പുതുപ്പാടിയിൽ വയോധികനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാഘാതമെന്ന് സംശയം

താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് വെള്ളം കുന്ന് ഉന്നതിയിൽ താമസിക്കുന്ന ചന്ദൻ (75) നെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

​വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള റംല എന്നവരുടെ ഉടമസ്ഥതയിലുള്ള വയലിൽ ജോലിക്ക് പോയതായിരുന്നു ചന്ദൻ. വൈകീട്ട് 4:30 ഓടെ കൂട്ടിക്കൊണ്ടുവരാനായി മകൻ വിഷ്ണു മോട്ടോർ സൈക്കിളിൽ എത്തിയപ്പോഴാണ്, വയലിൽ മണ്ണെടുത്ത ഭാഗത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്.

​നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ചന്ദന്റെ നെഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റ രീതിയിൽ തൊലി ഉരിഞ്ഞ പാടുകളുണ്ട്. സൂര്യാതാപമേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി