ഫിഷ് മാർക്കറ്റ് നിർമ്മാണം: ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ പൊതുജനാഭിപ്രായ സദസ്സ് സംഘടിപ്പിച്ചു.
താമരശ്ശേരി:വെഴുപ്പൂർ പ്രദേശത്ത് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഫിഷ് മാർക്കറ്റുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകളും പ്രതിഷേധങ്ങളും പങ്കുവെക്കുന്നതിനായി പൊതുജനാഭിപ്രായ സദസ്സ് ചേർന്നു. നിലവിൽ യാതൊരുവിധ ഔദ്യോഗിക അനുമതികളുമില്ലാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതെന്ന് യോഗം വിലയിരുത്തി.
വാർഡ് മെമ്പർ ബിന്ദു ആനന്ദ് യോഗം ഉദ്ഘാടനം ചെയ്തു. സുബീഷ് എ. എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീജിത്ത് സി. കെ. സ്വാഗതം ആശംസിച്ചു. ബവീഷ് എ. കെ., സുകു വി. ജി., വിജേഷ് പി., റെജി റീജിയണൽ എന്നിവർ സംസാരിച്ചു.
വിവാദ ഭൂമിയിൽ ഏത് തരത്തിലുള്ള മാർക്കറ്റാണ് വരുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്ഥാപനം തുടങ്ങുന്നതിന് ആവശ്യമായ എല്ലാ രേഖകളും നിയമസാധുതകളും പൂർണ്ണമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ തുടർനിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുകയുള്ളൂ എന്ന് യോഗത്തിൽ ഐക്യകണ്ഠേന തീരുമാനിച്ചു.
ഭാവിപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബിന്ദു ആനന്ദ് ചെയർപേഴ്സണായും ജോസ് ഒതറ കൺവീനറായും പുതിയ കമ്മിറ്റി രൂപീകരിച്ചു.
