മലപ്പുറത്ത് മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് മരിച്ചു; ഡ്രൈവര്‍ കസ്റ്റഡിയില്‍
മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ മദ്യലഹരിയില്‍ അതിവേഗത്തിലെത്തിയ കാര്‍ സ്കൂട്ടറിലിടിച്ച് അധ്യാപകന് മരണപ്പെട്ടു. ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീനാണ് അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് മലപ്പുറം പറപ്പൂര് സ്വദേശി അക്ബര്‍ അലി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവന് രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഹബീബിന് പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ജീവഹാനി വരുത്തുകയും ചെയ്ത കുറ്റത്തിന് കാറോടിച്ചിരുന്ന അക്ബര്‍ അലിയെ പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
