പ്രഭാത വാർത്തകൾ

2026  ജൂലൈ 14, ചൊവ്വ 
1201  മിഥുനം 30, പുണര്‍തം
1448  മുഹർറം 28

◾  കിഫ്ബി അഴിച്ചുപണിക്കായി സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധ സമിതിക്കു രൂപം നല്‍കി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയാണു വിദഗ്ധ സമിതിയുടെ ചെയര്‍പേഴ്സണ്‍. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളില്‍ പരിശോധന നടക്കും.

◾  ലോക കപ്പ് ഫൈനലിലേക്ക് ഫ്രാന്‍സോ, സ്പെയിനോ? ഫ്രാന്‍സ്- സ്പെയിന്‍ സെമി ഫൈനല്‍ ഇന്നു രാത്രി പന്ത്രണ്ടരയ്ക്ക്. നാളെ രാത്രിപന്ത്രണ്ടരയ്ക്കാണ് അര്‍ജന്റീനയും ഇംഗ്ളണ്ടും തമ്മിലുള്ള സെമി ഫൈനല്‍. ലൂസേഴ്‌സ് ഫൈനല്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30 നാണ്. ഫൈനല്‍ ഞായറാഴ്ച വൈകീട്ട് 12.30 നും.

◾  നിയമനത്തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമേധാവി ഐജി അജിത ബീഗം പിഎസ്സി ആസ്ഥാനത്തെത്തി  ഒരു മണിക്കൂറോളം ചെയര്‍മാന്‍ എംആര്‍ ബൈജുവുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണരീതിയും ആവശ്യമായ രേഖകളെ കുറിച്ചും ഐജി സംസാരിച്ചതായാണ് വിവരം. ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്സി തീരുമാനിച്ചിരുന്നു.



◾  ഇന്ത്യന്‍ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്നു യാത്രതിരിക്കും. കസാക്കിസ്ഥാനിലെ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സോയുസ് എംഎസ് 29 പേടകത്തിലാണ് ഇന്നു രാത്രി 8.17 നു യാത്രതിരിക്കുക. ബുധനാഴ്ച പുലര്‍ച്ചെ ബഹിരാകാശ നിലയത്തിലെത്തും. എട്ടു മാസം അവിടെ തങ്ങും. അനില്‍മേനോന്റെ പിതാവ് ശങ്കരമേനോന്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്.

◾  തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കാപ്പാ കേസില്‍ തടവില്‍ കഴിയുന്ന സുഗതന്‍ ഇന്നു രാവിലെ 11 നു വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യും. ഇതിനു സൗകര്യമൊരുക്കണമെന്നു കോടതി നിര്‍ദേശം നല്‍കി. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

◾  മണ്ണാര്‍ക്കാട് നഗരസഭയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച ചടങ്ങില്‍ കുട്ടികള്‍ക്കു മാനസിക പ്രയാസം ഉണ്ടാകുന്ന തരത്തില്‍ പെരുമാറിയ മുന്‍മന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടികളോട് അക്ഷരം അറിയില്ലേ എന്നു ചോദിക്കുന്നതും മേല്‍വിലാസം തെറ്റിച്ച കുട്ടിയെ സ്റ്റേജില്‍ വിളിച്ച് വരുത്തി ചെവിയില്‍ നുള്ളുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ സ്വമേധയാ കേസെടുത്തത്.

◾  കുട്ടികളുടെ പഠന നിലവാരം കുറഞ്ഞതിനും വിദ്യാഭ്യാസ തകര്‍ച്ചക്കും 10 വര്‍ഷം ഭരിച്ച ഇടതു സര്‍ക്കാരും മന്ത്രിയായിരുന്ന ജലീലും ഉത്തരവാദിയാണെന്നു വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്‍. നാട്ടുകാരുമായി ബന്ധപ്പെട്ട് പ്രശ്നം അന്വേഷിച്ചു. പരസ്യമായി കുട്ടികളോട് ഇങ്ങിനെ ചെയ്യാന്‍ പാടില്ലായിരുന്നു മന്ത്രി ഷംസുദീന്‍ പറഞ്ഞു.

