2000 രൂപയ്ക്ക് മുകളിലെ ഇടപാടുകൾക്ക് ഫീസ്: ഒക്ടോബർ 15ന് സൂപ്പ ർമാർക്കറ്റുകളിൽ യുപിഐ പണിമുടക്ക്
കൊച്ചി: സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ യുപിഐ വഴിയുള്ള പണമിടപാടുകൾ പ്രതിഷേധസൂചകമായി നിർത്തിവെക്കുമെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള (സ്വാക്ക്) ഭാരവാഹികൾ. വ്യാപാരികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടി. അടിയന്തരമായി തീരുമാനം പിൻവലിക്കണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സിയാവുദ്ദീൻ കെ.എ ആവശ്യപ്പെട്ടു.
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്ക്ക് വ്യാപാരികളിൽ നിന്ന് നിശ്ചിത ചാര്ജ് (MDR) ഈടാക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. ഒക്ടോബര് 15 മുതല് ഈ ഫീസ് ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ ഉള്ളത്. എന്നാൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളും കറൻസി നോട്ടുകളും പതിവുപോലെ സ്വീകരിക്കുമെന്ന് സിയാവുദ്ദീൻ വ്യക്തമാക്കി.
രാജ്യത്തെ മുഴുവൻ വ്യാപാരികൾക്കും ഈ തീരുമാനം വലിയ നഷ്ടമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് സിയാവുദ്ദീൻ ചൂണ്ടിക്കാട്ടി. ഈടാക്കുന്ന തുക രാജ്യത്തിന്റെ പുരോഗതിക്കല്ല ഉപയോഗിക്കുന്നത്. ഇതിന്റെ നികുതി തുക മാത്രമാണ് ഇന്ത്യയിലേക്ക് വരുന്നത്, ബാക്കി തുക വിദേശത്തേക്ക് പോവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ശരാശരി കുടുംബം സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ഒരുസമയം 4000 മുതൽ 5000 രൂപ വരെയുള്ള സാധനങ്ങൾ വാങ്ങാറുണ്ട്. നിലവിലുള്ള വിലക്കയറ്റം കാരണം മൂന്നോ നാലോ സാധനങ്ങൾ വാങ്ങുമ്പോൾ തന്നെ 2000 രൂപ കടക്കും. 1000 രൂപയ്ക്ക് 0.4 ശതമാനം എന്ന കണക്കിൽ നാല് രൂപ വെച്ചാണ് ചാർജ് ഈടാക്കുന്നത്. അപ്പോൾ 5000 രൂപയ്ക്ക് പർച്ചേസ് ചെയ്താൽ മിനിമം 20 രൂപ തൊട്ട് ഫീസ് ഈടാക്കേണ്ടി വരും. ഇത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നതെന്ന് സിയാവുദ്ദീൻ വ്യക്തമാക്കി.
