സബ് ജില്ലാ ശാസ്ത്രമേള: കന്നൂട്ടിപ്പാറ IUM LP സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

​താമരശ്ശേരി: കണ്ണോത്ത് ഹൈസ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ ശാസ്ത്രമേളയിൽ കന്നൂട്ടിപ്പാറ IUM LP സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്കൂൾ ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

​കളക്ഷൻ മത്സരത്തിൽ ഒന്നാം സ്ഥാനവും (A ഗ്രേഡ്), ക്വിസ്, ഫീൽഡ് ട്രിപ്പ് നിരീക്ഷണം എന്നിവയിൽ രണ്ടാം സ്ഥാനവും (A ഗ്രേഡ്), എക്സ്പെരിമെന്റിൽ മൂന്നാം സ്ഥാനവും (A ഗ്രേഡ്) സ്കൂൾ നേടി. ചാർട്ട് നിർമ്മാണത്തിൽ എ ഗ്രേഡും ലഭിച്ചു. ഷാദി അഷ്മിൽ, ഫാത്തിമത്ത് സഹ്റ, ഹനിയ ഫാത്തിമ, ഹയാ മഹറിൻ, മൻഹ ഫാത്തിമ, മുഹമ്മദ് ഫർഹാൻ, ആയിഷ നജ, ജസ മെഹ്റിൻ എന്നീ വിദ്യാർത്ഥികളാണ് മേളയിൽ സ്കൂളിനായി മാറ്റുരച്ചത്.

​അവധി ദിവസങ്ങളിൽ പോലും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയ സയൻസ് ക്ലബ് കൺവീനർ നീതു പീറ്ററിനെ പ്രധാനാധ്യാപിക ജസീന ഹുസൈൻ, പി.ടി.എ പ്രസിഡന്റ് ഷംനാസ് പൊയിൽ, SSG ചെയർമാൻ അലക്സ് മാത്യു എന്നിവർ അഭിനന്ദിച്ചു. കഴിഞ്ഞ ഏഴ് വർഷമായി സബ് ജില്ലാതലത്തിൽ സ്കൂളിന് വിജയത്തുടർച്ച സമ്മാനിക്കുന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനങ്ങളെ ചീഫ് പ്രമോട്ടർ എ.കെ അബൂബക്കർ കുട്ടി പ്രകീർത്തിച്ചു