ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; കോഴിക്കോട് ജിം ട്രെയിനർ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. അത്തോളി സ്വദേശിയായ വി.പി. റിഷാദിനെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പേഴ്സണൽ ട്രെയിനറായി പ്രവർത്തിച്ചിരുന്ന റിഷാദ്, ജിമ്മിലെത്തിയിരുന്ന കുട്ടിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നതായി പൊലീസ് പറയുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
തുടർന്ന് പെൺകുട്ടിയെ വൈത്തിരിയിലെത്തിച്ച് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.
