ്റുമുട്ടുകയായിരുന്നു.

◾  ഗാസയിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട ഹമാസ് പലസ്തീനിയന്‍ സമിതിക്ക് അധികാരം കൈമാറും. ടെക്നോക്രാറ്റുകള്‍ അടങ്ങുന്നതാണ് ഈ സമിതി. ട്രംപിന്റെ സമാധാന പദ്ധതി അനുസരിച്ചാണ് നടപടി. അതേസമയം, മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും തുടരും. സുരക്ഷയും ക്രമസമാധാനവും ഹമാസ് നിയന്ത്രിക്കും.

◾  ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാനുമായി ഒന്നുകില്‍ ഒരു കരാറിലെത്തുമെന്നും അല്ലെങ്കില്‍ ഈ പണി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

◾  യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കുന്നതിനിടെ പാക് വ്യോമസേന ഉദ്യോഗസ്ഥന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ വ്യോമസേന ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഗ്രൂപ്പ് ക്യാപ്റ്റനായ അസിം താരീഖ് ആണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ അതീവ സുരക്ഷാമേഖലയായ ഇസ്ലാമാബാദിലെ വ്യോമസേന ആസ്ഥാനത്തിന് സമീപത്തുള്ള ഷഹീന്‍ ചൗക്കിലാണ് സംഭവം.

◾  ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ്  തീരത്ത് അടിഞ്ഞ വിചിത്രമായ ലോഹ ഗോളങ്ങളുടെ ഉറവിടം കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ സ്‌പേസ് ഏജന്‍സി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ച ഒരു വിദേശ റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് ബഹിരാകാശ ഏജന്‍സി പറയുന്നത്.

◾  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ ഒന്നര മണിക്കൂര്‍ ഫോണ്‍ സംഭാഷണം. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷിക ദിനത്തില്‍ ആശംസയര്‍പ്പിച്ചുകൊണ്ടായിരുന്ന സംഭാഷണം തുടങ്ങിയത്.

◾  വെനിസ്വേല ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ, ബഹുനില മന്ദിരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും 12-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കന്‍ ലാ ഗൈ്വറയിലെ പത്തുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 32 മണിക്കൂറോളമാണ് ഫാബിയാന എന്ന പെണ്‍കുട്ടി മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞത്. കെട്ടിടത്തിലുണ്ടായിരുന്ന അമ്പതോളം താമസക്കാരില്‍ ഫാബിയാന ഉള്‍പ്പെടെ വെറും മൂന്ന് പേര്‍ മാത്രമാണ് ജീവനോടെ പുറത്തെത്തിയത്. ഭൂകമ്പത്തില്‍ രാജ്യത്തുടനീളം 3,342 പേരാണു മരിച്ചത്.

◾  ആളുകള്‍ വരും, പോകും, പക്ഷേ, ബന്ധങ്ങള്‍ നിലനില്‍ക്കണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഗുണദോഷിച്ച് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗുയ്ഡോ ക്രോസെറ്റോ. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്കു തന്നോടു പ്രണയമാണെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപിനു നല്‍കിയതാണ് ഈ പ്രതികരണം.

◾  സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടെ ഏഴ് പ്രമുഖ ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സംയുക്തമായി തീരുമാനിച്ചു. ഓഗസ്റ്റ് മുതല്‍ പ്രതിദിനം 1.88 ലക്ഷം ബാരല്‍ അധികമായി ഉല്‍പ്പാദിപ്പിച്ച്, നിലവിലെ ഉല്‍പ്പാദന നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് ലക്ഷ്യമിടുന്നത്.  

◾  ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തതിന് ഇന്ത്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇന്ത്യയിലെ ഇറാന്‍ എംബസി നന്ദി അറിയിച്ചു. ഇന്ത്യയുടെ ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഇറാന്‍ വ്യക്തമാക്കി.  

◾  അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈല്‍ പസഫിക് സമുദ്രത്തില്‍ പരീക്ഷിച്ച് ചൈന. ഈ നീക്കം മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അയല്‍രാജ്യങ്ങളായ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും രംഗത്തെത്തി.

