അഞ്ച് അഗ്നിരക്ഷാ സൈനികരടക്കംമുപ്പതോളം പേർക്ക് പൊള്ളലേറ്റു : തീപ്പിടിത്തം,സ്ഫോടനം

മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കോഴിമാലിന്യത്തിൽനിന്ന് കോഴിത്തീറ്റ ഉത്‌പാദിപ്പിക്കുന്ന കേന്ദ്രത്തിൽ തീപ്പിടിത്തവും വൻ സ്ഫോടനവും. അപകടത്തിൽ അഞ്ച് അഗ്നിരക്ഷാ സൈനികർ ഉൾപ്പെടെ മുപ്പതോളംപേർക്ക് പൊള്ളലേറ്റു. ഇതിൽ

അഞ്ചുപേരുടെ നില ഗുരുതരമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പെരിന്തൽമണ്ണയിലെ രണ്ട് ആശുപത്രികളിലായി 17 പേരും മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എട്ടുപേരും ചികിത്സയിലുണ്ട്

വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഉത്പാദനകേന്ദ്രത്തിലെ ഒരു ഷെഡ്‌ഡിന് തീപിടിച്ചത്. ഓടിയെത്തിയ നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാസൈനികരും സിവിൽ ഡിഫൻസ് സേനാംഗങ്ങളും തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു വൻ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായത്. ഷെഡ്‌ഡിനോടുചേർന്നുള്ള ടാങ്കിലേക്ക് തീ പടർന്നതിനെത്തുടർന്നാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. പരിക്കേറ്റവരെ ആദ്യം മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്.
അഞ്ച് ജീവനക്കാരാണ് സംഭവം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നത്. ഇവരിൽ ഒരാൾ അസം സ്വദേശിയാണ്. ഷെഡ്‌ഡിന് തീപിടിച്ചതിനെത്തുടർന്ന് മണ്ണാർക്കാട്ടുനിന്നുള്ള അഗ്നിരക്ഷാസൈനികരുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. തുടർന്ന്, പെരിന്തൽമണ്ണയിൽനിന്ന് ഒരുയൂണിറ്റ് അഗ്നിരക്ഷാസൈനികർകൂടി എത്തി. മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അപകടം ട്രയൽ റണ്ണിനിടെ

കോഴിമാലിന്യം സംസ്കരിച്ച് അതിൽനിന്ന്‌ എസൻസ് എടുത്ത് കോഴിത്തീറ്റയും മീൻ തീറ്റയും ഉണ്ടാക്കുന്നതാണ് ഇവിടത്തെ സംരംഭം. ഇത് പൂർണമായും പ്രവർത്തന സജ്ജമായിരുന്നില്ല. വ്യാഴാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനം നടക്കയായിരുന്നെന്നാണ് അഗ്നിരക്ഷാ സൈനികർക്ക് കിട്ടിയ വിവരം.

പരിക്കേറ്റവർ

സിവിൽ ഡിഫൻസ് ഓഫീസർ ഷെമീർ (41), ധനേഷ് (29), മണ്ണാർക്കാട് അഗ്നിരക്ഷാ സേനയിലെ രാജേഷ് കുമാർ എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലുള്ളവർ- ഷിഹാബ് (32), അലവി (48), അനൂപ് (22), ഫയർഫോഴ്‌സ് ഓഫീസർ അഷ്‌റഫ് (31), ശ്രീകാന്ത് (20), ഷെഫീഖ് (26), സിവിൽഡിഫൻസ് അംഗം റിയാസ് (28), റഷീദ് (32), രമേഷ് (49), മുഹമ്മദ് ആഷിഖ് (24), ജയപ്രകാശ് (56), ഹുസൈൻ (22), നജുദ്ദീൻ (21), മുഹമ്മദ് നിഷാദ് (22). അമ്പലപ്പാറസ്വദേശികളായ റഷീദ് (33), ജംഷീർ (31), അഫ്നസ് (18), അസ്‌ലം (17) എന്നിവർ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും അസം സ്വദേശി മുജീബ് റഹ്മാൻ, തിരുവിഴാംകുന്ന് സ്വദേശി ജംഷീദ് (29), ഷഫീക്ക് (25) എന്നിവർ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയിലുമാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