താമരശ്ശേരിയിൽ പൂർണ്ണനഗ്നനായി മുഖം മൂടി അജ്ഞാതൻ: വീടുകളിൽ ബെല്ലടിച്ച് ഭീതി പടർത്തുന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

താമരശ്ശേരി:  ഇന്ന് പുലർച്ചെ താമരശ്ശേരി വെഴുപ്പൂർ ഒതയോത്ത് ഭാഗത്തുള്ള വീടുകളുടെ മുറ്റത്താണ് പൂർണ്ണനഗ്നനായി മുഖം മറച്ച നിലയിൽ അജ്ഞാതൻ എത്തിയത്. വീടുകളിലെ കോളിങ് ബെല്ലടിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

​സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള പ്രദേശത്താണ് പോലീസ് മൂക്കിന് താഴെ ഈ വിചിത്ര സംഭവം നടന്നിരിക്കുന്നത് എന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

​രാത്രി സമയങ്ങളിൽ കോളിങ് ബെല്ലോ മറ്റ് ശബ്ദങ്ങളോ കേട്ടാൽ ആരാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാതിൽ തുറക്കുക എന്നും, അയൽവാസികളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

തുടർക്കഥയായി അപരിചിതരുടെ ശല്യം

​താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് കാരാടിയിൽ വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന വിദ്യാർത്ഥിനിയുടെ മുഖത്ത് അജ്ഞാതൻ ശുചിമുറി മാലിന്യം പുരട്ടി കടന്നുകളഞ്ഞിരുന്നു.

​മേഖലയിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതിയെ ഉടൻ വലയിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.