പൂനൂർ പുഴ കരകവിഞ്ഞൊഴുകി കോളിക്കൽ അങ്ങാടി വെള്ളത്തിനടിയിൽ
കോളിക്കൽ :ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയിൽ പൂനൂർ പുഴ കരകവിഞ്ഞൊഴുകി കോളിക്കൽ അങ്ങാടി പൂർണ്ണമായും വെള്ളത്തിനടിയിലായി. പൂനൂർ കോളിക്കൽ കട്ടിപ്പാറ റോഡിൽ ഗതാഗതം രാവിലെ 9 മണിയോടെ സ്തംഭിച്ചു. ഹെക്‌ടർ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. ഐ പി മരക്കാർ, ആശാരികണ്ടി നാസർ, തട്ടഞ്ചേരി ഷമീർ എന്നിവരുടെ വീടുകളും, ഈന്തോലങ്കണ്ടി ഭാഗങ്ങളിലെ നിരവധി വീടുകളും വെള്ളത്തിലായി. പലരുടെയും പറമ്പുകളിൽ കൂട്ടിയിട്ട നൂറുക്കണക്കിന് തേങ്ങയും, മറ്റു വസ്തുക്കളും ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കോളിക്കൽ അങ്ങാടിയിലെ ഗുരുക്കൾ അൻവറിൻ്റെ ഉടമസ്ഥതയിലുള്ള വാടക സ്റ്റോർ , എം പി മുഹമ്മദലിയുടെ എം പി സ്റ്റോർ , ഹാബിസിൻ്റെ ഉടമസ്ഥതയിലുള്ള കെ എം ഹോട്ടൽ, കോളിക്കൽ ടൗൺ ജുമാ മസ്ജിദ്, ഈന്തോലങ്കണ്ടി അബൂബക്കർ, പാറക്കൽ അബ്ദുൽ മജീദ് എന്നിവരുടെ പച്ചക്കറികടകൾ,സി പി എം ബേക്കറി, സുരേന്ദ്രൻ്റെ ടൈലറിംഗ് ഷോപ്പ്, പി. അഷ്റഫിൻ്റെ മൾട്ടി സ്റ്റോർ , കൊടശ്ശേരി അബൂബക്കറിൻ്റെ ഉടമസ്ഥതയിലുള്ള ചിക്കൻ സ്റ്റാൾ എന്നിവയും വെള്ളത്തിലായി. നാട്ടുകാർ ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ ഫലമായാണ് ഭീമമായ നാശനഷ്ടം ഒഴിവായത്. 2018 ന് ശേഷം ഇങ്ങനെയൊരു മലവെള്ളപ്പാച്ചിൽ ഇതാദ്യമായിട്ടാണെന്നും നാട്ടുകാർ പറയുന്നു.
