പള്ളികൾ കേന്ദ്രീകരിച്ച് ബാറ്ററി മോഷണം: തിരുവമ്പാടി സ്വദേശി പിടിയിൽ
മുക്കം: പ്രദേശത്തെ വിവിധ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് തുടർച്ചയായി ബാറ്ററികൾ മോഷ്ടിച്ചുവന്ന തിരുവമ്പാടി സ്വദേശി ജലീൽ മുക്കം പോലീസിന്റെ പിടിയിലായി. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, മലയമ്മ തുടങ്ങിയ പ്രദേശങ്ങളിലെ പള്ളികളിലാണ് ഇയാൾ പ്രധാനമായും കവർച്ച നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം മലയമ്മ ടൗൺ ജുമാ മസ്ജിദിൽ നിന്നും ബാറ്ററി മോഷണം പോയിരുന്നു. തുടർന്ന് നാട്ടുകാർ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയും അന്വേഷണവുമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
പ്രാർത്ഥനയ്ക്കായി എന്ന വ്യാജേന പള്ളികളിൽ എത്തുന്നതാണ് ഇയാളുടെ രീതി. തുടർന്ന് നമസ്കാരത്തിനു ശേഷം ആളുകളും പള്ളി അധികൃതരും ഭക്ഷണം കഴിക്കാൻ പോകുന്ന ഇടവേള മുതലെടുത്ത് ബാറ്ററികൾ കവർച്ച ചെയ്ത് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മുക്കം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