◾  ചൈനയുടെ വര്‍ധിച്ചുവരുന്ന ആക്രമണ ഭീഷണി കണക്കിലെടുത്ത് 25 വര്‍ഷത്തിന് ശേഷം തായ്വാന്‍ ബിരുദ ക്ലാസുകളില്‍ 'കമ്മ്യൂണിസ്റ്റ് വിരുദ്ധ ദേശസ്നേഹ' ക്ലാസുകള്‍ പുനരാരംഭിച്ചു. 'എന്തുകൊണ്ട്, ആര്‍ക്ക് വേണ്ടി പോരാടുന്നു' എന്ന് പുതിയ തലമുറയെ പഠിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

◾  എതിരില്ലാത്ത ഒരു ഗോളിന് സ്‌പെയ്‌നിനോട് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍നിന്നു പുറത്ത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ കണ്ണീരോടെയാണു പോര്‍ച്ചുഗലിന്റെ തകര്‍ച്ച കണ്ടത്. പകരക്കാരനായി ഇറങ്ങിയ മികേല്‍ മെറീനോ ഇഞ്ചുറി സമയത്ത് 91 ാം മിനിറ്റില്‍ നേടിയ ഗോളാണ് സ്‌പെയ്‌നിനെ ക്വാര്‍ട്ടറിലെത്തിച്ചത്. ഈ ഗോള്‍ റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ലോകകപ്പ് പ്രതീക്ഷകളെ തകര്‍ത്തു. ഇരുപക്ഷവും ഇഞ്ചോടിഞ്ചു പൊരുതിയെങ്കിലും രണ്ടു ഗോള്‍ കീപ്പര്‍മാരും തകര്‍പ്പന്‍ സേവുകളാണ് കാഴ്ചവച്ചത്.

◾  ട്വന്റി 20 ലോകകപ്പ് നേടിയ ടീമിലെ നിര്‍ണായക താരമായ സഞ്ജു സാംസണെ സിംബാബ്വെ പര്യടനത്തില്‍ നിന്ന് ഒഴിവാക്കി. വിശ്രമം വേണമെന്നാണ് ബിസിസിഐയുടെ  വിശദീകരണം. സഞ്ജുവിന് പകരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കൗമാര താരം വൈഭവ് സൂര്യവംശിയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

◾  അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് യു.പി.ഐ.യെ ശക്തമാക്കാന്‍ നടപടികളുമായി എന്‍.പി.സി.ഐ. ഇതിന്റെ ഭാഗമായി യു.പി.ഐ. വഴി വിദേശത്തേക്കുള്ള തത്സമയ വിദേശ വിനിമയ ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിന് എച്ച്.എസ്.ബി.സി. ഇന്ത്യ, ജെ.പി. മോര്‍ഗന്‍ പേമെന്റ്സ് എന്നിവയുമായി ധാരണയിലെത്തി. ഇന്ത്യക്കു പുറത്തേക്ക് വിദേശ കറന്‍സിയില്‍ വിനിമയം നടത്തുമ്പോള്‍ തത്സമയ വിനിമയമൂല്യമനുസരിച്ച് വേഗത്തില്‍ സുതാര്യമായി ഇടപാടു പൂര്‍ത്തിയാകാനാകുമെന്നതാണ് ഇതിന്റെ നേട്ടം. അതുകൊണ്ടുതന്നെ ഇടപാടു പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ രൂപയില്‍ എത്ര തുക അവിടെ ലഭിക്കുമെന്ന് ഉപഭോക്താവിന് നേരത്തേതന്നെ അറിയാനാകും. അന്താരാഷ്ട്ര വ്യാപാരികള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അവരുടെ പ്രാദേശിക കറന്‍സിയില്‍തന്നെ പണം ലഭിക്കുകയും ചെയ്യും. ഈ ധാരണയിലൂടെ 24 മണിക്കൂറും ഇടപാടുകള്‍ നടത്താനും അവസരമൊരുങ്ങും. പുതുതായി ഗ്രീസില്‍ യു.പി.ഐ. സേവനം ലഭ്യമായി തുടങ്ങി. ഇതോടെ യു.പി.ഐ. ലഭ്യമാകുന്ന വിദേശ രാജ്യങ്ങളുടെ എണ്ണം പത്തായി.

◾  നിര്‍മിതബുദ്ധിയുടെ ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കി ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ടെസ്ല. ആഴ്ചയില്‍ 200 ഡോളറില്‍ക്കൂടുതല്‍ എഐ ടൂളുകള്‍ക്ക് വേണ്ടി ചെലവഴിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ജൂലായ് ആറ് മുതല്‍ ഈ നിര്‍ദേശം പാലിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. എഐ ടൂളുകളില്‍ 200 ഡോളറിനു മുകളില്‍ ചെലവഴിക്കണമെങ്കില്‍ ജീവനക്കാര്‍ പ്രത്യേക അനുമതി തേടേണ്ടിവരും. മാസങ്ങള്‍ക്ക് മുന്‍പ് എഐ പരമാവധി ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയ കമ്പനിയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുള്ളത്. ആയിരക്കണക്കിന് ഡോളറാണ് ടെസ്ലയിലെ സോഫറ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ ഒരോ ആഴ്ചയിലും എഐ ടൂളുകളില്‍ ചെലവഴിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. എഐ ഉപയോഗത്തിന്റെ ചെലവ് കുത്തനെ ഉയര്‍ന്നതാകാം നിലപാട് മാറ്റത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

◾  സംവിധായകനായി കരിയര്‍ ആരംഭിച്ച്, പിന്നീട് നായകനായി ഇപ്പോഴിതാ നിര്‍മാതാവിന്റെ മേഖലയിലേക്കും കടക്കുകയാണ് പ്രദീപ് രംഗനാഥന്‍. പിആര്‍ ഷോ എന്ന പേരില്‍ ആരംഭിച്ച നിര്‍മാണക്കമ്പനിയുടെ ആദ്യ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം മമിത ബൈജുവാണ്. പ്രദീപിന്റെ ഒടുവിലിറങ്ങിയ ചിത്രത്തിലെ നായികയായിരുന്നു മമിത. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും 'പിആര്‍എസ് 1' എന്നാണ് അനൗണ്‍സ്‌മെന്റ് വിഡിയോ നല്‍കുന്ന സൂചന. സ്വാസിക, അശ്വന്ത് മാരിമുത്തു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ അനാമകി മഹി എന്ന പുതുമുഖവും അരങ്ങേറുന്നുണ്ട്. തെലുങ്ക് താരം ശിവാജി സൊന്‍ടിനേനിയും പ്രധാന വേഷത്തിലെത്തുന്നു. ഒന്നല്ല, ആറ് പേര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ആല്‍ഫ യൂണിറ്റ് എന്നാണ് സംവിധായകരുടെ ടീമിനെ വിശേഷിപ്പിക്കുന്നത്.

◾  അഥര്‍വ നായകനായെത്തുന്ന റൊമാന്റിക് എന്റര്‍ടെയ്നര്‍ 'ഇദയം മുരളി' ട്രെയിലര്‍ എത്തി. കയാദു ലോഹര്‍, പ്രീതി മുകുന്ദന്‍ എന്നിവര്‍ നായികമാരാകുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തുന്നു. നാട്ടി, നിഹാരിക, തമന്‍, പ്രഗ്യ നഗ്ര, ഗായിക ജോനിത എന്നിവര്‍ അഭിനയിക്കുന്നു. ആകാശ് ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും. 22 വര്‍ഷത്തിനു ശേഷം തമന്‍ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. തമന്‍ തന്നെയാണ് സംഗീതം. ഛായാഗ്രഹണം മനോജ് പരമഹംസ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്. അഥര്‍വയുടെ അച്ഛനും നടനുമായ മുരളിക്ക് ആദര സൂചകയാണ് സിനിമയ്ക്ക് 'ഇദയം മുരളി' എന്ന പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഇദയ എന്ന കഥാപാത്രമായി അഥര്‍വ എത്തുന്നു. ചിത്രം ജൂലൈ 10ന് തിയറ്ററുകളിലെത്തും.

