കുഞ്ഞാലികുട്ടിയുമായി കൂടികാഴ്ച്ച നടത്തി; ഗിരീഷ് ജോണിനെതിരെ സിപിഐഎം നടപടി

താമരശ്ശേരി:നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടിയുമായി അണിയറയില്‍ ചര്‍ച്ച നടത്തിയെന്നാരോപിച്ച് താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സിപിഐഎം നടപടി. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും നീക്കി കൊണ്ടാണ് ഗിരീഷ് ജോണിനെതിരായ പാര്‍ട്ടി നടപടി. തിരുവമ്പാടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആരോപണത്തിനടിസ്ഥാനമായ സംഭവം നടന്നത്.


സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കൂടിയായ ഗിരീഷ് ജോണിന്റേയും പഞ്ചായത്ത് പ്രസിഡണ്ടും ലോക്കല്‍ സെക്രട്ടറിയുമായ ലിന്റോ ജോസഫിന്റേയും പേരുകളാണ് പരിഗണിക്കപ്പെട്ടത്. ഒടുവില്‍ ലിന്റോ ജോസഫിന് നറുക്ക് വീണു. ഇതോടെ ഗിരീഷ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു


പിന്നാലെ ഗിരീഷ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടിയുമായി കൂടികാഴ്ച്ച നടത്തിയെന്നാണ് ആരോപണം. ഇത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണെന്ന് സിപിഐഎം ജില്ലാ നേതൃത്വം വിലയിരുത്തി. ഒപ്പം തന്നെ സ്ഥാനാര്‍ത്ഥിത്വത്തിനായി ഗിരീഷിന് കുഞ്ഞാലികുട്ടിയില്‍ നിന്നും ലഭിച്ച ഓഫറിനെ കുറിച്ച് യഥാസമയത്ത് അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചു. വിഷയത്തില്‍ പാര്‍ട്ടിക്ക് ഗിരീഷ് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടതോടെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

4643 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലിന്റോ ജോസഫ് വിജയിച്ചത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