നീതി തേടിയുള്ള അബ്ദുൾ അസീസിന്റെ കാത്തിരിപ്പിന് വിരാമം: പത്ത് വർഷത്തെ നികുതി കുടിശ്ശിക ഒരുമിച്ചടച്ചു; വീട്ടുനമ്പറും കിട്ടി
താമരശ്ശേരി: പഞ്ചായത്ത് രേഖകളുടെ കമ്പ്യൂട്ടർവത്കരണത്തിന് ശേഷം സംഭവിച്ച സാങ്കേതികപിഴവിന്റെ പേരിൽ വർഷങ്ങളായി താമസിക്കുന്ന വീടിന്റെ കെട്ടിടനികുതി അടയ്ക്കാൻ സാധിക്കാതിരിക്കുകയും, വീട്ടുനമ്പർ രേഖയിലില്ലാതെ പോവുകയും ചെയ്ത താമരശ്ശേരി തച്ചംപൊയിൽ പി.സി.മുക്കിലെ ചാൽമലയിൽ അബ്ദുൾ അസീസിന് കാത്തിരിപ്പിനൊടുവിൽ നീതി. കഴിഞ്ഞ പത്ത് വർഷമായി അടയ്ക്കാൻ കഴിയാതിരുന്ന വീടിന്റെ കെട്ടിടനികുതി, കുടിശ്ശികയുൾപ്പെടെ 7,290 രൂപയായി അബ്ദുൾ അസീസ് വെള്ളിയാഴ്ച ഒരുമിച്ച് അടച്ചു. 497 എന്ന വീട്ടുനമ്പറും ലഭ്യമായി..
26 വർഷമായി താമസിച്ചുവരുന്ന വീടിന്റെ കെട്ടിട നമ്പറിൽ 2016 ഡിസംബർ 26-നായിരുന്നു സി.എം.അബ്ദുൾ അസീസിന്റെ പേരിൽ അവസാനമായി നികുതി രേഖപ്പെടുത്തിയത്. പഞ്ചായത്ത് രേഖകളുടെ കമ്പ്യൂട്ടർവത്കരണത്തിന് ശേഷം നികുതി അടച്ചെങ്കിലും അത് സാങ്കേതിക പിഴവിന്റെ പേരിൽ തേക്കിൻതോട്ടം സ്വദേശിയായ കെ.പി.അബ്ദുൾ അസീസ് മലയിൽ എന്നയാളുടെ പേരിലാണ് രേഖപ്പെടുത്തപ്പെട്ടത്. വീടിന് മറ്റൊരു നമ്പറും ലഭിച്ചു.
പിന്നീട് തച്ചംപൊയിലിൽ നടന്ന നികുതി സ്വീകരണ ക്യാമ്പിൽ കുടിശ്ശിക അടയ്ക്കാൻ പോയപ്പോഴാണ് ആ വീട്ടുനമ്പറിൽ തന്റെ പേരിലുള്ള വീടില്ലെന്നും, പഞ്ചായത്ത് രേഖകൾ പ്രകാരം നികുതി അടച്ചില്ലെന്നും അസീസിന് മനസ്സിലായത്. വീട്ടുനമ്പറും പഴയ താരിഫിലുള്ള കെട്ടിട നികുതിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ താമരശ്ശേരി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയെങ്കിലും, സഞ്ചയ സോഫ്റ്റ് വെയറിൽ നിന്ന് വ്യത്യസ്തമായി കെ-സ്മാർട്ടിൽ പഴയ നികുതി പുനഃസ്ഥാപിക്കാനാവില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. ഒടുവിൽ തന്റെ അവസ്ഥ വിശദമാക്കി അബ്ദുൾ അസീസ് മാധ്യമങ്ങളെയും അധികൃതരെയും സമീപിക്കുകയായിരുന്നു.
