മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ
കോഴിക്കോട്: മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടിൽ റാഷിക് പി.കെ. (58 ) ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. ഈ മാസം ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം.
ലൈംഗികാതിക്രമം നടത്തണം എന്ന ഉദ്ദേശത്തോടുകൂടി യുവതിയെ കാറിൽകയറ്റി കൊയിലാണ്ടിയിലെ ലോഡ്ജിൽ എത്തിച്ച് പീഡനം നടത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ ബിബിൻലാലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിനേഷ് ടി.പി.യുടെ നേതൃത്വത്തിൽ എഎസ്‌ഐ രഘീഷ്, എസ്‌സിപിഒ-മാരായ സിൻജിത്, വിജീഷ്, പ്രശോഭ്, സിപിഒമാരായ വിജിനേഷ്, വിജേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