◾  പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ അവരുടെ 450എക്‌സ് സ്‌കൂട്ടറിനായി മൂന്ന് പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു. ഓവര്‍ടോണ്‍ സീരീസിന്റെ ഭാഗമായാണ് വാഹനത്തിന് പുതിയ നിറങ്ങള്‍ കൊണ്ടുവന്നത്. ഇതോടൊപ്പം സ്‌കൂട്ടറില്‍ ഇപ്പോള്‍ 900വാട്ട് ചാര്‍ജര്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഇത് ചാര്‍ജിങ് സമയം 30 ശതമാനം വരെ കുറയ്ക്കും. സ്റ്റില്‍ വൈറ്റ് ഷേഡില്‍ സ്‌കൂട്ടറിന് മൊത്തത്തില്‍ ഒരു വൈറ്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. ഇതിന് ഭംഗി കൂട്ടാനായി ഡാര്‍ക്ക് ഗ്രേ, ഗ്രീന്‍ ഗ്രാഫിക്‌സുകളും കൊടുത്തിട്ടുണ്ട്. സ്‌പേസ് ഗ്രേ ലളിതവും ശാന്തവുമായ ഷേഡാണിത്. ഡാര്‍ക്ക് ഗ്രേ ഫിനിഷും ബ്ലാക്ക് ഗ്രാഫിക്‌സുമാണ് ഇതിലുള്ളത്. ഇതില്‍ റെഡ് ആക്‌സന്റുകള്‍ നല്‍കിയിട്ടുണ്ട്. ലൂണാര്‍ ഗ്രേ ഷേഡിലെ യെല്ലോ ഗ്രാഫിക്‌സും അതിനോട് ചേരുന്ന സീറ്റ് ഹിഞ്ചും സ്‌കൂട്ടറിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഈ പുതിയ നിറങ്ങള്‍ കൂടി വന്നതോടെ, സ്‌കൂട്ടറിന്റെ വില 1.57 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതല്‍ ആരംഭിക്കുന്നു.

◾  പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്. സര്‍ വില്യം ടെംപിള്‍ എന്ന ധനികന്‍ എസ്റ്റേറ്റില്‍ ഉദ്യാനം നിര്‍മിക്കുന്നതിനായി ചൈനയില്‍ നിന്ന് ലിയു യുവാന്‍ എന്ന പതിനാലുകാരനെ കൊണ്ടുവരുന്നു. പ്രായത്തെ വെല്ലുന്ന ബുദ്ധിയും വിവേകവുമുള്ള ആ ബാലന്‍ സകലരെയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഉദ്യാന നിര്‍മാണത്തിലെ ഘട്ടങ്ങളോരോന്നും പൂര്‍ത്തിയാക്കുന്നു. അതിശയിപ്പിക്കുന്ന വേഗമായിരുന്നു അവന്. ഉദ്യാനനിര്‍മാണത്തിനൊടുവില്‍ അവന്‍ അവശേഷിപ്പിച്ചുപോകുന്ന ഒരു സമസ്യയുടെ ഉത്തരം തേടി സര്‍ ടെംപിളും അദ്ദേഹത്തിന്റെ അനുചരനായ ജൊനാഥന്‍ സ്വിഫ്റ്റും നടത്തുന്ന അനുമാനങ്ങളുടെ യാത്ര. 'ക്രിസാന്തമോദ്യാനത്തിലെ അപരന്‍'. ബിനുരാജ് ആര്‍.എസ്. മനോരമ ബുക്സ്. വില 275 രൂപ.

