Kerala
പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ച് സമ്മേളനങ്ങള്‍ നടത്താനൊരുങ്ങി സിപിഐഎം; സെപ്തംബറില്‍ തുടങ്ങും
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് സമ്മേളനങ്ങള്‍ നടത്താനൊരുങ്ങി സിപിഐഎം. സെപ്തംബര്‍ മാസം മുതല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. സമ്മേളനങ്ങളില്‍ എത്ര പ്രതിനിധികള്‍ വേണമെന്നത് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റി ഉടന്‍ കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുതല്‍ പങ്കെടുക്കാവുന്ന പരമാവധി പ്രതിനിധികളുടെ എണ്ണം ചുരുക്കുമെന്നാണ് സൂചന.
കൊവിഡ് നിയന്ത്രിതമായി തുടരുകയാണെങ്കില്‍ സെപ്തംബര്‍ മാസത്തില്‍ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മാസ്‌ക്, സാനിറ്റൈസര്‍, കൃത്യമായ സാമൂഹ്യഅകലം മുതലായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനങ്ങള്‍ നടത്തപ്പെടുക. ബ്രാഞ്ചില്‍ പരമാവധി 18 അംഗങ്ങള്‍ മാത്രമേ വരൂ. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ക്കുള്ളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സിപിഐഎം കണക്കുകൂട്ടുന്നത്.
ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ ഡിസംബര്‍ മാസത്തില്‍ നടത്താനാണ് പദ്ധതി. ജനുവരി 14ഓടെ ജില്ലാ സമ്മേളനങ്ങള്‍ നടത്തപ്പെടും. കൊവിഡ് നിയന്ത്രണ വിധേയമാകുകയാണെങ്കില്‍ ഫെബ്രുവരി മാസത്തില്‍ സംസ്ഥാന സമ്മേളനം നടത്തിയേക്കും. മാര്‍ച്ച് മാസമോ ഏപ്രില്‍ മാസമോ പാര്‍ട്ടി കോണ്‍ഗ്രസും നടത്തപ്പെടും. കഴിഞ്ഞ തവണ മൂന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലാണ് സമ്മേളനങ്ങളില്‍ പങ്കെടുത്തത്. ഇത്തവണ അഞ്ചോ ആറോ പേര്‍ക്ക് ഒരു പ്രതിനിധി എന്ന വിധത്തിലായിരിക്കും പ്രാതിനിധ്യം എന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