പ്രഭാത വാർത്തകൾ
2026 ഓഗസ്റ്റ് 4, ചൊവ്വ
1201 കര്‍ക്കടകം 19, രേവതി
1448 സ്വഫർ 20
◾ കനത്ത മഴയെത്തുടര്‍ന്ന് പത്തു ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട്, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി എന്നീ മൂന്നു താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളില്‍ ദുരുതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.
◾ പി എസ് സി നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. ഇന്നും നാളേയും 6, 10 തീയതികളിലുമായി നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്.
◾ ശബരിമലയിലെ മില്‍മ നെയ്യ് വിതരണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. പ്രത്യേക കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. വിഷയം അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം.
◾ ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍ ഉത്തരവിട്ടു. ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടു നല്‍കാനാണു നിര്‍ദേശം. ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ കണ്ടെത്തലുകള്‍ കണ്ടെത്തിയിരുന്നു.
◾ മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നു ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് മുഖ്യമന്ത്രി പ്രധാനമായും സന്ദര്‍ശിക്കുക. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന സതീശന്‍, റാന്നി ഉള്‍പ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി സംസാരിക്കും.
◾ കാപ്പാക്കേസില്‍ ജയിലിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയ്ക്ക് അനുകൂലമായി കത്തു നല്‍കിയ തദ്ദേശ സ്വയംഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി അരുണിമയെ സസ്പെന്റ് ചെയ്തു. മന്ത്രി കെഎം ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിര്‍പ്പു കൂസാതെയാണ് ആര്‍ സുഗതന്റെ അവധിക്ക് അനുമതിക്കത്ത് നല്‍കിയത്.
◾ സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കു സാധ്യത. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
◾ ജയില്‍ മേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതു ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്നും ഹര്‍ജി പരിഗണനയിലിരിക്കെ തീരുമാനമെടുത്തത് എന്തിനെന്നും കോടതി ചോദിച്ചു.
◾ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വന്‍നാശം. 25.43 കോടി രൂപയുടെ നാശനഷ്ടം. 2892 ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായി. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 248 ഇടങ്ങളില്‍ ഹൈ ടെന്‍ഷന്‍ ലൈനും 7212 ഇടങ്ങളില്‍ ലോ ടെന്‍ഷന്‍ ലൈനും പൊട്ടിവീണു. 233 ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളത്തിനടിയിലായി. കെഎസ്ഇബി അറിയിച്ചു.
◾ വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി. ഔട്ടര്‍ ആങ്കറേജിംഗ് സൗകര്യമുള്ള രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ച് അനുവദിച്ച് ഉത്തരവിറക്കിയതോടെ വിഴിഞ്ഞത്തും ക്രൂ ചെയ്ഞ്ചിന് അനുമതി ലഭിച്ചു. ഇതോടെ സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. തുറമുഖത്തിന് ഏറ്റവും അടുത്താണ് വിമാനത്താവളമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത.
◾ സംസ്ഥാനത്തെ പൊതുആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും മാതൃ-ശിശു സംരക്ഷണ നിലവാരവും മെച്ചപ്പെട്ടതിന് മൂന്നു മെഡിക്കല്‍ കോളേജുകള്‍, 13 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍ ഉള്‍പെടെ 20 ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.
