കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആത്മ കർഷക അവാർഡ്; ശ്രീലക്ഷ്മി മികച്ച കുട്ടി കർഷക
കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കാർഷിക സെമിനാറിനോടനുബന്ധിച്ച് നടന്ന ആത്മ കർഷക അവാർഡ് വിതരണ ചടങ്ങിൽ മികച്ച കുട്ടി കർഷകയായി ചമൽ സ്വദേശിനി ശ്രീലക്ഷ്മി പി.എസ്. (പൂവത്തിങ്ങൽ) തിരഞ്ഞെടുക്കപ്പെട്ടു. കട്ടിപ്പാറ ചമൽ നിർമല യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി.
ചമൽ സ്വദേശികളായ ഷാജിയുടെയും പ്രവിഷയുടെയും മകളായ ശ്രീലക്ഷ്മി പഠനത്തോടൊപ്പം കൃഷിയിലും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. മുത്തച്ഛനായ പൂവത്തിങ്ങൽ എൻ.കെ. സാമിക്കുട്ടിയോടൊപ്പമാണ് ഈ കൊച്ചുമിടുക്കി കൃഷിയിടത്തിൽ ഇറങ്ങുന്നത്. മണ്ണൊരുക്കൽ, വിത്തുനടീൽ, ചെടികളുടെ പരിപാലനം, കളപറിക്കൽ, വളപ്രയോഗം, വിളവെടുപ്പ് തുടങ്ങി കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും നേരിട്ട് പങ്കെടുത്താണ് ശ്രീലക്ഷ്മി കൃഷിപാഠങ്ങൾ സ്വായത്തമാക്കിയത്.
സ്കൂൾ പഠനത്തിന് ശേഷമുള്ള ഒഴിവുസമയങ്ങളും അവധി ദിവസങ്ങളും കൃഷിയിടത്തിൽ ചെലവഴിക്കുന്ന ശ്രീലക്ഷ്മിയുടെ പ്രവർത്തനം, പുതുതലമുറയ്ക്ക് മണ്ണിനോടും പ്രകൃതിയോടും അടുപ്പം പുലർത്താനുള്ള മികച്ച മാതൃകയാണെന്ന് സംഘാടകർ വ്യക്തമാക്കി.
കൊടുവള്ളിയിൽ നടന്ന ചടങ്ങിൽ പ്രമുഖ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മാണി, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സജിന ടീച്ചർ, ബ്ലോക്ക് മെമ്പർ ജിൻസി തോമസ് തുടങ്ങിയ ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
