പ്രഭാത വാർത്തകൾ

2026  ജൂലൈ 21, ചൊവ്വ 
1201  കര്‍ക്കടകം 5, ചിത്തിര
1448  സ്വഫർ 06

◾  കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തില്‍ ഡല്‍ഹി യുദ്ധക്കളമായി. ലാത്തിച്ചാര്‍ജു ചെയ്തും കണ്ണീര്‍ വാതകം പ്രയോഗിച്ചും കൂട്ടഅറസ്റ്റു നടത്തിയും പൊലീസ്. ജന്തര്‍മന്ദറില്‍ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചു. സമരപ്പന്തല്‍ പൊളിച്ചുനീക്കി. പ്രദേശമാകെ ദ്രുതകര്‍മ സേനയെ വിന്യസിച്ചു. പ്രവര്‍ത്തകര്‍ വിവിധ ഗ്രൂപ്പുകളായി പലയിടത്തായി സമരം നടത്തി. പാര്‍ലമെന്റ് മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. മെട്രോ സ്റ്റേഷനുകളിലും പ്രതിഷേധവുമായി എത്തിയതോടെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. മാര്‍ച്ചിനെത്തിയ അഖിലേഷ് യാദവിന്റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവ് അടക്കമുള്ള പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഴിപ്പിച്ച ജന്തര്‍മന്തറിലെ സമരവേദി രാത്രിയോടെ വീണ്ടും പാറ്റകള്‍ കീഴടക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഇവിടെയുണ്ട്.

◾  യുക്രെയ്നില്‍ ഒഡേസ തീരത്ത് ചരക്കു കപ്പലിനു നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ മലയാളി അടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ആണു കൊല്ലപ്പെട്ട മലയാളി. ഭക്ഷ്യധാന്യങ്ങള്‍ നിറച്ച ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചു. നാല് ഇന്ത്യക്കാരടക്കം 17 പേരാണ് കപ്പലിലുണ്ടായിരുന്നത്.

◾  ഇടതു സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാരിന്റെ പൂട്ട്. സംസ്ഥാനത്തെ സ്‌കൂളുകള്‍ അടക്കമുള്ളവയ്ക്ക് ഇനി ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കില്ലെന്നു കെ ഫോണ്‍ അറിയിച്ചു. സ്‌കൂളുകളടക്കം 30,897 സര്‍ക്കാര്‍ ഓഫീസുകളില്‍ സൗജന്യ കണക്ഷന്‍ നല്‍കിയിരുന്നു.  



◾  വൈദ്യുതി പ്രതിസന്ധിക്കു കാരണം ഇടതു സര്‍ക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. എല്‍ഡിഎഫ് സര്‍ക്കാര്‍ യഥാസമയം വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടാക്കിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കടം വാങ്ങിയ വൈദ്യുതി മടക്കി കൊടുക്കേണ്ട ബാധ്യത യുഡിഎഫ് സര്‍ക്കാരിന്റെ തലയിലായി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് അതുകൊണ്ടാണ്. മുന്‍ മന്ത്രി എം എം മണിയുമായി താരതമ്യം ചെയ്തുള്ള സാമൂഹ്യ മാധ്യമ ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം തന്നേക്കാള്‍ എത്രയോ ഉന്നതനാണെന്നും എന്നാല്‍ ശിഷ്യപ്പെടാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

◾  മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. തങ്ങളുടെ സര്‍ക്കാര്‍ ആണെന്നും തങ്ങളുടെ മുഖ്യമന്ത്രി ആണെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൃപ്തനാണെന്നും അറിയിച്ചു.

◾  ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ആലപ്പുഴ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജില്ലാ കോടതി ഉത്തരവ് അന്വേഷണത്തെ സ്തംഭിപ്പിച്ചെന്നാണ് സര്‍ക്കാറിന്റെ വാദം. ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

◾  സംസ്ഥാനത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം നാളെ ഉച്ചയ്ക്ക് രണ്ടിന് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂളില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ചടങ്ങില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ തൂഫാന്‍ വാരിയേഴ്സായും പോല്‍-ബ്ലഡ് അംബാസഡേഴ്സായും സൈബര്‍ വാരിയേഴ്സായും അദ്ദേഹം പ്രഖ്യാപിക്കും.



◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. 2025 ല്‍ ദ്വാരപാലക പാളി കടത്താന്‍ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തില്‍നിന്നു പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും എസ്ഐടി കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ മൂന്നിനു കേസ് വീണ്ടും പരിഗണിക്കും.

◾  നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി തലശേരി കോടതി കണ്ണൂര്‍ ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ഡോ. റാമിനെ വിട്ടയച്ചു. പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നു നോട്ടീസ് നല്‍കി വിട്ടയച്ചു. മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു. ഡോ റാമിന്റെ അറസ്റ്റ് വൈകിയതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.  

◾  പിണറായി വിജയന്‍ ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. 10 വര്‍ഷം ഭരിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ ആരോഗ്യവകുപ്പിന്റെയും നട്ടെല്ല് ഒടിച്ചവരാണ് രണ്ടു മാസം പിന്നിടുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വ്യാജകഥകളുമായി ഇറങ്ങിയിരിക്കുന്നത്. ഭക്ഷണം കൊടുക്കാനെന്ന പേരില്‍ സേവാഭാരതി കൈയ്യേറിയ സര്‍ക്കാര്‍ കെട്ടിടം ഒഴിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മിക്കാതിരുന്നത് ബി.ജെ.പിയെ ഭയന്നാണോ? കെട്ടിടങ്ങള്‍ കൈയേറാന്‍ വേറെയും സംഘടനകള്‍ക്ക് ഒത്താശ ചെയ്യാമോയെന്നും മുരളീധരന്‍ ചോദിച്ചു.

◾  വഖഫ് ബോര്‍ഡിനെതിരേ വന്ന നാല് ഹര്‍ജികളും ഒരേയിടത്തുനിന്നാണെന്നും നടന്നത് കള്ളക്കളിയാണെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ്. ഹംസ. യുഡിഎഫ് നിയമിച്ച ബോര്‍ഡ് എല്‍ഡിഎഫ് കാലത്തും തുടര്‍ന്നു. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ എല്‍ഡിഎഫ് നിയമിച്ച ബോര്‍ഡ് ഉണ്ടായിരുന്നു. വ്യവസ്ഥാപിതമല്ലാതെ നിയമിച്ച അംഗങ്ങള്‍ യുഡിഎഫ് കാലത്ത് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.



◾  തിരുവനന്തപുരം വെമ്പായത്തെ ബാറില്‍ മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പെട്രോളൊഴിച്ചു തീ കൊളുത്തി പൊള്ളലേറ്റ ഒരാള്‍ മരിച്ചു. നവാസ് ആണ് മരിച്ചത്. പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് എല്ലാവരുടെ ശരീരത്തിലേക്കും ഒഴിച്ചു തീകൊളുത്തി വെന്റിലേറ്ററിലായ അനീഷിന്റെ സ്ഥിതി ഗുരുതരമാണ്.

◾  തൃശൂര്‍ പീച്ചിയില്‍ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാര്‍. പീച്ചി ഡാമിന് സമീപം തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

◾  തിരുവനന്തപുരം പാലോട് സിഎച്ച്സിയില്‍ മുറിവേറ്റ് വന്ന രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈല്‍ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍.  

◾  ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ച 'കള്ളന്‍ വിജയന്‍' ലേഖനം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍ ടി.സി. രാജേഷ്. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു റിപ്പോര്‍ട്ട്.

