എസ്എംഎ ബാധിതരായ കുരുന്നുകളെ സന്ദര്‍ശിച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) ബാധിച്ച് ദുരിതത്തിലായ കല്ലുരുട്ടിയിലെ അരുണ്‍- ഷാല്‍മി ദമ്പതികളുടെ മൂന്ന് കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും അവസ്ഥ നേരിട്ടറിഞ്ഞ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍. കുഞ്ഞുങ്ങളുടെ വീട് സന്ദര്‍ശിച്ച അദ്ദേഹം ചികിത്സാ കാര്യങ്ങളില്‍ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി.

വലിയൊരു തുക കണ്ടെത്തിയാല്‍ മാത്രമേ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാകൂ. സാധാരണക്കാരായ ഈ കുടുംബത്തിന് ഒറ്റയ്ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ് ഈ ചികിത്സാചെലവ്. എങ്കിലും, ഇതുവരെ കേരളം നേരിട്ട വലിയ പ്രതിസന്ധികളിലെല്ലാം നാടൊന്നാകെ കൈകോര്‍ത്തതുപോലെ ഈ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനും എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹായം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ജാതി, മത, രാഷ്ട്രീയ ഭേദങ്ങള്‍ മാറ്റിവെച്ച് മാനവികത ഉയര്‍ത്തിപ്പിടിച്ച് ഈ കാര്യത്തില്‍ എല്ലാവരും മുന്നോട്ടുവരണം. കേരളം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മാതൃകയായിട്ടുണ്ട്, അതുകൊണ്ട് ഈ കുഞ്ഞുങ്ങളെയും മലയാളികള്‍ കൈവിടില്ല -മുനവ്വറലി തങ്ങള്‍ പറഞ്ഞു.

ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുണ്‍-ഷാല്‍മി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്‌നസ് അരുണ്‍, ഈഥന്‍ മോസസ് അരുണ്‍, ഒലിവര്‍ ജോനാ അരുണ്‍ എന്നിവര്‍ക്കാണ് അപൂര്‍വ ജനിതകരോഗം ബാധിച്ചത്. ഒറ്റപ്രസവത്തില്‍ പിറന്ന ഇവര്‍ക്ക് ഒന്നര വയസ് മാത്രമാണ് പ്രായം.മൂന്ന് കുഞ്ഞുങ്ങള്‍ക്കും സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ടൈപ്പ് 2 (എസ്എംഎ ടൈപ് 2) ആണ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു പ്രസവത്തില്‍ ജനിച്ച മൂന്ന് കുഞ്ഞുങ്ങള്‍ക്ക് എസ്എംഎ 2 എന്ന ജനിതക രോഗം സ്ഥിരീകരിക്കുന്നത്.

അസുഖം കുട്ടികളുടെ ചലനശേഷിയെ ബാധിക്കുകയും ഇരിക്കുക, എഴുന്നേല്‍ക്കുക, നടക്കുക തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രയാസകരമാക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ കുട്ടികള്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ ചികിത്സയ്ക്കായി ജീന്‍ തെറപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കും തുടര്‍പരിചരണത്തിനുമായി ഏകദേശം 50 കോടി രൂപ ആവശ്യമാണ്.