◾  കുട്ടികളെ കെ ടി ജലീല്‍ അപമാനിച്ചത് തെറ്റെന്ന് മന്ത്രി ബിന്ദു കൃഷ്ണ. തെറ്റ് മനസിലാക്കാന്‍ പോലും ജലീലിന് കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരാതി ഇല്ലെന്ന് പറഞ്ഞത്, അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകുമെന്നും മന്ത്രി.



◾  സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച് ടിക്കറ്റിന്റെ പണം സര്‍ക്കാര്‍ നല്‍കണമെന്നു സ്വകാര്യ ബസുടമകളുടെ സംഘടനാ നേതാക്കള്‍. ഗതാഗത മന്ത്രി സി.പി. ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഡീസല്‍ സബ്സിഡി അനുവദിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. തീരുമാനമായില്ലെങ്കില്‍ സൂചനാ പണിമുടക്കു നടത്താനാണ് ഉടമകളുടെ തീരുമാനം.

◾  ബിജെപി എന്‍എസ്എസിനെതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുകുമാരന്‍ നായര്‍ക്കെതിരേയോ എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിലോ ബിജെപി ഇടപെടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. തന്ത്രിക്കെതിരായ കെഎസ് രാധാകൃഷ്ണന്റെ വിമര്‍ശനം വ്യക്തിപരമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

◾  ഹൈക്കോടതിയില്‍ പുതിയ ദേവസ്വം സ്പെഷ്യല്‍ ജിപിയെ നിയമിച്ച് അഡ്വക്കറ്റ് ജനറല്‍ ഉത്തരവിറക്കി. അഡ്വ കെ. ആര്‍ സുനിലാണ് പുതിയ സ്പെഷല്‍ ജിപി. ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ ജിപി ആക്കിയത് നേരത്തെ വിവാദമായിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് ജിപിയായ കെബി പ്രദീപ് കുമാറിനോട് രാജി ആവശ്യപ്പെട്ടത്.

◾  കേരള സര്‍വ്വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. എകെജി പഠനഗവേഷണ കേന്ദ്രം ഭൂമി കൈയേറിയെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അംഗം ആര്‍എസ് ശശികുമാറാണ് വിഷയം ഉന്നയിച്ചത്. 1977ല്‍ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് സര്‍വ്വകലാശാലയുടെ 15 സെന്റ് ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നല്‍കിയത്. എന്നാല്‍ പഠന കേന്ദ്രം 50 സെന്റിലേറെ ഭൂമി കയ്യേറിയെന്നാണ് പരാതി.

◾  തിരുവനന്തപുരം നഗരത്തിലെ തോടുകളും പാതയോരങ്ങളും മാലിന്യക്കൂമ്പാരമായ സാഹചര്യത്തില്‍, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര മാലിന്യസംസ്‌കരണത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

◾  വിയറ്റ്നാമില്‍ ബോട്ട് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നു രാവിലെ 9ന് തിരുവനന്തപുരത്തെത്തിക്കും. രാവിലെ ആറരയ്ക്ക് മുംബൈയില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി എന്നിവരടക്കം 15 പേരാണ് വിയറ്റ്നാമില്‍ അപകടത്തില്‍ മരിച്ചത്.

◾  ദേശീയപാതയിലെ ആമ്പല്ലൂര്‍ അടിപ്പാതയുടെ പാര്‍ശ്വഭിത്തിയിലെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഇളകിയ നിലയില്‍. തൃശൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ ആമ്പല്ലൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്‍പിലുള്ള പാര്‍ശ്വഭിത്തിയുടെ അടിഭാഗത്തുള്ള കോണ്‍ക്രീറ്റ് ബ്ലോക്കാണ് പുറത്തേക്ക് തള്ളിനില്‍ക്കുന്നത്. മഴ ശക്തമായതോടെ വെള്ളം ബ്ലോക്കുകള്‍ക്കുള്ളിലൂടെയാണ് ഒഴുകുന്നത്. പാലത്തില്‍ ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളക്കമുള്ള അടിഭാഗം ഇടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

◾  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ പരാതി നല്‍കിയെന്ന പ്രചാരണം വ്യാജ വാര്‍ത്തയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തത് ഐക്യകണ്ഠേനയാണ്. കെ കെ രാഗേഷിനെ സെക്രട്ടറിയാക്കിയതിന് എതിരെ നേതൃത്വത്തിന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