*അമല ഹോസ്പിറ്റലിന്റെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് വടക്കാഞ്ചേരിയില്‍*
അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും വടക്കാഞ്ചേരി അമല ഫെല്ലോഷിപ്പും ആക്ട് വടക്കാഞ്ചേരിയും ചേര്‍ന്നൊരുക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ആഗസ്റ്റ് 2, ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂളില്‍. ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി, ഓങ്കോളജി, കാര്‍ഡിയോളജി, നെഫ്രോളജി, ഇ.എന്‍.ടി എന്നീ ചികിത്സാവിഭാഗങ്ങളുടെ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകുന്നതാണ്. പാപ്പ് സ്മിയര്‍ ടെസ്റ്റ്, ഇ.സി.ജി. &. ബി.പി, ഷുഗര്‍ ടെസ്റ്റ് എന്നീ സൗജന്യ സേവനങ്ങളും സൗജന്യമരുന്നുകളും ക്യാമ്പില്‍ ലഭ്യമാകുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യ കിഡ്നി സ്‌ക്രീനിംഗ് ടെസ്റ്റും ലഭിക്കും. അമലയിലേയ്ക്ക് റഫര്‍ ചെയ്യുന്ന രോഗികളുടെ ഒ.പി. സേവനങ്ങള്‍ക്ക് 10 ശതമാനവും ഐ.പി. സേവനങ്ങള്‍ക്ക് 35 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. *അന്വേഷണങ്ങൾക്കും ബുക്കിംഗിനും : 974 512 0079, 924998 8089, 938 755 2779*

◾  മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയില്‍ എസ് ഐയെയും ഡ്രൈവറെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ചു. ലോകകപ്പ് ഫൈനല്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച മങ്ങാട്ടുകലവയില്‍ ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂര്‍ എസ്ഐ റോയ് സുകുമാരനേയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനേയുമാണു തടഞ്ഞുവച്ചത്.

◾  സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച തെറ്റായ കണക്കുകള്‍ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയണമെന്ന് മുന്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മെയ് അവസാനത്തോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ ചുമതല ഏറ്റെടുത്തത്. അതിനുമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളുടെയും നടപടികളുടെയും തുടര്‍ച്ചയായുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്- കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

◾  റബറിന്റെ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിച്ച ബജറ്റ് പ്രഖ്യാപനം ഉത്തരവായി. 200 രൂപയില്‍ നിന്ന് 250 രൂപ ആയിട്ടാണ് വര്‍ദ്ധിപ്പിച്ചത്.

◾  തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡനം. സംഭവത്തില്‍ ക്ഷേത്ര പൂജാരി അറസ്റ്റിലായി. തൂങ്ങാംപാറ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. ഇയാളെ കാട്ടാക്കട പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

◾  കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് അഞ്ചു മാസത്തെ ശമ്പളം കൊടുക്കുമെന്ന്  മന്ത്രി ബിന്ദു കൃഷ്ണ. കമ്പനി അധികൃതരുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായതെന്നു മന്ത്രി അറിയിച്ചു.

◾  കോടികള്‍ വിലമതിക്കുന്ന 6 കിലോ തിമിംഗല ഛര്‍ദ്ദിയുമായി കൊട്ടാരക്കര സ്വദേശികളായ രാജീവ് (39), സോമന്‍ (48) എന്നിവര്‍ അറസ്റ്റിലായി.

◾  കുട്ടമ്പേരൂര്‍ ശ്രീദുര്‍ഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേല്‍ശാന്തി അറസ്റ്റില്‍. കുട്ടമ്പേരൂര്‍ ഇളമണ്‍ മഠം രാധാകൃഷ്ണന്‍ നമ്പൂതിരിയെ (59) ആണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾  നിലമ്പൂര്‍ ചന്തക്കുന്ന് വെളിയന്തോട് ജവഹര്‍ നഗറില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട് ആക്രമിച്ചു. പൈങ്കുളം തങ്കയുടെ വീടിനുനേരെയാണ് രാത്രിയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായത്. കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. കുടുംബാംഗങ്ങള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

◾  വധശ്രമക്കേസ് പ്രതി അശമന്നൂര്‍, പുന്നയം മറ്റപ്പാടന്‍ വീട്ടില്‍ ലിയോ(30)യെ കാപ്പ ചുമത്തി കൊച്ചി പൊലീസ് നാടുകടത്തി. 2020 ല്‍ പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം കണ്ടന്തറ ഭാഗത്ത് യുവാവിനെ കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.

