വായില്‍ റബ്ബര്‍ പന്ത് തിരുകി; എറണാകുളത്ത് സ്ത്രീയെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം

പ്രതീകാത്മക ചിത്രം | കോരങ്ങാട് ന്യൂസ്

കിഴക്കമ്പലം(എറണാകുളം): ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കയെ പുലർച്ചെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം. ഞായറാഴ്ച പുലർച്ചെ നാലോടെ പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമലയ്ക്ക് സമീപമാണ് സംഭവം. കൂലിപ്പണിക്കാരിയായ മധ്യവയസ്ക മകളുടെ വീടിനോടു ചേർന്ന് വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം. മഴക്കോട്ടിട്ട് മുഖം മറച്ചയാൾ പുലർച്ചെ വീടിന്റെ പിന്നിലുള്ള വാതിലിൽ മുട്ടി വിളിക്കുകയായിരുന്നുവെന്നാണ് സ്ത്രീ മൊഴി നൽകിയിട്ടുള്ളത്.

വാതിൽ തുറന്ന ഉടൻ വായിൽ റബ്ബർ പന്ത് തിരുകി കീഴ്പ്പെടുത്തുകയായിരുന്നു. ബഹളം വച്ചെങ്കിലും കനത്ത മഴയായിരുന്നതിനാൽ സമീപത്ത് താമസിക്കുന്ന മകളും കുടുംബവും കേട്ടില്ല. കുതറി മാറി മകളുടെ വീട്ടിലേക്കോടുന്നതിനിടെ അക്രമി ഓടിമറഞ്ഞു.

ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ ഇവരുടെ മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതനുസരിച്ച് കുന്നത്തുനാട് പോലീസ് ഇവരെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

പെരുമ്പാവൂർ ഡിവൈ.എസ്.പി. ഇ.പി. റെജി, പോലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രധാന റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് ഇവരുടെ വീട്. വീടിനെക്കുറിച്ചും ആളെക്കുറിച്ചും കൃത്യമായി അറിയാവുന്ന ആളാണ് അക്രമിയെന്നാണ് പോലീസിന്റെ നിഗമനം. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ. അക്രമത്തിനിരയായ സ്ത്രീയുടെ വീട് സന്ദർശിച്ച് അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