താമരശ്ശേരി ബിഷപ്പ് ഹൗസിന് സമീപം അപകടങ്ങൾ പതിവാകുന്നു; ഒരു ആഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങൾ, കെ.എസ്.ഇ.ബി പോസ്റ്റുകൾ തകർന്നു
താമരശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ താമരശ്ശേരി ബിഷപ്പ് ഹൗസിന് സമീപമുള്ള റോഡ് ഭാഗം സ്ഥിരം അപകടമേഖലയാകുന്നു. ഒരു ആഴ്ചയ്ക്കിടെ മൂന്ന് വ്യത്യസ്ത അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. നിയന്ത്രണം വിട്ട വാഹനങ്ങളിടിച്ച് രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു.
ഇരുമ്പ് തൂണുകൾ തകർന്നതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ ഏറെ പ്രയാസപ്പെട്ടു. രാത്രി സമയങ്ങളിലാണ് ഇവിടെ അപകടങ്ങൾ കൂടുതലായും സംഭവിക്കുന്നത്. അപകടത്തിൽപ്പെടുന്നതിൽ ഭൂരിഭാഗവും കാറുകളാണ്.
റോഡിലെ വർദ്ധിച്ചുവരുന്ന അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സോളാർ ബ്ലിങ്കറുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