◾  രാജ്യത്ത് നീറ്റടക്കം 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകളുണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കാത്തത് അതുകൊണ്ടാണ്. ചരിത്രത്തിലെ ഏറ്റവും യുവജന വിരോധിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഠിനാധ്വാനം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കു ലാത്തിചാര്‍ജിലൂടെയാണു മോദി മറുപടി നല്‍കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

◾  മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച. പാല്‍ഘറിലെ ദാഹനുവിലെ ലക്ഷ്മി ജ്വല്ലറിയിലാണ് തോക്കുമായെത്തിയ മൂന്നംഗ സംഘം അര കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന മാസ്‌കും ധരിച്ചാണു കവര്‍ച്ചാ സംഘം എത്തിയത്.

◾  പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ 'സ്റ്റെര്‍ലിങ് റിവര്‍ റിസോര്‍ട്ടില്‍' സിപ്ലൈന്‍ ലോക്ക് പൊട്ടി 40 അടി താഴ്ചയിലേയ്ക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. സിപ്ലൈനില്‍ സഞ്ചരിക്കുന്നതിനിടെ പെട്ടെന്നായിരുന്നു അപകടം.

◾  കാനഡയില്‍ നിന്നുള്ള ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും 50 ശതമാനം നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്നുള്ള ഓട്ടോ മൊബൈല്‍, മദ്യം, പാല്‍ ഉല്‍പന്നങ്ങളോട്  വിവേചനം കാണിച്ചെന്ന് ആരോപിച്ചാണ് വൈറ്റ് ഹൗസ് നികുതി പ്രഖ്യാപനം നടത്തിയത്.

◾  ലോകകപ്പ് ജേതാക്കളായ സ്‌പെയിന്‍ ഫിഫ പുരുഷ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫ്രാന്‍സ് മൂന്നാം സ്ഥാനത്ത് തുടര്‍ന്നു. ഇംഗ്ലണ്ടാണു നാലാം സ്ഥാനത്ത്.

◾  ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് വരുമാനം നേടി ഫിഫ. ഈ ലോകകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് ആകെ 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.44 ലക്ഷം കോടി ഇന്ത്യന്‍ രൂപ) വരുമാനമായി ഫിഫക്ക് ലഭിക്കും. ഫിഫ ലക്ഷ്യമിട്ടിരുന്ന 11 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.05 ലക്ഷം കോടി രൂപ) എന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തുകയാണിത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഫിഫ അംഗ രാജ്യങ്ങള്‍ക്ക് ഇതില്‍ നിന്നുള്ള വരുമാനം ലഭിക്കും. ഉയര്‍ന്ന വിലയുള്ള വിഐപി ടിക്കറ്റുകളുടെ റീസെയില്‍ വഴിയാണ് ഫിഫ വലിയ രീതിയില്‍ പണം കൊയ്തത്. സെക്കന്‍ഡറി മാര്‍ക്കറ്റിലൂടെ ടിക്കറ്റ് വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളില്‍ നിന്ന് 15 ശതമാനവും വില്‍ക്കുന്നയാളില്‍ നിന്ന് 15 ശതമാനവും ഉള്‍പ്പെടെ ആകെ 30 ശതമാനം കമ്മീഷനാണ് ഫിഫ ഈടാക്കിയത്. സ്‌പെയിന്‍-അര്‍ജന്റീന ഫൈനല്‍ മത്സരത്തിന്റെ 'ട്രോഫി ലോഞ്ച്' ടിക്കറ്റുകള്‍ ഒരാള്‍ക്ക് 34,500 ഡോളര്‍ (ഏകദേശം 33.2 ലക്ഷം രൂപ) എന്ന നിരക്കിലാണ് വിറ്റഴിക്കപ്പെട്ടത്. ഇതിലൂടെ മാത്രം ഫിഫയുടെ അക്കൗണ്ടിലെത്തിയത് കോടികളാണ്. ഈ ഫണ്ടുകള്‍ വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് ഫിഫ വീതിച്ചു നല്‍കും.

