കൂടുതൽ ഫോൺവിളികളും രാത്രി 12 കഴിഞ്ഞ്, 8 മാസമായി ഉറങ്ങിയിട്ട്; ജീവിക്കാൻ അനുവദിക്കൂ..
സാമൂഹിക വിരുദ്ധർ ഫോൺ നമ്പർ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചതിനെ തുടർന്ന് ദുരിതത്തിലായ വീട്ടമ്മ സംസാരിക്കുന്നതിനിടെ വിതുമ്പുന്നു.
ചേരമർ സംഘം മഹിളാ സംഘം മുൻ സംസ്ഥാന സെക്രട്ടറി ജെസി ദേവസ്യയുടെ ഫോൺ നമ്പരാണ് വ്യക്തി വിരോധം തീർക്കാൻ ആരോ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവച്ചത്. മുഖ്യമന്ത്രിയുടെ പ്രതികരണം വന്ന് മിനിറ്റുകൾക്കകം ചങ്ങനാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 44 പേർ ജെസിയെ വിളിച്ചതായി കണ്ടെത്തി. ഇതിൽ 24 ഫോൺ നമ്പറുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. അതിൽ തന്നെ 20 പേരെയാണ് ഇന്നലെ പൊലീസ് വിളിച്ചത്. പലർക്കും സംഭവം ഓർമയില്ലെന്നാണ് പൊലീസിനോട് പറഞ്ഞതെന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാർ പറഞ്ഞു. സൈബർ സെല്ലിൽ ഉൾപ്പെടെ ജെസി പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതോടെയാണ് അധികൃതർ ഉണർന്നത്. കുറ്റക്കാരെ ഉടൻ തന്നെ കണ്ടുപിടിക്കുകയും വേണ്ട നടപടികൾ ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു.
8 മാസമായി ഞാനുറങ്ങിയിട്ട്; ജീവിക്കാൻ അനുവദിക്കൂ..
‘ഞാൻ ഒരമ്മയല്ലേ? പ്രായപൂർത്തിയായ 3 പെൺമക്കളും ഒരു മകനുമുണ്ടെനിക്ക്. ഇങ്ങനെ ഉപദ്രവിക്കാതെ മാന്യമായി ജീവിക്കാൻ ഞങ്ങളെ അനുവദിച്ചു കൂടേ?’ വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ ജെസി ദേവസ്യ വിങ്ങിപ്പൊട്ടി. ‘ സമാധാനമായി ഒന്നുറങ്ങിയിട്ട് 8 മാസത്തോളമായി. ദിവസം 50 പേരെങ്കിലും വിളിക്കും. അശ്ലീലം പറയും. പൊലീസിൽ പരാതി നൽകി. നമ്പർ മാറ്റാനാണ് നിർദേശം. തയ്യൽ ജോലി ചെയ്താണ് ജീവിക്കുന്നത്.
പഴയ നമ്പർ മാറ്റുന്നത് ജോലിയെ ബാധിച്ചു. അതിനാൽ വീണ്ടും പഴയ നമ്പർ ഉപയോഗിച്ചു തുടങ്ങി. രാത്രി 12 കഴിഞ്ഞാണ് കൂടുതൽ ഫോൺവിളികൾ. പലപ്പോഴും ഫോണെടുക്കുന്നത് മക്കളായിരിക്കും. അവരോടും കേട്ടാലറയ്ക്കുന്ന വൃത്തികേടുകൾ പറയും. വിഡിയോ പോസ്റ്റ് ചെയ്തതിനെ പലരും വിമർശിച്ചു. എന്റെ മുഖം മറയ്ക്കേണ്ടതില്ലല്ലോ, ഞാൻ തെറ്റൊന്നും ചെയ്തിട്ടുമില്ല.’– ജെസി പറയുന്നു.
ഭർത്താവുപേക്ഷിച്ചു പോയതിനെ തുടർന്ന് 22 വർഷത്തോളമായി മക്കൾക്കൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് ജെസി. ആദ്യം നഴ്സായി ജോലി ചെയ്തിരുന്നു. വീട്ടുജോലിയും ട്യൂഷനുമുൾപ്പെടെ പല ജോലികൾ ചെയ്താണ് മക്കളെ വളർത്തിയത്.
ഇപ്പോൾ തെങ്ങണയിലെ വാടക വീട്ടിലാണ് താമസം. ചേരമർ സംഘം മഹിളാ സംഘം സംസ്ഥാന സെക്രട്ടറി സ്ഥാനം രണ്ടു ദിവസം മുൻപ് രാജിവച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