പുതിയ വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി.
സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കാനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. ചിലയിനങ്ങളിൽ മൂന്നിരട്ടിവരെയാണ് വർധന വരുത്തിയിരിക്കുന്നത്. പുതിയ നിരക്കുകൾ വരുന്ന ഒക്ടോബർ 12 മുതൽ നിലവിൽ വരും. പോസ്റ്റ്, അധിക വയർ, ട്രാൻസ്‌ഫോർമർ തുടങ്ങിയവ ആവശ്യമുള്ളവർക്ക് ലാഭകരവും അല്ലാത്തവർക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക്.
പ്രതീകാത്മക ചിത്രം
നിരക്കുകൾ ഏകീകരിച്ചു: ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റുസാധനങ്ങളുംവേണ്ട കണക്‌ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. മുൻപ് വെവ്വേറെയായിരുന്നു. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്കുകൾ ഏകീകരിച്ചതോടെ, അപേക്ഷയ്ക്കൊപ്പം ഫീസ് അടയ്ക്കാം. നിലവിൽ കെഎസ്ഇബി ഫീസ് കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നു. 200 മീറ്ററിനപ്പുറം കൂടുതൽ ഉപകരണങ്ങളും പോസ്റ്റും വേണ്ടയിടത്ത് നിലവിലെ നിരക്ക് തുടരും.
ഗാർഹിക കണക്ഷൻ നിരക്കുകൾ: ഇതും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കിലോവാട്ടുവരെയുള്ള സിംഗിൾ ഫെയ്‌സ് ഗാർഹിക കണക്‌ഷന് ഇനി 2000 രൂപ നൽകണം.
രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ടുവരെയുമുള്ള കണക്ഷന് 1,740 രൂപയായിരുന്ന ഫീസ് 5000 രൂപയാക്കി ഉയർത്തി. (മുൻപ് അഞ്ചു കിലോവാട്ടുവരെ 1,740 രൂപയായിരുന്നു).
ഉയർന്ന ലോഡുകൾക്ക് വൻ വർധന: 25 മുതൽ 50 കിലോവാട്ടുവരെ 21,750 രൂപയായിരുന്നു. ഇനി 30 മുതൽ 40 വരെ കിലോവാട്ടിന് 2890 രൂപ വീതമാണ് നിരക്ക്. 50-ന് മുകളിൽ 100 കിലോവാട്ടുവരെ കിലോവാട്ടിന് 5670 രൂപയും. അതായത് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്‌ഷന് 21,750 രൂപ നൽകിയിരുന്നതിന് ഇനി 2.11 ലക്ഷം രൂപ നൽകണം. ഈ വിഭാഗത്തിൽ ട്രാൻസ്‌ഫോർമർ ആവശ്യമെങ്കിൽ അതിനോ മറ്റ് സാധനങ്ങൾക്കോ പണം ഈടാക്കില്ല.
തരംമാറ്റാൻ: കണക്ടഡ് ലോഡിൽ മാറ്റംവരുത്താതെ സിംഗിൾ ഫെയ്‌സ് ത്രീ ഫെയ്‌സ് ആക്കി മാറ്റുന്നതിന് കിലോവാട്ടിന് 700 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