◾  ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ എന്ന് അവകാശപ്പെട്ടാണ് ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ മൂണ്‍ഷോട്ട് കിമി കെ3 എന്ന എഐ മോഡല്‍ അവതരിപ്പിച്ചത്. എന്നാല്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പെയ്ഡ് സബ്സ്‌ക്രിപ്ഷനുകള്‍ കമ്പനിക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. കമ്പനിയുടെ കംപ്യൂട്ടിങ് ശേഷിക്ക് താങ്ങാവുന്നതിലുമപ്പുറം ആളുകള്‍ പുതിയ എഐ മോഡല്‍ ഉപയോഗിക്കാന്‍ ഇരച്ചുകയറിയതാണ് കമ്പനി ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണമായത്. ഇത് കൂടാതെ സബ്‌സ്‌ക്രിപ്ഷന്‍ രണ്ട് പ്ലാനുകളായി തിരിക്കാനും കമ്പനി തീരുമാനിച്ചു. കിമി വെബ്, ആപ്പ്, വര്‍ക്ക് എന്നിവ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള കിമി മെമ്പര്‍ഷിപ്പ് പ്ലാന്‍. കോഡിംഗ് ജോലികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും മാത്രമായുള്ള കിമി കോഡ് മെമ്പര്‍ഷിപ്പ് പ്ലാന്‍ എന്നിവയാണവ. 2026 ജൂലൈ 27-ന് കിമി കെ3 ഓപ്പണ്‍ സോഴ്സ് ആയി പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

◾  വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' യിലെ ' തങ്ക മകളേ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ വിഡിയോ പുറത്ത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് ശ്വേത മോഹന്‍ ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. വളരെ വൈകാരികമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന, ചിത്രത്തിലെ ഒരു ഗാനമാണ് 'തങ്ക മകളേ'. അച്ഛന്‍, അമ്മ, മകള്‍ എന്നിവരുടെ മനോഹരവും വൈകാരികവുമായ ബന്ധമാണ് ഈ മെലഡിയുടെ ഹൈലൈറ്റ്. കുടുംബ ബന്ധത്തിന്റെ ആഴം കാണിച്ചു തരുന്ന ഈ ഗാനം ഇതിനോടകം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാല്‍ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തില്‍ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

◾  ദേശീയ പുരസ്‌കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിനൊപ്പം 'കല്‍ക്കി 2898 എ.ഡി'യുടെ അടുത്ത ഭാഗം 2027-ല്‍ തിയേറ്ററുകളില്‍ എത്തും. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവുമാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തില്‍ വിസ്മയകരമായ ലോകം സൃഷ്ടിച്ചെടുത്ത നിതിന്‍ സിഹാനി ചൗധരിക്കാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്.  പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരനിര അണിനിരന്ന മിത്തോളജിക്കല്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമാണ് നേടിയത്. ജൂണ്‍ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 1200 കോടിക്ക് മുകളിലാണ് ആഗോള തലത്തില്‍ ഗ്രോസ് കളക്ഷന്‍ നേടിയത്. ഹിന്ദിയില്‍നിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ കല്‍ക്കി 2898 എ.ഡി, 2024-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

◾  സിറോസ് ഇവിയുടെ അവതരണത്തിന് പിന്നാലെ കിയയുടെ വാഹന നിരയിലേക്ക് ഇനിയെത്തുന്നത് സോറന്റോ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് നിര സീറ്റുകളുള്ള ഫുള്‍ സൈസ് എസ്യുവിയായി എത്തുന്ന ഈ വാഹനം കിയയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ വിപണികളില്‍ അഞ്ച്, ആറ്, ഏഴ് സീറ്റ് ലേഔട്ടിലാണ് കിയ സോറന്റോ എത്തുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഏത് സീറ്റിങ് ഓപ്ഷനായിരിക്കും നല്‍കുകയെന്നതില്‍ വ്യക്തതയില്ല. സോറന്റോയുടെ ഗ്ലോബല്‍ പതിപ്പിന് 4815 എംഎം നീളം, 1900 എംഎം വീതി, 1700 എംഎം ഉയരം 2815 എംഎം വീല്‍ബേസ് എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളെക്കാളുമെല്ലാം ഹൈലൈറ്റായി നില്‍ക്കുന്നത് ഈ എസ്യുവിയുടെ മെക്കാനിക്കല്‍ സംവിധാനങ്ങളാണ്. 1.6 ലിറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ നല്‍കുക. 238 എച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമാണ് കരുത്ത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

◾  നമ്മള്‍ എത്രയോ ആത്മകഥകള്‍ വായിച്ചിരിക്കുന്നു. അവയില്‍നിന്നുമൊക്കെ എന്തെങ്കിലും നമ്മുടെ ജീവിതത്തിനു തുണയായാല്‍ അതാണ് അത്തരം പുസ്തകങ്ങളുടെ മഹത്തായ സന്ദേശമെന്നു വിശ്വസിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാന്‍. കനല്‍വഴിയിലൂടെ നടന്നെത്തിയ സജികുമാറിന്റെ ഈ ജീവിതകഥ നാം വായിച്ചുതീരുമ്പോള്‍, ഉള്ളില്‍ നേര്‍ത്തൊരു നിലാപ്പെയ്ത്തുപോലെ എന്തോ... അതെ, ആ ജീവിതം നമ്മെ പച്ചപ്പരവതാനി വിരിച്ച ഭൂമിയോട് ചേര്‍ത്തുപിടിക്കുന്നുണ്ട്. ജീവിതത്തെ വേറിട്ടരീതിയില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ ആത്മകഥ. 'നഗരകാന്താരം'. സജി കുമാര്‍. മാതൃഭൂമി. വില 195 രൂപ.