◾  ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ആദ്യ 15 മിനിറ്റ് രക്തത്തിലെ ഗ്ലൂക്കോസ് ഉയരാനും ദഹന പ്രക്രിയകള്‍ സജീവമാവുകയും മെറ്റബോളിസം ഉള്‍പ്പെടുന്ന ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന സമയമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം 10-15 മിനിറ്റ് വരെ പതുക്കെ നടക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും മാത്രമല്ല, ആരോഗ്യമുള്ളവര്‍ക്കും ഈ ചെറിയ ശീലം വളരെ ഗുണകരമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം അഞ്ച് മുതല്‍ 15 മിനിറ്റിനുള്ളില്‍ നടക്കുന്നതാണ് കൂടുതല്‍ ഗുണകരം. വീടിനുള്ളിലോ വീട്ടുമുറ്റത്തോ 10-15 മിനിറ്റ് പതുക്കെ മിതമായ വേഗത്തില്‍ നടക്കാം. രാത്രി ഭക്ഷണത്തിന് ശേഷവും ഈ ശീലം നല്ലതാണ്. ദഹന സമയത്ത് ശരീരനിലയും ഒരു പങ്കു വഹിക്കുന്നു. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗമുള്ള വ്യക്തികളില്‍. ഭക്ഷണത്തിന് ശേഷം അമിതമായി വെള്ളം കുടിക്കുന്നത് അനാവശ്യമാണെങ്കിലും, ജലാംശം പ്രധാനമാണ്. ദഹന പ്രക്രിയകളെ ബാധിക്കാതെ മിതമായ അളവില്‍ വെള്ളം കുടിക്കുന്നത് സാധാരണ ദഹന നന്നാക്കാനും ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒച്ചിനെ കാട്ടിലെ ഓട്ടക്കാരായ മുയലും, അണ്ണാനും, നായക്കുട്ടിയും ഒരു ഓട്ടമത്സരത്തിലേക്ക് ക്ഷണിച്ചു. 'ഞാന്‍ അവസാനമെത്താനാണ് 99 ശതമാനം സാധ്യത...' എന്ന് അറിഞ്ഞിട്ടും ഒച്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. അതിനായി അത് കൂടുതല്‍ കഠിനാധ്വാനം ചെയ്തു. നേരത്തെ എഴുന്നേറ്റു.   പരിശീലിച്ചു...  വിയര്‍ത്തു...  വീണ്ടും വീണ്ടും ശ്രമിച്ചു... ഒടുവില്‍ മത്സരദിനം എത്തി. പ്രതീക്ഷിച്ചതുപോലെ, ഒച്ച് അവസാനമായാണ് ഫിനിഷ് ചെയ്തത്. പക്ഷേ അത് നിരാശപ്പെട്ടില്ല. 'ഇനിയും എനിക്ക് കഴിവുകള്‍ വേണം...' എന്ന് കരുതി വീണ്ടും പഠിക്കാന്‍ തുടങ്ങി. വീണ്ടും പരിശീലനം... വീണ്ടും പരിശ്രമം... വീണ്ടും മെച്ചപ്പെടല്‍... അടുത്ത മത്സരത്തിലും അത് പങ്കെടുത്തു. എന്നാല്‍, ഫലം മാറിയില്ല. അപ്പോഴും അവസാനമായിരുന്നു. വീണ്ടും മറ്റൊരു മത്സരദിനം നിശ്ചയിച്ചു. ആ ദിവസം കനത്ത മഴ പെയ്തു. ട്രാക്ക് മുഴുവന്‍ നനഞ്ഞു. വഴുക്കലായി. ഓടാന്‍ വളരെ ദുഷ്‌കരമായി. മുയലിന്റെ വേഗത കുറഞ്ഞു. അണ്ണാന്‍ വഴുതി വീണു. നായക്കുട്ടി സാഹചര്യം കണ്ട് ഓടാന്‍ മടിച്ചു. എന്നാല്‍... ഒച്ച് പതിയെ... പതിയെ... തന്റെ യാത്ര തുടര്‍ന്നു. അങ്ങനെ, എല്ലാവരെയും മറികടന്ന് ഫിനിഷിങ് പോയിന്റില്‍ ആദ്യം എത്തിയത് ഒച്ചായിരുന്നു  ഈ കഥ പറയുന്നത് ഒരു വലിയ സത്യമാണ്. കഠിനാധ്വാനം പ്രധാനമാണ്.  കഴിവ് പ്രധാനമാണ്. പഠനവും പരിശീലനവും പ്രധാനമാണ്. പക്ഷേ, അതിനേക്കാളും പ്രധാനമാണ് - നമ്മള്‍ നില്‍ക്കുന്ന ഇടം.  തെറ്റായ സാഹചര്യങ്ങള്‍ പലപ്പോഴും നമ്മുടെ കഴിവുകളെ പോലും സംശയിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. എന്നാല്‍, നമ്മുടെ കഴിവുകള്‍ക്ക് യോജിച്ച ശരിയായ വേദി കണ്ടെത്താനായാല്‍, അതേ മനുഷ്യന്‍ ആത്മവിശ്വാസത്തോടെ ഉയര്‍ന്നുയരും... വിജയവും കൈവരും. അതുകൊണ്ട്... സ്വയം ചെറുതാണെന്ന് ഒരിക്കലും കരുതരുത്. ഒരുപക്ഷേ, നിങ്ങള്‍ക്ക് വേണ്ടത് കൂടുതല്‍ കഴിവല്ല... നിങ്ങള്‍ക്ക് ചേരുന്ന ശരിയായ ഇടമായിരിക്കാം - ശുഭദിനം.