ട്രെയിനിൽ ഉച്ചത്തിലുള്ള ഫോൺവിളിക്കും പാട്ടിനും പൂട്ട്; 1000 രൂപ പിഴ, ആവർത്തിച്ചാൽ 6 മാസം തടവോ 5000 രൂപ പിഴയോ!
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ സ്പീക്കറിലിട്ട് പാട്ട് കേൾക്കുകയോ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുകയോ ചെയ്യുന്ന ശീലമുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി കർശനമാക്കുകയാണ് ദക്ഷിണ റെയിൽവേ. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഉച്ചത്തിൽ പാട്ടുകളും വീഡിയോകളും പ്ലേ ചെയ്യുന്നതും മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിൽ സംസാരിക്കുന്നതും ഇനി പിഴയ്ക്ക് കാരണമാകാം.
ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ ഡിവിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി ട്രെയിനുകളിലും സ്റ്റേഷനുകളിലും പ്രാദേശിക ഭാഷകൾ, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ അറിയിപ്പുകൾ നൽകാനും നോട്ടീസുകൾ പ്രദർശിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
റെയിൽവേ ജീവനക്കാരന്റെ നിർദേശം ലഭിച്ചിട്ടും ശല്യം തുടരുകയാണെങ്കിൽ ആറുമാസം വരെ തടവോ 5000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നതും വീഡിയോകൾ കാണുന്നതും നിരോധിക്കുകയല്ല ലക്ഷ്യം. മറിച്ച്, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ഉപയോഗിക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. പാട്ടുകളും വീഡിയോകളും കേൾക്കാൻ ഇയർഫോൺ ഉപയോഗിക്കണമെന്നും ഫോൺവിളികൾക്കിടെ ശബ്ദം നിയന്ത്രിക്കണമെന്നും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രെയിനിൽ ദീർഘനേരം ഉച്ചത്തിൽ സംസാരിക്കുന്നതും റിങ്ടോണുകൾ ഉയർന്ന ശബ്ദത്തിൽ മുഴങ്ങുന്നതും സഹയാത്രികരുടെ യാത്രാസുഖത്തെ ബാധിക്കാറുണ്ട്. ഇത്തരം പരാതികൾ പരിഗണിച്ചാണ് ബോധവത്കരണവും നിയമനടപടികളും ശക്തമാക്കുന്നത്.
