കോരങ്ങാട് - കോളിക്കൽ റോഡ് തകർന്നു: ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കണമെന്ന് ആവശ്യം
താമരശ്ശേരി: താമരശ്ശേരിയിൽ നിന്ന് കോരങ്ങാട് വഴി കട്ടിപ്പാറ, തലയാട്, കന്നൂട്ടിപ്പാറ എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രധാന പാതയായ കോരങ്ങാട് - കോളിക്കൽ റോഡ് വർഷങ്ങളായി നവീകരണമില്ലാതെ തകർച്ചയിൽ. റോഡിലുടനീളം വലിയ കുഴികൾ രൂപപ്പെട്ടതോടെ യാത്ര ദുരിതപൂർണ്ണമായിരിക്കുകയാണ്.
പ്രദേശത്തിന്റെ വലിയൊരു വികസന സാധ്യത മുന്നിൽ കാണുന്ന പാതയാണിത്. നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ (PWD) കീഴിലുള്ള ഈ റോഡ് മികച്ച രീതിയിൽ പുനർനിർമ്മിച്ചാൽ യാത്രാസമയം ലാഭിക്കാനും പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും സാധിക്കും.
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് എത്രയും വേഗം ബിഎം & ബിസി (BM & BC) നിലവാരത്തിൽ നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം..
