ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; മഴ ശക്തമായി തുടരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ വരുംദിവസങ്ങളിലും മഴ തുടർന്നേക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പും എത്തുന്നത്.
തിരുവോണ ദിവസമായ ബുധനാഴ്ചയും സംസ്ഥാനത്തെ ചില ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അന്നേക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
അതിനാൽ ഉത്രാടദിനത്തിലും തിരുവോണദിനത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
