ചേരാനല്ലൂരില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്റെ മരണം; ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യും


ചേരാനല്ലൂരില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചതില്‍ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ഇരിങ്ങാലക്കുട എം.എ.സി.ടി. ജഡ്ജിയെ സസ്പെന്‍‍ഡു ചെയ്യും.  ഹൈക്കോടതിയുടേതാണ് തീരുമാനം.  സംഭവം ജുഡീഷ്യറിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് ഹൈക്കോടതി വിലയിരുത്തി. വാഹനത്തിന്റെ ആര്‍സിഉടമയാണ് എംഎസിടി ജഡ്ജി. അതേസമയം, ചേരാനല്ലൂര്‍ അപകടത്തില്‍ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പ്രതിചേര്‍ത്തു.

കേസിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. നരഹത്യാക്കുറ്റം ചുമത്തുന്നത് മനഃപൂർവം വൈകിപ്പിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ പരാതിയും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. അപകടസമയത്ത് 17കാരൻ അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടത്തിന് തൊട്ടുമുമ്പ് കാറിന്റെ വേഗം മണിക്കൂറിൽ 104 കിലോമീറ്ററായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. അപകടവുമായി ബന്ധപ്പെട്ട് പ്രതി പകർത്തിയ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.