അയൽവാസി ഏൽപിച്ച ക്വട്ടേഷൻ’: വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണ; യുവാവിനും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം

പേരാമ്പ്ര ∙ ചേനോളിയിൽ യുവാവിനും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. ചേനോളി കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദി (45)നാണ് കഴിഞ്ഞ ദിവസം രാത്രി മർദനമേറ്റത്. വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ആക്രമണമെന്നു പറയുന്നു. കാറിലെ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങാൻ ഓട്ടോറിക്ഷയുമായി വരാമോയെന്നും ചോദിച്ചാണ് പ്രതികൾ റഷീദിനെ സമീപിച്ചത്. ഓട്ടോയുമായി എത്തിയ റഷീദിനെ അയൽവാസി ഏൽപിച്ച ക്വട്ടേഷൻ ആണെന്നു പറഞ്ഞാണ് ആക്രമിച്ചത്.

ഓട്ടോറിക്ഷയിൽ വച്ച് റഷീദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു.  റഷീദിനെ അക്രമി സംഘം ഇരുമ്പു കട്ട ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു പരുക്കേൽപിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. തുടർന്ന് റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഭാര്യ ഷംനയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. റഷീദിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിവരുമ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. സാരമായി പരുക്കേറ്റ റഷീദിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. റഷീദിന്റെ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. ഒരു മാസം മുൻപ് അയൽവാസി ഫോണിൽ വിളിച്ച് കൊല്ലുമെന്നും തന്നെയും ഭാര്യയെയും വീൽചെയറിൽ കിടത്തുമെന്നും ഭീഷണിപ്പെടുത്തിയതായി റഷീദ് പറഞ്ഞു.