◾  താരസംഘടനയായ അമ്മയിലെ അഡ് ഹോക്ക് കമ്മറ്റിക്കെതിരായ ഹര്‍ജിയില്‍ അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതിനെ ശ്വേത മേനോന്‍ എതിര്‍ത്തു. അഡ് ഹോക്ക് കമ്മറ്റിയുടെ പ്രവര്‍ത്തനം വിലക്കിയതിനെതിരെ രമേഷ് പിഷാരടിയും എതിര്‍പ്പ് അറിയിക്കും. ഈ മാസം 27ന് എറണാകുളം മുന്‍സിഫ് കോടതി വാദം കേള്‍ക്കും.

◾  പിഎം ശ്രീ പദ്ധതി നടത്തിപ്പില്‍ നിന്ന് പിന്‍മാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത. കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷിപ്ത താല്‍പര്യം നടപ്പാക്കുമെന്ന ആശങ്ക നിലനില്‍ക്കെ പൊതുതാല്‍പര്യം കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമസ്ത.

◾  കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത സീറ്റ് താന്‍ നിരസിച്ചെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍ വെളിപ്പെടുത്തി. കായംകുളത്ത് മത്സരിച്ചിരുന്നെങ്കില്‍ എക്സൈസ് മന്ത്രിയാകുമായിരുന്നുവന്നു പറഞ്ഞ അദ്ദേഹം, സംസ്ഥാനത്തെ മദ്യനയത്തെയും തെരുവ് നായ ശല്യത്തെയും രൂക്ഷമായി വിമര്‍ശിച്ചു.

◾  പത്തനംതിട്ട അടൂരില്‍ ഭര്‍തൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂര്‍ കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹന(31) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾  ബിഹാറില്‍ പൊലീസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. പൊലീസിലെ വനിതാ ഹോംഗാര്‍ഡായ യുവതിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയെന്നും ബന്ദിയാക്കിയശേഷം പൊലീസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് ആരോപണം. അതേസമയം, തട്ടിക്കൊണ്ടുപോകല്‍ അല്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

◾  സ്ത്രീകള്‍ക്കുളള സാമൂഹിക ക്ഷേമ പദ്ധതിയായ 'ലഡ്കി ബഹന്‍ യോജന'യില്‍ നിന്ന് 92 ലക്ഷത്തിലധികം പേരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒഴിവാക്കി. ഇ-കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഏകദേശം 80 ലക്ഷം പേരെ ഒരു മാസം മുന്‍പ് ഒഴിവാക്കിയതായിരുന്നു. പദ്ധതിയുടെ തുടക്കത്തിലുണ്ടായിരുന്ന 2.4 കോടി ഗുണഭോക്താക്കളില്‍ 38 ശതമാനം പേര്‍ നിലവില്‍ പദ്ധതിക്ക് പുറത്തായി.

◾  നാഗാലാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ ഒരു സൈനികന് വീരമൃത്യു. സംഭവത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. നാഗാലാന്‍ഡിലെ സുഖോവിക്ക് സമീപം ചുമൗക്കേദിമയിലാണ് സ്ഫോടനമുണ്ടായത്.

◾  ഡല്‍ഹി കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ആംആദ്മി നേതാവ് ഉള്‍പ്പെടെ അഞ്ച് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ആംആദ്മി പാര്‍ട്ടിയുടെ മുന്‍ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍, ജാവേദ്, അനസ്, നാസിം, കാസിം എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസില്‍ ആറുപ്രതികളെ കോടതി വെറുതേവിട്ടു.

◾  കര്‍ണാടക പിഎസ്സി ചെയര്‍മാന്‍ ശിവശങ്കരപ്പ എസ്. സഹുകറിനെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തു. ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയിലേക്കുള്ള പിഎസ്സി ലിസ്റ്റില്‍ പെണ്‍മക്കളെ അനധികൃതമായി ഉള്‍പ്പെടുത്തിയതിനാണു നടപടി. കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിടാന്‍ രാഷ്ട്രപതിയോട് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു.

