ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും കലാപ്രതിഭകൾക്കും ആദരം
കട്ടിപ്പാറ : അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും ആദരിക്കുന്ന ചടങ്ങ് അംബേദ്കർ സാംസ്‌കാരിക നിലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ പി.കെ. ഫിറോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, കല, തൊഴിൽ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുന്ന യുവതലമുറ സമൂഹത്തിന് മാതൃകയാണെന്നും ഇത്തരത്തിലുള്ള അനുമോദനങ്ങൾ കൂടുതൽ നേട്ടങ്ങളിലേക്ക് അവരെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചമൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, 'വാഴ 2' സിനിമയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ബാലതാരങ്ങളായ അനന്ദു, അഭിമന്യു, കോഴിക്കോട് മോട്ടോർ വെഹിക്കിൾ വകുപ്പിൽ എൽ.ഡി. ക്ലർക്കായി നിയമനം ലഭിച്ച വിവേക് കെ. പി. എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
അംബേദ്കർ സാംസ്‌കാരിക നിലയം പ്രസിഡന്റ് കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ജിൻസി തോമസ്, വാർഡ് മെമ്പർമാരായ ശ്രീജില ശ്രീജിത്ത്, കെ.സി. ലെനിൻ, സൗമ്യ പ്രജീഷ്, സലാം മണക്കടവൻ, അബൂബക്കർക്കുട്ടി, ടി.സി. വാസു, ജോബിഷ് പി.കെ., ശീലത വിജയൻ, രാജൻ കെ.പി., ഗോകുൽ ചമൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ വിദ്യാർഥികൾക്കും മറ്റ് ആദരിക്കപ്പെട്ട പ്രതിഭകൾക്കും ഉപഹാരങ്ങളും മൊമെന്റോകളും സമ്മാനിച്ച് അനുമോദിച്ചു.