◾  ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ 87.3 ശതമാനം ആളുകളിലും, അതായത് പത്തില്‍ ഒമ്പത് പേര്‍ക്കും രക്തത്തില്‍ കൊളസ്ട്രോളിന്റെയോ കൊഴുപ്പിന്റെയോ (ലിപിഡ്സ്) അളവ് അസാധാരണമായി കാണപ്പെടുന്നുവെന്ന് ഐ.സി.എം.ആര്‍ പഠനം. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതല്‍ പ്രകടമാകുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയുമായി 23,665 പേരാണ് പഠനത്തില്‍ പങ്കെടുത്ത്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമാതീതമായി മാറുന്ന അവസ്ഥയെയാണ് 'ഡിസ്ലിപിഡെമിയ' എന്ന് വിളിക്കുന്നത്. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നു. പനി വരുന്നത് പോലെയോ വേദന വരുന്നത് പോലെയോ യാതൊരുവിധ മുന്നറിയിപ്പുകളും ഡിസ്ലിപിഡീമിയ നല്‍കില്ല. രക്തക്കുഴലുകളില്‍ വര്‍ഷങ്ങളോളമായി കൊഴുപ്പ് അടിഞ്ഞുകൂടി അവ ചുരുങ്ങുകയും, ഒടുവില്‍ പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കോ സട്രോക്കിലേക്കോ നയിക്കുമ്പോള്‍ മാത്രമാണ് പലരും ഈ അവസ്ഥ തിരിച്ചറിയുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം എന്നിവയൊന്നുമില്ലാത്ത, തികച്ചും ആരോഗ്യമുള്ളവരായ 35.5 കോടിയോളം ഇന്ത്യക്കാരില്‍ ഹൃദ്രോഗസാധ്യതയുള്ളതായി ഐ.സി.എം.ആര്‍. വിലയിരുത്തുന്നു. ഹൃദയാരോഗ്യം നിലനിര്‍ത്താനും ഭാവിയിലെ അപകടസാധ്യതകള്‍ ഒഴിവാക്കാനും കൃത്യമായ ഇടവേളകളില്‍ ലിപിഡ് പ്രൊഫൈല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
രാത്രിയില്‍ പുറത്തിറങ്ങിയ അയാള്‍, അടഞ്ഞുകിടന്ന അയല്‍വീട്ടില്‍ ഒരു അനക്കം ശ്രദ്ധിച്ചു. അന്നേ ദിവസം വന്ന ഒരു പാഴ്‌സല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ആളെ കയ്യോടെ പിടികൂടി. എന്നാല്‍ അയാള്‍ ബഹളം വെച്ചില്ല. പോലീസിനെ വിളിച്ചില്ല.   പകരം മോഷ്ടാവിന്റെ കൈപിടിച്ച് ശാന്തമായി പറഞ്ഞു:  'നിങ്ങള്‍ ഒരു നല്ല മനുഷ്യനാണ്. ജീവിതം മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതാ, കുറച്ച് പണം. ഇതുകൊണ്ട് ഒരു ചെറിയ ജോലി തുടങ്ങി ജീവിക്കൂ.'  അത് കേട്ട മോഷ്ടാവ് അയാളുടെ കണ്ണുകളിലേക്ക് നോക്കി.   'ഇനിയൊരിക്കലും ഞാന്‍ മോഷ്ടിക്കില്ല.'  എന്ന് പറഞ്ഞ് പണം പോലും സ്വീകരിക്കാതെ നന്ദിയോടെ നടന്നുപോയി.  കാരണം, അപമാനിക്കപ്പെടുമെന്ന് ഉറപ്പിച്ച നിമിഷത്തില്‍ അവന് ലഭിച്ചത് ശിക്ഷയല്ല... വിശ്വാസമായിരുന്നു. അപമാനിക്കപ്പെടാന്‍ ഏററവം സാധ്യതയുളള സമയത്ത്, ആശ്വാസമേകുന്ന ഒരാള്‍ ഒരു പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.  തൊണ്ടി സഹിതം പിടികൂടാന്‍ ആര്‍ക്കും സാധിക്കും.  ഒരല്പം നിരീക്ഷണസ്വഭാവം മതി.  എന്നാല്‍ കുറ്റം വിധിക്കപ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും, ഒരാളെ കുറ്റവിമുക്തനാക്കാന്‍ പരിശ്രമിക്കുന്നത് കുറ്റക്കാരനെ ഒരു പുനര്‍ ജന്മത്തിലേക്ക് നയിക്കും..  നീതിക്കും നിയമത്തിനും കഴിയാത്ത ഒന്നുണ്ട്.. ഒരാളുടെ മനസ്സ് തൊടാന്‍.. എത്ര തവണ ദുര്‍ഗുണപരിഹാരശാലകളില്‍ അയച്ചിട്ടും ഒരാള്‍ നന്നാവുന്നില്ലെങ്കില്‍ അതിനര്‍ത്ഥം മനസ്സ് മാറുന്നില്ല എന്നതാണ്.  അയാള്‍ക്ക് വേണ്ടത് ശിക്ഷയല്ല, ശുശ്രൂഷയാണ്..  മറ്റാരുമറിയാതെ അശുദ്ധി കഴുകികളയുന്നവരുടെ മുന്നില്‍ ആരും കൈകൂപ്പും.  അപ്പോഴുണ്ടാകുന്ന മാനസാന്തരം പുതിയൊരു മനുഷ്യനെ തന്നെ സൃഷ്ടിക്കും.. ഒരു നിമിഷം ഒന്നു കൈകൊണ്ട് മറച്ചാല്‍ അണയാന്‍ വെമ്പുന്ന ഒരു നാളം ചിലപ്പോള്‍ കെടാവിളക്കായേക്കാം.. കൈപൊള്ളിയാലും സാരമില്ല.. പ്രകാശം പരക്കുമല്ലോ... - ശുഭദിനം