◾  പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം 16-ാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് രാഷ്ട്രീയ പിന്തുണയേറുകയാണ്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനും പ്രതിഷേധക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

◾  നേപ്പാളില്‍ വീണ്ടും ജെന്‍സീ പ്രക്ഷോഭം. പൊലീസ് നടപടിയില്‍ ബൈക്ക് ടാക്സി ഡ്രൈവറായ 25-കാരന്‍ ആത്മഹത്യചെയ്തതും സര്‍ക്കാരിന്റെ ചേരി ഒഴിപ്പിക്കലുമാണ് പുതിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതോടെ നേപ്പാളില്‍ വീണ്ടും യുവാക്കള്‍ തെരുവിലിറങ്ങി.

◾  ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഗോളതലത്തിലുള്ള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ജലപാതയാണിത്.

◾  അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ പരസ്യമായി ലംഘിച്ചെന്നും ഇതോടെ നേരത്തെ ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കില്ലെന്നും ഇറാന്‍. അമേരിക്കന്‍ താവളങ്ങള്‍ക്കുനേരെയുണ്ടായ നടപടികള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും ഇറാന്‍ വ്യക്തമാക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ അപ്രതീക്ഷിത മരണം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ഇറാന്‍ മാധ്യമം. 'ഹംഷഹ്രി' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആഗോള തലത്തില്‍ വന്‍ വിവാദമായി. 'ഗെറ്റ് റെഡി ഫോര്‍ സഡന്‍ ഡെത്ത്' എന്ന തലക്കെട്ടോടെയാണ് ഈ മാധ്യമം വാര്‍ത്തയും ചിത്രവും പുറത്തുവിട്ടത്.

◾  സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തി മേഖലകളില്‍ യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു. യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് സൗദി അറേബ്യ വ്യോമാക്രമണങ്ങള്‍ നടത്തി. ആക്രമണം തുടര്‍ന്നാല്‍ ചെങ്കടലിലെ കപ്പല്‍പ്പാതയായ ബാബ് അല്‍ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്ന് യെമന്‍ ഭീഷണിപ്പെടുത്തി.

◾  യുക്രൈന്‍ പ്രധാനമന്ത്രി യുലിയ സൈ്വരിഡെങ്കോ രാജിവെച്ചു. രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് അഴിച്ചുപണിയെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. മുന്‍ പ്രധാനമന്ത്രിക്ക് സുപ്രധാനമായ മറ്റൊരു ചുമതല വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രൈന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിനമായ ഒരു കാലഘട്ടത്തില്‍ സര്‍ക്കാരിനെ നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് രാജിവെച്ചതിന് പിന്നാലെ സൈ്വരിഡെങ്കോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

◾  ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനിയില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറും സംഘവും. ഏക വനിതാ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 270 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം ചരിത്രവിജയം സ്വന്തമാക്കി. അവസാന ദിവസം എല്ലാ വിക്കറ്റുകളും വീഴ്ത്തിയാണ് ഇന്ത്യ ലോര്‍ഡ്സില്‍ ടെസ്റ്റ് വിജയിക്കുന്ന ആദ്യ വനിതാ ടീമെന്ന നേട്ടം സ്വന്തമാക്കിയത്.