◾ പ്രളയബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് അടിയന്തര സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കവെ ചെന്നിത്തല വ്യക്തമാക്കി. നാശനഷ്ടങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അര്‍ഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാന്‍ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ തെരഞ്ഞെടുപ്പ് പരാജയം മനസിലാക്കി അടിമുടി തിരുത്തിന് സംസ്ഥാന സമിതിയുടെ വിപുലീകൃത യോഗത്തിന് സി പി എം. പാര്‍ട്ടിയില്‍ തിരുത്തലുകളാണ് ലക്ഷ്യമിടുന്നതെന്നും സിപിഎം തിരിച്ചുവരുമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട് അടുത്തമാസം നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന സമിതിയുടെ സംഘാടക സമിതി രൂപീകരണം നിര്‍വഹിച്ചാണ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
◾ ശബരിമലയിലെ നെയ്യ് ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന അവകാശവാദവുമായി ചെയര്‍മാന്‍ കെ.എസ്. മണി. മില്‍മയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, മറിച്ച് പുറമെ നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾ പാലക്കാട് കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിയും അതിവേഗ റെയില്‍ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഇ. ശ്രീധരന്റെ പദ്ധതി തള്ളിയതും സില്‍വര്‍ ലൈനിനെ എതിര്‍ത്തതും കേന്ദ്രത്തിന് പദ്ധതികള്‍ റദ്ദാക്കാന്‍ അവസരമൊരുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളില്‍ ഹൈക്കോടതി ഇടപെട്ടതിനു പിറകേ മിന്നല്‍ സന്ദര്‍ശനവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രണ്ട് കെട്ടിടങ്ങളുടെയും റോഡിന്റെയും നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
◾ ബ്രഹ്‌മപുരം ഡീസല്‍ പവര്‍ പ്ലാന്റ് അഴിമതിക്കേസിലെ മുഖ്യപ്രതിയും കെ.എസ്.ഇ.ബി. മുന്‍ ചെയര്‍മാനുമായ ആര്‍. നാരായണനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഭരണപരവും നിയമപരവും മാനുഷികവുമായ പരിഗണനകള്‍ ചൂണ്ടിക്കാട്ടി വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളും മോശം ആരോഗ്യസ്ഥിതിയുമുള്ള 87-കാരനായ ആര്‍. നാരായണന്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
◾ തടി ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത് ലാല്‍ (28), നിധിന്‍ (30) എന്നിവരാണ് മരിച്ചത്. കാവാലം സ്വദേശി മനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ ഹരിപ്പാട് മുട്ടം എഥീന എഡ്യൂക്കേഷന്‍ സെന്ററിന് സമീപം ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ തകര്‍ന്നുവീണു. എഥീനയുടെ കിഴക്കുവശത്ത് ടവര്‍ നിന്നിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ക്കും എഥീന എഡ്യൂക്കേഷന്‍ സെന്ററിന്റെ സൈക്കിള്‍ ഷെഡിനുമാണ് നാശനഷ്ടമുണ്ടായത്.
◾ അവധി ദിവസം വെറുതെ കളയാതെ സര്‍ഗാത്മകമായി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് ആലപ്പുഴ ജില്ലാ കളക്ടര്‍ ഷാജി വി നായര്‍. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ മഴയത്ത് പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നിര്‍ദേശിച്ചു.
◾ വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാന്‍കൊമ്പ് കടത്തിയ മഹാരാഷ്ട്ര സ്വദേശിയായ ലൈറ്റ് ബോയ് താനാജി നാരായണ്‍ കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്‌കാനിങ്ങിനിടെ പിടിയിലായി. അതിരപ്പിള്ളി വനമേഖലയില്‍ ജോജു ജോസഫ് നായകനായ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇയാള്‍ക്കു മാന്‍കൊമ്പ് ലഭിച്ചത്.
◾ ഗര്‍ഭസ്ഥ ശിശുവിനെ എസ്എടി ആശുപത്രിയിലെ ക്ലോസറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരുവല്ലം സ്വദേശിയായ 20 കാരിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
◾ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസില്‍ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെന്റ് നഗറില്‍ മണിയന്‍പാറ വീട്ടില്‍ സാജു(58)വിനെ കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. എന്നാല്‍ കൊലപാതകം, ബലാത്സംഗം, ഭീകരവാദം തുടങ്ങിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കരുത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അമിതാധികാരം ഉപയോഗിച്ച പോലീസുകാരെ സംരക്ഷിക്കരുത്. പ്രത്യേക അന്വേഷണത്തിനു സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്നത് പരിഗണിക്കും. വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
◾ യുവജനങ്ങളുമായി സംവദിക്കാന്‍ രാഷ്ട്രീയ സ്വയംസേവക സംഘം. ഈ മാസം ആറിന് മുംബൈയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ജെന്‍സികളുമായും ജെന്‍ ആല്‍ഫകളുമായും സംവദിക്കും. മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടി. രാജ്യത്തെ നൂറിലധികം നഗരങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.
