താമരശ്ശേരിയിൽ എസി വയറുകൾ മോഷ്ടിച്ചയാൾ പിടിയിൽ

താമരശ്ശേരി: താമരശ്ശേരി കാരാടിയിലുള്ള വയനാട് റിജൻസി ടൂറിസ്റ്റ് ഹോം സമുച്ചയത്തിൽ നിന്ന് എസികളുടെ കോപ്പർ റോഡുകളും വയറുകളും മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. കൂടരഞ്ഞി പനയ്ക്കച്ചാൽ സ്വദേശി രാജു കെ (49 - 'അടക്കരാജു') വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
​കഴിഞ്ഞ മാസം 26-ന് രാത്രിയായിരുന്നു സംഭവം. കെട്ടിടത്തിലെ സെൻട്രലൈസ്ഡ് എസിയോടനുബന്ധിച്ചുള്ളതും മുറികളിലേക്കുള്ളതുമായ 12-ഓളം കംപ്രസറുകളുടെ കോപ്പർ റോഡുകളും വയറുകളുമാണ് പ്രതി മുറിച്ചു കടത്തിയത്.
​പിറ്റേന്ന് (27-ന്) ഹാളിൽ പരിപാടി ബുക്ക് ചെയ്തവർ എസി ഓൺ ചെയ്തപ്പോൾ പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. തുടർന്ന് ഹോട്ടൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
​സ്ഥാപനത്തിൽ പ്രതി എത്തുന്നതും മോഷണവസ്തുക്കളുമായി മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തിരുവമ്പാടിയിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.