◾  തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ യോഗക്ഷേമം ലോണ്‍സിന്റെ ഭൂരിപക്ഷ ഓഹരികളും ടാറ്റ കാപ്പിറ്റല്‍ സ്വന്തമാക്കി. പൂര്‍ണമായും പണമിടപാടിലൂടെയാണ് കരാര്‍. ഈ ഏറ്റെടുക്കലിലൂടെ യോഗക്ഷേമം ലോണ്‍സിന്റെ ഇഷ്യൂ ചെയ്തതും പെയ്ഡ്-അപ്പുമായ ഓഹരികളുടെ 88.6 ശതമാനവും ടാറ്റ കാപ്പിറ്റലിന്റെ കൈകളിലെത്തും. യോഗക്ഷേമം ലോണ്‍സിന് ഏകദേശം 318 കോടി രൂപ പ്രീ-മണി ഇക്വിറ്റി മൂല്യം കണക്കാക്കിയാണ് ഈ കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതില്‍ കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കായി 93 കോടി രൂപയുടെ പ്രാഥമിക മൂലധന നിക്ഷേപവും ടാറ്റ നടത്തും. ഉടമസ്ഥാവകാശം മാറിയെങ്കിലും നിലവിലെ പ്രൊമോട്ടറും മാനേജിംഗ് ഡയറക്ടറുമായ ഉണ്ണികൃഷ്ണന്‍ ഇലിച്ചാരം വീട്ടില്‍ തന്നെ കമ്പനിയെ തുടര്‍ന്നും നയിക്കും. 2026 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് റിസര്‍വ് ബാങ്ക് രജിസ്‌ട്രേഷനുള്ള യോഗക്ഷേമം ലോണ്‍സിന് 708 കോടി രൂപയുടെ കൈകാര്യം ചെയ്യുന്ന ആസ്തിയുണ്ട്. നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയെ, വരും ഘട്ടങ്ങളില്‍ പൂര്‍ണമായി ലയിപ്പിക്കാനും ടാറ്റ കാപ്പിറ്റലിന് പദ്ധതിയുണ്ട്.

◾  ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന് സമാനമായ ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് സാങ്കേതികവിദ്യയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് ചൈന. തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് തലച്ചോറില്‍ ശസ്ത്രക്രിയയിലൂടെ ചിപ്പുകള്‍ ഘടിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ അതില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ചൈനീസ് എതിരാളികള്‍ വികസിപ്പിച്ചിട്ടുള്ള സംവിധാനങ്ങള്‍. ചിപ്പ് ഘടിപ്പിക്കാന്‍ തലയോട്ടി തുറക്കേണ്ടി വരില്ല എന്നതാണ് അതിന്റെ സവിശേഷത. ഈ ഉപകരണങ്ങള്‍ സെന്‍സറുകളിലൂടെയോ ശബ്ദ തരംഗങ്ങളിലൂടെയോ തലച്ചോറിലെ സിഗ്‌നലുകള്‍ വായിച്ചെടുക്കുന്നവയാണ്. ശസ്ത്രക്രിയ പൂര്‍ണമായും ഇവ ഒഴിവാക്കുന്നു. നിര്‍മിതബുദ്ധി, ഹ്യൂമനോയ്ഡ് റോബോട്ടുകള്‍, സെമികണ്ടക്ടറുകള്‍ എന്നിവയ്ക്ക് സമാനമായി ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസിലും അമേരിക്കയും ചൈനയും തമ്മിലുള്ള കടുത്ത മത്സരത്തിലേക്ക് ഇത്തരം നീക്കങ്ങള്‍ വഴിതെളിച്ചേക്കാമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

◾  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആര്‍ക്കാ മീഡിയ വര്‍ക്ക്സും, ബ്രഹ്‌മാണ്ഡ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ 'ഡോണ്‍ട്ട് ട്രബിള്‍ ദ ട്രബിള്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഇരുവരുടെയും രസകരവും ഹൃദയസ്പര്‍ശിയുമായ നിമിഷങ്ങള്‍ ടീസറിന്റെ പ്രധാന ആകര്‍ഷണമാണ്. സെപ്റ്റംബര്‍ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