◾ ബിഹാറിലെ ബങ്കിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയവുമായി ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രശാന്ത് കിഷോര്‍. ബിജെപിയുടെ 30 വര്‍ഷത്തെ ശക്തികേന്ദ്രം വെറും 30 ദിവസംകൊണ്ട് താന്‍ തകര്‍ത്തെന്ന് അദ്ദേഹം പ്രതികരിച്ചു.
◾ ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ സീറ്റില്‍ നേരിട്ട തിരിച്ചടി ബിജെപിയുടെ അവസാനത്തിന്റെ ആരംഭമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് ഡെറിക് ഒബ്രിയാന്‍. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ബങ്കിപ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രശാന്ത് കിഷോര്‍ വിജയിച്ചിരുന്നു.
◾ കാന്‍വര്‍ യാത്ര നടക്കുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്നു മുതല്‍ 12 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍നിന്നും നീക്കം ചെയ്തതിന് മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പ് പറയണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി. സംഭവത്തില്‍ മെറ്റ അധികൃതര്‍ പാര്‍ലമെന്ററി ഐടി സമതിക്കു മുന്നില്‍ ഖേദം പ്രകടിപ്പിച്ചപ്പോഴാണ് ബിജെപി അംഗങ്ങള്‍ ഈ നിലപാടെടുത്തത്. വീഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവുകൊണ്ടാണെന്ന് മെറ്റ വിശദീകരിച്ചു.
◾ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഡി മണ്ഡലത്തിലെ എംഎല്‍എ യശ്വന്ത്രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎല്‍എ സംഗമേഷും സ്ഥാനം രാജിവച്ചു. മുതിര്‍ന്ന അംഗം ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
◾ കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി തമിഴ്നാട്. മഴ ലഭിച്ചിട്ടും കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിന് അനുസൃതമായി കര്‍ണാടകം വെള്ളം വിട്ടുനല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. തമിഴ്നാടിന് അര്‍ഹതപ്പെട്ട കാവേരി വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടകത്തിന് ഉടന്‍ നിര്‍ദേശം നല്‍കണമാണ് തമിഴ്നാടിന്റെ ആവശ്യം.
◾ കോക്ക്റോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്റെ വിദേശത്തെ ഉന്നത പഠനത്തിനു ചെലവിട്ട പണത്തിനു സ്രോതസ് തേടിയവര്‍ക്കു ചുട്ട മറുപടിയുമായി അഭിജിത്ത് ദീപ്കെ. ബോസ്റ്റണ്‍ സര്‍വകലാശാല നല്‍കിയ സ്‌കോളര്‍ഷിപ്പ് രേഖകള്‍ പുറത്തുവിട്ടാണ് അഭിജിത്ത് ദീപ്കെയുടെ മറുപടി.
◾ ആഡംബര റേഞ്ച് റോവര്‍ കാറിലെത്തി ഭിക്ഷാടനം നടത്തിയ ദമ്പതികളെ പലസ്തീന്‍ പൊലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് സ്വര്‍ണം പൂശിയ ഐഫോണും കണ്ടെടുത്തു. ദമ്പതികളുടെ പേരിലുള്ള മറ്റ് ആസ്തികളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾ പാകിസ്ഥാനില്‍ നിരോധിത ഭീകര സംഘടനകളിലെ അംഗങ്ങളെ ഒന്നൊന്നായി കൊല്ലുന്നത് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ ആണെന്ന് പിടിയിലായ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍. അന്താരാഷ്ട്ര സമ്മര്‍ദ്ദം കാരണം ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ ഇല്ലാതാക്കാനാണ് ഐ.എസ്.ഐ തന്നെ ഈ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും ഭീകരന്‍ പറയുന്നു.
◾ ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ പൂര്‍ണ്ണമായ കീഴടങ്ങല്‍ വേണമെന്ന് ഇറാനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ഒമാനുമായി മാത്രമാണ് ആശയവിനിമയമെന്നുമുള്ള ഇറാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്.
