സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം


തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം രൂക്ഷമെന്ന് പറയുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം പുറത്ത്. ആശുപത്രി സൂപ്രണ്ടുമാർ എത്രയും വേഗം മരുന്നുകൾ സംഭരിക്കണമെന്നും ഇല്ലെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്നും ശബ്ദ സന്ദേശത്തിൽ നിർദേശിക്കുന്നു.

ഡിഎംഒമാരുടെയും ഡിപിഎംമാരുടെയും ഗ്രൂപ്പിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷിയുടെ നിർദേശം വന്നത്. എച്ച്എംസി ഫണ്ടിൽ പണമുണ്ടെങ്കിൽ ഉപയോഗിച്ച് മരുന്നുകൾ വാങ്ങാനും ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങൾ സൂപ്രണ്ടുമാർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഡിഎംഒമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഏത് മരുന്നുകൾ ലഭ്യമാണ്, ഏതൊക്കെ മരുന്നുകൾ ലഭ്യമല്ല, ഏതൊക്കെ മരുന്നുകളാണ് ലോക്കൽ പർച്ചേസിലൂടെ വാങ്ങുന്നത് തുടങ്ങിയ വിവരങ്ങൾ പുറത്തുനൽകരുതെന്നും ഡിഎംഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.