◾  ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 16 നാണ് ചിത്രത്തിന്റെ റിലീസ്. കിടിലന്‍ ഡയലോഗുകളും മാസ് ആക്ഷന്‍ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും 'വരവ്'. കുടുംബ ബന്ധത്തിന്റെ ശക്തമായ ഒരു പ്രമേയവും ചിത്രത്തിനുണ്ട്. ബിഗ് ബജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ 'വരവ് ' ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. എ.കെ. സാജന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, സാനിയ ഇയ്യപ്പന്‍, വിന്‍സി അലോഷ്യസ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ തങ്ങളുടെ പുതിയ വിഡ വിഎക്‌സ്2 പ്ലസ് 4 വിപണിയില്‍ അവതരിപ്പിച്ചു. 4 കിലോവാട്ട്അവര്‍ വേരിയന്റിന്റെ ഏറ്റവും വലിയ പ്രത്യേകത വലിയ ബാറ്ററി പായ്ക്ക് ആണ്. 1,50,990 രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. വലിയ ബാറ്ററി പാക്ക് ഉള്‍പ്പെടുത്തിയതോടെ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 187 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. പുതിയ വേരിയന്റ് ജൂലൈ അവസാനത്തോടെയെത്തും. പുതിയ 4.4 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കില്‍ ഊരിമാറ്റാന്‍ സാധിക്കുന്ന രണ്ട് 2.2 കിലോവാട്ട്അവര്‍ ബാറ്ററികളാണുള്ളത്. പുതിയ വേരിയന്റില്‍ 1 കിലോവാട്ട് പോര്‍ട്ടബിള്‍ ചാര്‍ജറാണ് നല്‍കിയിരിക്കുന്നത്. പുതിയ ബാറ്ററി പായ്ക്ക് പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 17 മിനിറ്റുമാണ് സമയമെടുക്കുക. പൂജ്യത്തില്‍ നിന്ന് 100 ശതമാനം പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യണമെങ്കില്‍ 5 മണിക്കൂറും 8 മിനിറ്റും വേണ്ടിവരും. മെക്കാനിക്കല്‍ വശങ്ങളില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. എങ്കിലും ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററായി നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാല് റൈഡിങ് മോഡുകള്‍ ഇതില്‍ ഇപ്പോഴും ലഭ്യമാണ്.

◾  തോറ്റവന്റെ ഡ്രിബ്ലിങ്ങ് പരാജയത്തെക്കുറിച്ചുള്ള ഒരു പുസ്തകമല്ല. വിധി നിഷേധിച്ച അസാമാന്യ പ്രതിഭകള്‍ക്കുള്ള ആദരമാണ്. സ്റ്റേഡിയങ്ങളെ ത്രസിപ്പിക്കുകയും തലമുറകള്‍ക്ക് പ്രചോദനമാവുകയും ഈ മനോഹരമായ കളിയെ പുനര്‍നിര്‍വചിക്കുകയും ചെയ്തിട്ടും, ഫിഫ ലോകകപ്പ് ട്രോഫിയിലൊന്നു മുത്തമിടാന്‍ കഴിയാതെ പോയ, ഫുട്ബോളിനെ ഏറ്റവും വിസ്മയിപ്പിച്ച കലാകാരന്മാരുടെ കഥകളാണ് ഈ താളുകളിലുള്ളത്. മഹത്വം അളക്കപ്പെടുന്നത് വിജയങ്ങളിലൂടെ മാത്രമല്ല, അവര്‍ അവശേ ഷിപ്പിച്ചു പോകുന്ന മനോഹാരിതയിലൂടെ കൂടിയാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഇതിഹാസതാരങ്ങളുടെ മറക്കാനാവാത്ത ഡ്രിബ്ലിങ്ങുകളെയും, ഹൃദയ ഭേദകമായ നിമിഷങ്ങളെയും, വീരോചിതമായ യാത്രകളെയും ഓര്‍ത്തെടുക്കുന്ന ഈ പുസ്തകം സ്പോര്‍ട്‌സ് സാഹിത്യത്തിന് ഒരു വ്യത്യസ്ത മുഖം സമ്മാനിക്കുന്നു. 'തോറ്റവന്റെ ഡ്രിബ്ലിങ്ങ്'. എ.പി സജിഷ. റെഡ്ചെറി ബുക്സ്. വില 166 രൂപ.