◾ ഇപിഎഫ് വേതന പരിധി 15,000ല്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. പത്തുവര്‍ഷത്തിലേറെയായി മാറ്റമില്ലാതെ തുടര്‍ന്ന പരിധി ഉയര്‍ത്താനാണ് അംഗീകാരം നല്‍കിയത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ ജീവനക്കാര്‍ നിര്‍ബന്ധിത പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ പരിധിയില്‍ വരും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം വരികയുള്ളൂ. ഇതുവരെ അടിസ്ഥാന ശമ്പളമായി പ്രതിമാസം 15000 രൂപ വരെ ലഭിച്ചിരുന്ന ജീവനക്കാര്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. വേതന പരിധി ഉയര്‍ത്തുന്നതോടെ 25000 രൂപ വരെ ശമ്പളമുള്ള ജീവനക്കാര്‍ക്കും പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ ആനുകൂല്യം ലഭിക്കും. ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം സംഭാവന ചെയ്യേണ്ടതുണ്ട്. തൊഴിലുടമ നല്‍കുന്ന 12 ശതമാനം സംഭാവനയില്‍ 8.33 ശതമാനം പെന്‍ഷന്‍ പദ്ധതിയിലേക്കാണ് പോകുക.
◾ പ്രമുഖ യു.എസ് എഐ കമ്പനികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത് തുടര്‍ന്ന് ചൈന. ക്വന്‍ 3.8 മാക്സ് എഐ മോഡല്‍ ചൈനയിലെ ആലിബാബ പുറത്തിറക്കിയതോടെയാണിത്. കോഡിങ്, റീസണിങ്, മള്‍ട്ടിമോഡല്‍ ടാസ്‌ക്കുകള്‍ എന്നിവയില്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ആന്ത്രോപിക്കിന്റെ ക്ലോഡ് തുടങ്ങിയ മുന്‍നിര യുഎസ് എഐ മോഡലുകളുടെ പ്രകടനത്തിന് ഒപ്പം നില്‍ക്കുന്നതാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ചൈനയിലെ മൂണ്‍ഷോട്ട് എഐ കിമി കെ3 എന്ന മോഡല്‍ പുറത്തിറക്കി യു.എസ് കമ്പനികളെ ഞെട്ടിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആലിബാബയുടെ നീക്കം. ക്വന്‍ ശ്രേണിയിലെ ഏറ്റവും വലുതും ശക്തവുമായ മോഡല്‍ ആണിതെന്ന് കമ്പനി പറയുന്നു. അതേസമയം ഡെവലപ്പര്‍മാര്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിരക്കിന്റെ കാര്യത്തിലും ആലിബാബ വെല്ലുവിളി ഉയര്‍ത്തുന്നു. ഒരു മില്യണ്‍ ഇന്‍പുട്ട് ടോക്കണുകള്‍ക്ക് 2 ഡോളര്‍ വീതവും ഒരു മില്യണ്‍ ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 6 ഡോളര്‍ വീതവുമാണ് കമ്പനി ക്വന്‍ 3.8 മാക്സ്ന് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
◾ സംഗീതസംവിധായകനെന്ന നിലയില്‍ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന 'യെല്ലമ്മ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ പാര്‍ഷിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഫസ്റ്റ് ലുക്കിനൊപ്പം പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ദില്‍ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷകളിലായി പാന്‍-ഇന്ത്യ റിലീസിനൊരുങ്ങുകയാണ്. സാധാരണ വേഷത്തില്‍, കൈയില്‍ ഒരു കിരീടവുമായി നില്‍ക്കുന്ന ദേവി ശ്രീ പ്രസാദിന്റെ ലുക്ക് കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയും ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സ്വഭാവവും മനോഹരമായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ സംഗീതവും ദേവി ശ്രീ പ്രസാദിന്റേതാണ്. മോഷന്‍ പോസ്റ്ററിനൊപ്പമുള്ള പശ്ചാത്തല സംഗീതം ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്.
