എളേറ്റിൽ - ചെറ്റക്കടവിൽ മരം പൊട്ടിവീണു; ഗതാഗതവും, വൈദ്യുതിബന്ധവും തടസ്സപ്പെട്ടു.

എളേറ്റിൽ: എളേറ്റിൽ - പൂനൂർ റോഡിൽ ചെറ്റക്കടവ് വളവിൽ മരം റോഡിലേക്ക് പൊട്ടിവീണു. 

സമീപത്തെ കെ.എസ്.ഇ.ബി പോസ്റ്റുകൾ തകരുകയും, പ്രധാന വൈദ്യുതി ലൈനുകൾ പൊട്ടി റോഡിലേക്ക് പതിക്കുകയും ചെയ്തു. മരം വീണ സമയം റോഡിൽ വാഹനവും, കാൽനട യാത്രക്കാരും ഇല്ലാത്തത് വൻ ദുരന്തം ഒഴിവായി.

ലൈനുകളും മരവും റോഡിന് കുറുകെ വീണതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡിലൂടെ വാഹനങ്ങൾക്കൊന്നും കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.

​തുടർന്ന് നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും, കെ.എസ്.ഇ.ബി ജീവനക്കാരും, നാട്ടുകാരും ചേർന്ന് നീണ്ട പരിശ്രമത്തിനൊടുവിൽ മരം വെട്ടിമാറ്റുകയും, ലൈനുകൾ നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്തു.

​മെയിൻ ലൈനുകൾ ഉൾപ്പെടെ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ അല്പം സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.