ചമൽ കേളൻമൂലയിൽ തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്; രക്ഷപെടുത്തിയത് ഹിറ്റാച്ചി ഉപയോഗിച്ച് തടി മാറ്റി
താമരശ്ശേരി: കട്ടിപ്പാറ ചമൽ കേളൻമൂലയിൽ തടി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. താമരശ്ശേരി കിണറുള്ളകണ്ടി മുനീറിനാണ് (30) പരിക്കേറ്റത്. കട്ടിപ്പാറ ഭാഗത്തുനിന്നും തടിയുമായി വരികയായിരുന്ന വാഹനം കേളൻമൂലയിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ലോറി പൂർണ്ണമായും തകർന്നു. നിയന്ത്രണം വിട്ട ലോറി മറിഞ്ഞതോടെ ഡ്രൈവർ മുനീർ തടികൾക്കും വാഹനത്തിനുമിടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് പ്രദേശത്ത് റോഡ് പണിയിലുണ്ടായിരുന്ന ഹിറ്റാച്ചി ഉപയോഗിച്ച് ഏറെ പ്രയത്നിച്ചാണ് തടികൾ മാറ്റി ഇദ്ദേഹത്തെ പുറത്തെടുത്തത്.
പരിക്കേറ്റ മുനീറിനെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി ചുങ്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ലോറി.
