ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരി സ്വദേശിക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 6:30 ഓടെ ചെങ്ങോട്ടുകാവ് റെയിൽവേ ട്രാക്കിന് സമീപമായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് യുവാവിനെ തട്ടിയത്. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോകുന്നതിനിടെ യുവാവിന്റെ ഫോൺ ട്രാക്കിലേക്ക് വീണിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. ട്രാക്കിന് സമീപം അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ തന്നെ പ്രദേശവാസികൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

കൈക്കും കാലിനും പരിക്ക് ​ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് കൊയിലാണ്ടി പോലീസും റെയിൽവേ പോലിസും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു.