താമരശ്ശേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ യുവജന മാർച്ച്
താമരശ്ശേരി: കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ ജനദ്രോഹ നടപടിക്കെതിരെയും, വൈദ്യുതി വിതരണത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ആരോപിച്ചും ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. "യുഡിഎഫ് ഇന്ദിരാ കട്ട് കേരളത്തിന് വേണ്ട" എന്ന പ്രധാന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും പവർകട്ട് ഏർപ്പെടുത്തുന്നതെന്ന് സമരക്കാർ ആരോപിച്ചു. മാർച്ചിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റുമായ അഖിൽ എൻ. നിർവ്വഹിച്ചു.
ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം.ആർ. ഷംജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം സ്വാതി പി.ടി. സ്വാഗതവും, വി.കെ. ശ്രീബിൻ നന്ദിയും പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.
