താമരശ്ശേരി
എൽഡിഎഫ് സമര നാടകം ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും ജെ.ടി അബ്ദുറഹ്മാൻ
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് നടത്തി വരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്നതിന് എൽ.ഡി.എഫ് നടത്തുന്ന പ്രവർത്തനങ്ങൾ ലജ്ജാകരമാണെന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന പഞ്ചായത്തിനെ പിന്തുണക്കുന്നതിന് പകരം ഇപ്പോൾ നടത്തുന്ന സമര നാടകം ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും പ്രസിഡണ്ട് ജെ.ടി അബ്ദുറഹ്മാൻ, വൈസ് പ്രസിഡണ്ട് ഖദീജ സത്താർ എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
സർക്കാരിന്റെ പോരായ്മകളെ മറച്ചുവെക്കാൻ കാണിക്കുന്ന ഈ സമരം ജനങ്ങൾ തിരിച്ചറിയും.
കാരാടി സ്കൂളിൽ വെച്ച് ആഴ്ചയിൽ നാല് ദിവസം ടെസ്റ്റുകൾ നടത്തുന്നതിന് പുറമെ ആശുപത്രിയിലും കൂടാതെ വിവിധ സ്ഥലങ്ങളിലായി അഞ്ച് മെഗാ ക്യാമ്പും നടത്തുകയുണ്ടായി.
വാക്സിനേഷൻ കാര്യത്തിലും പഞ്ചായത്തിൽ ആശുപത്രിയിൽ നൽകുന്നതിനു് പുറമെ വിവിധ സ്ഥലങ്ങളിലായി ഏഴ് ക്യാമ്പ് നടക്കുകയുണ്ടായി.
എന്നാൽ 40000 ത്തിന് മുകളിൽ ജനസംഖ്യയുള്ള ഈ പഞ്ചായത്തിൽ 4000 ആളുകൾക്ക് വാക്സിൻ നൽകിയാൽ എങ്ങിനെയാണ് വാക്സിനേഷൻ പൂർത്തി കരിക്കാൻ സാധിക്കുന്നത്. ആയതിനാൽ അശാസ്ത്രീയമായ സർക്കാരിന്റെ വാക്സിനേഷൻ നയം മുതൽ ടി.പി.ആർ. നിശ്ചയിക്കുന്നതും ലോക് ഡൗൺ പ്രഖ്യാപിക്കുന്നതുമായ നയങ്ങൾ തിരുത്തുകയാണ് വേണ്ടത്.
കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കാക്കുന്നതിന് ടി.പി.ആര്‍ മാനദണ്ഡമാക്കുന്നത് അശാസ്ത്രീയമാണെന്നും ഇത് തിരുത്തണമെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. ആകെ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയല്ല, ആകെ, ജനസംഖ്യയില്‍ എത്ര രോഗികളുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് തോത് കണക്കാക്കേണ്ടത്. ഉയർന്ന ടി.പി.ആര്‍ രേഖപ്പെടുത്തിയ പഞ്ചായത്ത് എന്ന കാരണം പറഞ്ഞ് ഗ്രാമപഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണം യുക്തി രഹിതമാണ്. ഒരു മാസം മുമ്പ് 558 രോഗികളുണ്ടായിരുന്ന പഞ്ചായത്തില്‍ നിലവില്‍ 232രോഗികളാണുള്ളത്. മൂന്ന് വാര്‍ഡുകള്‍ കോവിഡ് മുക്തമായിട്ടുണ്ട്. രണ്ട് വാർഡുകളില് ഒരോ രോഗികള് മാത്രമാണുള്ളത്. അരലക്ഷത്തിലേറെ ജനസംഖ്യയുള്ള പഞ്ചായത്തില് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ പ്രവർത്തനമാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി രോഗികളുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടു വരുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാൽ ജനസംഖ്യാനുപാതികമായി താമരശ്ശേരി പഞ്ചായത്തിനേക്കാൾ രോഗികളുള്ള പഞ്ചായത്തുകളിൽ ഇളവ് അനുവദിക്കുകയും താമരശ്ശേരിയിൽ നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ആഴ്ചയില്‍ ഒരു ദിവസം മാത്രം പ്രത്യേക കടകള്‍ക്ക് പ്രവർത്തനാനുമതി നല്‍കുന്നത് ആ ദിവസം കടകളില്‍ തിരക്ക് വർദ്ധിക്കുന്നതിനാണ് ഇടയാക്കുന്നത്. ഇത്തരം വസ്തുക്കൾ വാങ്ങുന്നതിനായി ജനം ഒന്നിച്ച് ഇറങ്ങുന്ന സാഹചര്യവുമുണ്ടാകുന്നു. ഒരിടത്ത് കടകൾ അടച്ചിട്ട് തൊട്ടടുത്ത് തുറന്നിടുന്നതിലൂടെ ജനം ഒരു പ്രദേശത്ത് നിന്നും മറ്റു ഇടങ്ങളിലേക് സഞ്ചരിക്കാൻ നിർബന്ധിതരാവുന്നു. തന്മൂലം അവിടെ തിരക്ക് വർദ്ധിക്കുന്നതിനിട വരുന്നു. ഈ സാഹചര്യമാണ് ജാഗ്രത പ്രവർത്തനത്തിന് ഭീഷണിയാകുന്നത്. അതിനാൽ തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി നിശ്ചയിച്ച് നിയന്ത്രണമേർപ്പെടുത്തുന്ന രീതിക്ക് പകരം രോഗികൾ കൂടുതലുളള പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിച്ചുള്ള നിയന്ത്രണമാണ് നടപ്പാക്കേണ്ടത്.
ആരാധനാലയങ്ങൾ നിബന്ധനകളോടെ തുറക്കുന്നതിന് അനുമതി നല്കേണ്ടതുണ്ട്. ആരാധനാലയങ്ങളും കടകളും സ്ഥാപനങ്ങളും അടച്ചു പൂട്ടിയുള്ള ജാഗ്രത പ്രവര്‍ത്തനം പിന്‍വലിക്കേണ്ട ഘട്ടമായിട്ടുണ്ട്. ഇവ കോവിഡ് മാനദണ്ഡം പാലിച്ച് തുറക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണം. ദീർഘകാലമായി അടച്ചിടുന്നതിലൂടെ വ്യപാരികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാണാതിരിക്കാനാവില്ല.
ജനസംഖ്യ അനുസരിച്ച് ഗ്രാമപഞ്ചായത്തുകൾക്ക് വാക്സിന്‍ അനുവദിക്കണം,
ഇപ്പോൾ ലഭിക്കുന്ന വാക്സിന് താലൂക്ക് അടിസ്ഥാനത്തിലാണ്. അത് കൊണ്ട് പഞ്ചായത്ത് തലത്തിൽ പരിഗണന ലഭിക്കുന്നില്ല. ലഭിക്കുന്ന വാക്സിനുകളുടെ തോതനുസരിച്ച് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ മെംബർമാർക്കും തുല്യമായാണ് നൽകുന്നത്. വാക്സിൻ വിതരണത്തിലെ സർക്കാരിന്റെ അപാകത പഞ്ചായത്ത് ഭരണസമിതിയുടെ മേൽ കെട്ടിവെക്കാനുള്ള നീക്കം അനുവദിക്കില്ല. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ സ്പോർട്ട് രജിസ്ട്രേഷനിലൂടെ മുൻഗണനാപ്രകാരം വാക്സിന് അനുവദിക്കുന്നതിന് സംവിധാനമൊരുക്കണമെന്നും പ്രസിഡണ്ട് ജെ.ടി അബ്ദുറഹ്മാൻ, വൈസ് പ്രസിഡണ്ട് ഖദീജ സത്താർ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എ അരവിന്ദൻ, എം.ടി അയ്യൂബ് ഖാൻ, മഞ്ജിത കുറ്റ്യാക്കിൽ എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