◾  സ്ത്രീകളുടെ ജീവിതത്തിലെ ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം. എന്നാല്‍ പല സ്ത്രീകള്‍ക്കും ഇത് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന മാറ്റങ്ങളോടെയാണ് വരുന്നത്. പെട്ടെന്ന് ശരീരം ചൂടാകുക, ഉറക്കക്കുറവ്, മൂഡ് സ്വിങ്സ്, ശരീരഭാരം കൂടുക, സന്ധി വേദന എന്നിവ പലരും അനുഭവിക്കുന്ന ചില ലക്ഷണങ്ങള്‍ മാത്രമാണ്. ഈ മാറ്റങ്ങള്‍ സാധാരണമാണെങ്കിലും, ഭക്ഷണം, വ്യായമം, സ്വയം പരിചരണം എന്നിവ ഈ അവസ്ഥയിക്ക് വലിയ മാറ്റം ഉണ്ടാക്കാം. പെട്ടെന്നുള്ള പരിഹാരങ്ങള്‍ തേടുന്നതിന് പകരം, ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് ഈ ഘട്ടത്തില്‍ കൂടുതല്‍ കരുത്തും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനപ്പുറം അടുത്ത 40 വര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ മാത്രം വ്യായാമം ചെയ്യുന്നത് നിങ്ങളുടെ കരുത്ത്, ചര്‍മം, മുടി, മാനസികാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും. ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ശരീരം പൊരുത്തപ്പെടുന്നതിനാല്‍, ശരീരഭാരം കുറയുന്നത് പതുക്കെയായിരിക്കാം. വീണ്ടും 20 വയസ്സുകാരെപ്പോലെ തോന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം, ആരോഗ്യവും ആത്മവിശ്വാസവും ഉള്ളവരായിരിക്കാന്‍ ശ്രദ്ധിക്കുക. രാത്രി വൈകി ഉണര്‍ന്നിരിക്കുന്നതോ രാത്രി ഭക്ഷണത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണ്ണമായി ഒഴിവാക്കുന്നതോ നിങ്ങളുടെ ഊര്‍ജ്ജം, സന്ധികള്‍, ചര്‍മ്മം, മുടി എന്നിവയെ ബാധിച്ചേക്കാം. ആര്‍ത്തവവിരാമം എന്നത് നിങ്ങളുടെ ശരീരത്തോട് പോരാടാനുള്ളതല്ല. മറിച്ച് വ്യായാമം, നല്ല ഉറക്കം, യാഥാര്‍ത്ഥ്യബോധമുള്ള പ്രതീക്ഷകള്‍, നല്ല ചിന്താഗതി എന്നിവയിലൂടെ ശരീരത്തെ പിന്തുണയ്ക്കേണ്ട സമയമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജഗുരുവിന്റെ പിറന്നാള്‍ ദിനത്തില്‍, രാജാവ് അദ്ദേഹത്തിന് അതീവ വിലപിടിപ്പുള്ള ഒരു സമ്മാനം ഒരുക്കി. രത്‌നങ്ങളും വൈരക്കല്ലുകളും പതിപ്പിച്ച മനോഹരമായ ഒരു കത്രിക. സമ്മാനം തുറന്ന ഗുരുവിന്റെ മുഖത്ത് സന്തോഷം കണ്ടില്ല.  അതിശയിച്ച രാജാവ് ചോദിച്ചു: 'അങ്ങേക്ക് എന്റെ സമ്മാനം ഇഷ്ടമായില്ലേ?'  ഗുരു ശാന്തമായി മറുപടി പറഞ്ഞു: 'മുറിക്കാന്‍ കഴിയുന്ന ഈ കത്രികയ്ക്കുപകരം, തുന്നിച്ചേര്‍ക്കാന്‍ കഴിയുന്ന ഒരു തയ്യല്‍സൂചി തന്നിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചേനേ.'  ആ ഒരു മറുപടിയില്‍ വലിയൊരു ജീവിതപാഠം ഒളിഞ്ഞിരുന്നു. കത്രികയാകാന്‍ എളുപ്പമാണ്...  സൂചിയാകാനാണ് പ്രയാസം.  ബന്ധങ്ങള്‍ മുറിച്ചുമാറ്റാന്‍ ഒരു വാക്ക് മതി.  പക്ഷേ, തകര്‍ന്ന മനസ്സുകളെ ചേര്‍ത്തുനിര്‍ത്താന്‍ സ്‌നേഹവും ക്ഷമയും ആത്മാര്‍ഥതയും വേണം. മറ്റൊരാളെ വേദനിപ്പിക്കാന്‍ വലിയ കഴിവൊന്നും വേണ്ട. മറ്റുളളവരെ വേദനിപ്പിക്കാതിരിക്കാന്‍ നല്ലൊരു മനസ്സിനുടമയാകണം.  നമ്മുടെ വാക്കുകള്‍ മുറിവുണ്ടാക്കുന്ന കത്രികകളാകാതെ, മുറിവുകള്‍ തുന്നിച്ചേര്‍ക്കുന്ന സൂചികളാകട്ടെ.  - ശുഭദിനം.