മതം മറയാക്കി ഛിദ്രത വളർത്തുന്ന പ്രവണതകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണം ഡോ: ഹുസൈൻ മടവൂർ

താമരശ്ശേരി : യഥാർഥ വിശ്വാസാചാരങ്ങളിൽ നിന്നും സമൂഹത്തെ തെറ്റിച്ചു കളയുന്ന, മതം മറയാക്കി ഭിന്നതയും ഛിദ്രതയും വളർത്തിക്കൊണ്ടു വരുന്ന  പ്രവണതകൾക്കെതിരെ സമൂഹം അതീവ ജാഗ്രത പുലർത്തണമെന്ന് ഡോ: ഹുസൈൻ മടവൂർ പ്രസ്താവിച്ചു. മണ്ണിൽകടവിൽ പ്രത്യേകം സജ്ജമാക്കിയ സലഫി നഗറിൽ താമരശ്ശേരി മണ്ഡലം കെ എൻ എം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മടവൂർ . മണ്ഡലം പ്രസിഡണ്ട് ഷാജി മണ്ണിൽകടവ് അധ്യക്ഷത വഹിച്ചു. പ്രമുഖ ഇസ്‌ലാഹി പണ്ഡിതൻ അനസ് സ്വലാഹി കോഴിച്ചെന, എം എസ് എം സംസ്ഥാന സെക്രട്ടറി ശിബിലി മുഹമ്മദ് മണ്ണിൽകടവ് , മണ്ഡലം ഐ എസ് എം പ്രസിഡണ്ട് സൈഫുള്ള മദനി എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രസംഗിച്ചു.
    പത്രപ്രവർത്തന രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച ജാഫർ കോളിക്കൽ, ഇസ്‌ലാഹി പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പഴയ തലമുറയിലെ കാരണവന്മാർ എന്നിവരെ കൊടുവള്ളി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ കെ കെ എ ഖാദർ ചടങ്ങിൽ ആദരിച്ചു. നിസാൽ മണ്ണിൽകടവ് ഖുർആൻ പാരായണം നടത്തി. താമരശ്ശേരി മണ്ഡലം കെ എൻ എം ജനറൽ സെക്രട്ടറി പി പി അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും, അബ്ദുസ്സത്താർ അടിവാരം നന്ദിയും പറഞ്ഞു.