◾ 'വാഴ 2'-ന് ശേഷം ഹാഷിര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ ടൈറ്റില്‍ റിവീല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണും മിഡ്നൈറ്റ് സണ്‍ ഫിലിംസിന്റെ ബാനറില്‍ ടോണി ജോസും ചേര്‍ന്നാണ് 'ഞൊടി' നിര്‍മിക്കുന്നത്. 'വാഴ', 'എക്കോ', 'വാഴ 2' എന്നീ മെഗാഹിറ്റ് ചിത്രങ്ങള്‍ വിതരണം ചെയ്ത ഐക്കണ്‍ സിനിമാസ് ആണ് 'ഞൊടി' തിയേറ്ററുകളിലെത്തിക്കുന്നത്. വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്ലൈനും ശ്രദ്ധ നേടുകയാണ് 'ഞൊടി'യുടെ ടൈറ്റില്‍ റിവീല്‍ പോസ്റ്റര്‍.
◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹിറോ അവരുടെ വിഡ വിഎക്‌സ്2 മോഡലിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. ഫിക്‌സ്ഡ് ബാറ്ററി പാക്കോട് കൂടിയ ഗോ എഫ്ബി വേരിയന്റ് ആണ് വിപണിയില്‍ എത്തിയത്. 1.13 ലക്ഷം രൂപയാണ് വില. 3.1 കിലോവാട്ട്അവര്‍ ഫിക്‌സ്ഡ് ബാറ്ററി പാക്കാണ് ഈ പുതിയ വേരിയന്റിന് കരുത്തേകുന്നത്. റിമൂവബിള്‍ ബാറ്ററികളുള്ള മറ്റു വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് സാധാരണ സോക്കറ്റ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം. ഫുള്‍ ചാര്‍ജില്‍ 128 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 65 മിനിറ്റ് മതിയാകും. ബാറ്ററി പായ്ക്ക് 6കിലോവാട്ട് മോട്ടോറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗം. ടേണ്‍- ബൈ നാവിഗേഷനായി സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് എല്‍സിഡി കണ്‍സോള്‍ ആണ് ഇതിലുള്ളത്. സീറ്റിനടിയിലുള്ള സ്റ്റോറേജ് ശേഷി 27.2 ലിറ്ററാണ്.
◾ വേദാന്തദര്‍ശനങ്ങള്‍ക്കും ചാര്‍വാകദര്‍ശനങ്ങള്‍ക്കുമൊക്കെ മുന്‍പ് പ്രാചീനഭാരതത്തിലെ ഭോഗഭൂമിവ്യവസ്ഥയില്‍നിന്ന് കര്‍മഭൂമിയുഗമെന്ന ആധുനിക സംസ്‌കാരചരിത്രം രൂപപ്പെടുത്തിയ ജൈനമിഥോളജിയാണ് ധര്‍മചക്രത്തിലെ കഥയ്ക്കാധാരം. ദേശവും കാലവും ദ്രവ്യവും ഭാവവുമനുസരിച്ച് വസ്തുക്കളുടെ വൈവിധ്യത്തെപ്പറ്റി ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ച ജൈനാചാര്യന്മാര്‍ ലോകവാസ്തവികതയുടെ സമ്യക് ദര്‍ശനം കണ്ടെത്തിയവരാണ്. ആദിതീര്‍ഥങ്കരനായ ഋഷഭനാഥന്റെയും പുത്രന്മാരുടെയും കഥ പറയുന്ന ധര്‍മചക്രം ജൈനദര്‍ശനങ്ങളുടെ അടിസ്ഥാനശിലകളായ ജീവതത്ത്വം, അജീവതത്ത്വം, അഹിംസ തുടങ്ങി തത്ത്വമേഖലകളെയെല്ലാം സ്പര്‍ശിച്ചുകൊണ്ടാണ് ഇതള്‍ വിടരുന്നത്. 'ധര്‍മചക്രം'. ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍. മാതൃഭൂമി ബുക്സ്. വില 285 രൂപ.
◾ ലോകമെമ്പാടുമുള്ള ക്യാന്‍സര്‍ മരണങ്ങളില്‍ പ്രധാന വില്ലനാണ് ശ്വാസകോശാര്‍ബുദം. രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ ഈ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുത്. മൂന്നാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയെ നിസ്സാരമായി കാണരുത്. വിട്ടുമാറാത്ത ചുമ ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ചുമയ്ക്കുമ്പോള്‍ ബ്ലഡ് വരുന്നത് നിസ്സാരമല്ല. ചെറിയ അളവില്‍ പോലും ബ്ലഡ് കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ഇത് ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം. പടിക്കെട്ടുകള്‍ കയറുമ്പോഴും, കുറച്ച് ദൂരം നടക്കുമ്പോഴുമൊക്കെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത് ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന നെഞ്ച് വേദനയെ നിസ്സാരമായി കാണരുത്. ഇത് ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാണ്. ഭക്ഷണരീതികളില്‍ മാറ്റം വരുത്താതെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാകാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട പക്ഷിയെ പരിശീലിപ്പിച്ചാണ് അയാള്‍ മീന്‍ പിടിച്ചിരുന്നത്. അതിന്റെ കഴുത്തില്‍ ഒരു ചെമ്പുവളയം ഘടിപ്പിച്ചിരുന്നതിനാല്‍ അതിന് വലിയ മീനെ പിടിച്ചാല്‍ വിഴുങ്ങാന്‍ സാധിക്കില്ല. അതുകൊണ്ട് വലിയ മത്സ്യത്തെയെല്ലാം അത് അയാള്‍ക്ക് നല്‍കും. പകരം പ്രതിഫലമായി ചെറിയമത്സ്യത്തെയെല്ലാം ആ പക്ഷിക്കും നല്‍കും. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് തോന്നി, പക്ഷിക്ക് വലിയ മത്സ്യത്തെ തിന്നണമെന്ന് തോന്നിയാലും അതിന് കഴിയില്ല. പിന്നെന്തിന് പ്രതിഫലം നല്‍കണം. പിറ്റേന്ന് മുതല്‍ വലിയ മത്സ്യത്തിന്റെ മുളളുകള്‍ മാത്രം പക്ഷിക്ക് നല്‍കാന്‍ തുടങ്ങി. പക്ഷേ, കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പക്ഷി വലിയ മത്സ്യങ്ങളെ പിടിക്കാതെയായി. ചെറിയ മത്സ്യങ്ങളെ മാത്രം പിടിച്ച് തന്റെ വിശപ്പകറ്റി. അയാളുടെ മീന്‍കുട്ട കാലിയാവുകയും ചെയ്തു. കരാറടിസ്ഥാനത്തിലല്ല, വിശ്വാസടിസ്ഥാനത്തിലാണ് എല്ലാവരും കര്‍മ്മനിരതരാകുന്നത്. നിയമിക്കുന്നവരും നിയമിക്കപ്പെടുന്നരും മുതലാളിയും തൊഴിലാളിയും മേധാവിയും സഹായിയുമെല്ലാം എല്ലായിടത്തുമുണ്ടാകും. തങ്ങളുടെ കഴിവും ആത്മാര്‍ത്ഥതയും പരിഗണിക്കപ്പെടുന്നുണ്ടോ എന്നതിലാണ് എവിടുത്തേയും പ്രവര്‍ത്തനമികവ് തീരുമാനിക്കപ്പെടുന്നത്. ആരും ആരുടേയും ആശ്രിതരല്ല. സ്വന്തം നിലനില്‍പ്പിനും അഭിവൃദ്ധിക്കും വേണ്ടിയുളള പോരാട്ടമാണ് ഓരോ ജീവിതവും. അവിടെ അത്മാഭിമാനത്തിനും വിശ്വാസത്തിനുമാണ് വില കല്‍പ്പിക്കുന്നത്. ചൂഷണം ചെയ്യപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ ആ ബന്ധം അവിടെ അവസാനിക്കും.. ആരും ആരുടേയും അടിമകളല്ല.. പരസ്പരം ബഹുമാനിക്കാനും വിലകല്‍പ്പിക്കാനും ശീലിക്കാം - ശുഭദിനം.
