പെട്രോൾ പമ്പുകളിലെ യുപിഐ ഇടപാടുകൾ: ചാർജിൽ ഇളവിന് നീക്കവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പെട്രോൾ പമ്പുകളിലെ യുപിഐ ഇടപാടുകളിൽ പുതിയ ചാർജ് ഘടന നടപ്പിലാക്കാനിരിക്കെ, നിരക്കുകളിൽ നിർണായക ഇളവുകൾക്ക് ഒരുങ്ങി കേന്ദ്രസർക്കാർ. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫ്ലാറ്റ് നിരക്കിൽ മാറ്റങ്ങൾ വരുത്താനാണ് ധനമന്ത്രാലയത്തിന്റെ ആലോചന.
2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് എംഡിആർ ചാർജ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപ ഫ്ലാറ്റ് നിരക്ക് ഈടാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
പെട്രോൾ പമ്പുകളിലെ കമ്മിഷൻ വളരെ കുറവാണെന്നും ഈ സാഹചര്യത്തിൽ എംഡിആർ നൽകാനാകില്ലെന്നും പമ്പുടമകൾ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഔദ്യോഗികമായി കത്തുമയച്ചിരുന്നു.
പമ്പുടമകളുടെ പരാതിയും വ്യാപക പ്രതിഷേധവും കണക്കിലെടുത്താണ് ധനമന്ത്രാലയം വിഷയം വീണ്ടും പരിശോധിക്കുന്നത്. ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രാലയത്തിൽ ഉന്നതതല ചർച്ചകൾ ആരംഭിച്ചതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
പെട്രോൾ പമ്പുകളിലെ ഡിജിറ്റൽ ഇടപാടുകളെ ബാധിക്കാത്ത രീതിയിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
