സമയക്രമത്തെ ചൊല്ലി തര്‍ക്കം; ബസ് ഡ്രൈവറെയും കണ്ടക്ടറെയും മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു; അറസ്റ്റ്

പാലക്കാട്: സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലങ്കോട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. പാലക്കാട് കുതിരമൂളിയിലാണ് സംഭവം. ഗോവിന്ദപുരത്ത് നിന്ന് വടക്കഞ്ചേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ സുമന്‍, കണ്ടക്ടര്‍ സഞ്ജു എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

സംഭവത്തില്‍ മറ്റൊരു ബസ്സിലെ ഡ്രൈവറായ കുതിരമൂളി സ്വദേശി വിനീഷിനെയും സുഹൃത്തുക്കളെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഓടുന്ന ബസ്സില്‍ കയറി മുളകുപൊടിയെറിഞ്ഞ് ഇരുമ്പ് വടികൊണ്ട് പ്രതികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് കൊല്ലങ്കോട് വട്ടേക്കാട്ടില്‍ വെച്ച് സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു.