താമരശ്ശേരിയിൽ തെരുവ് നായ ആക്രമണം: സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്
താമരശ്ശേരി: താമരശ്ശേരി അണ്ടോണയിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. അണ്ടോണ പുലിക്കുന്നുമ്മൽ രാധാകൃഷ്ണനാണ് (50) പരിക്കേറ്റത്.
ബുധനാഴ്ച രാത്രി പത്തു മണിയോടെ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അണ്ടോണ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. റോഡിൽ കൂട്ടംകൂടി നിന്ന തെരുവ് നായ്ക്കൾ പെട്ടെന്ന് സ്കൂട്ടറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് മറിഞ്ഞാണ് രാധാകൃഷ്ണന് പരിക്കേറ്റത്. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയാണ് നായ്ക്കളെ ഓടിച്ച് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷം
താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ താമരശ്ശേരി ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കും സ്കൂളിന് സമീപത്തു വെച്ച് നായയുടെ കടിയേറ്റിരുന്നു. ഇന്ന് രാവിലെ കോരങ്ങാട് എൽ പി സ്കൂൾ സമീപം കുട്ടികൾ നടന്നു പോകുന്നതിനിടെ തെരുവുനായുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
പ്രദേശത്ത് തെരുവ് നായ്ക്കളുടെ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാൽനട യാത്രികർക്കും ഇരുചക്ര വാഹനക്കാർക്കും ഭീഷണിയായ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ഉടൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
