മൈസൂരു പീഡനം: അന്വേഷണം 3 മലയാളി എൻജിനീയറിങ് വിദ്യാർഥികളിലേക്ക്
ബെംഗളൂരു• മൈസൂരുവിൽ എംബിഎ വിദ്യാർഥിനിയെ (22) സംഘം ചേർന്നു പീഡിപ്പിച്ചവരിൽ എൻജിനീയറിങ് വിദ്യാർഥികളായ 3 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉണ്ടെന്നു സൂചന. കേരളത്തിലേക്കു കടന്നെന്നു സംശയമുള്ള ഇവരെ കണ്ടെത്താൻ 2 പൊലീസ് സംഘങ്ങളെ കർണാടക സർക്കാർ നിയോഗിച്ചു.
സംഭവം നടന്ന ചാമുണ്ഡിഹിൽസിനു സമീപത്തെ ലളിതാദ്രിപുരയിലെ മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നുള്ള ഫോൺകോളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മൈസൂരുവിലെ പ്രമുഖ എൻജിനീയറിങ് കോളജ് വിദ്യാർഥികളിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു പീഡനം. ബുധനാഴ്ച കോളജിൽ നടന്ന പരീക്ഷ ഇവർ എഴുതിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. അന്വേഷണ പുരോഗതി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരിട്ടാണു വിലയിരുത്തുന്നത്.
‘ഭീഷണിപ്പെടുത്തി അച്ഛനെ വിളിപ്പിച്ചു, പണം ആവശ്യപ്പെട്ടു’
സംഭവസമയത്തു യുവതിക്കൊപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ മൊഴി ഇങ്ങനെ: ‘‘വ്യായാമത്തിനായും മറ്റും ഞാൻ ഇടയ്ക്കു സന്ദർശിക്കുന്ന സ്ഥലത്താണ് അക്രമം നടന്നത്. ബൈക്കിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെയാണ് 25-30 വയസ്സിനിടെ പ്രായമുള്ള 6 പേർ ചേർന്ന് തടഞ്ഞുനിർത്തി ആക്രമിച്ചത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം അക്രമി സംഘം 3 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി എന്നെക്കൊണ്ട് അച്ഛനെ ഫോണിൽ വിളിപ്പിച്ചാണ് പണം ആവശ്യപ്പെട്ടത്. സംഭവം പൊലീസിനെ അറിയിച്ചാൽ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.’’
പണം കൈമാറിയോ എന്ന കാര്യം വ്യക്തമാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നും മൊഴി എടുക്കാറായിട്ടില്ലെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
നേരിട്ടത് ക്രൂര പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തി'; ചാമുണ്ഡിഹില്‍സ് കേസ് മലയാളികളിലേക്ക് എത്തിയത് ഇങ്ങനെ
ചാമുണ്ഡിഹില്‍സ് കൂട്ടബലാത്സംഗക്കേസ്
മൈസൂരുവിലെ മലയാളി വിദ്യാര്‍ഥികളിലേക്ക് എത്തിയത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍. മൈസൂരു സര്‍വ്വകലാശാലയിലെ മൂന്നു മലയാളി വിദ്യാര്‍ഥികളിലേക്കും ഒരു തമിഴ്‌നാട് സ്വദേശിയിലേക്കുമാണ് കേസ് അന്വേഷണം എത്തിച്ചേര്‍ന്നിരിക്കുന്നത്. സംഭവദിവസം വൈകിട്ട് ആറര മുതല്‍ എട്ടര മുതല്‍ ഇവരുടെ ഫോണ്‍ ചാമുണ്ഡിഹില്‍സിലെ ടവറിന് കീഴിലായിരുന്നു. പിന്നീട് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇവര്‍ എത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതിന് ശേഷം നാലു പേരുടെയും ഫോണ്‍ ഓഫാകുകയായിരുന്നു. സംഭവത്തിന് പിറ്റേ ദിവസം ഈ നാലു വിദ്യാര്‍ഥികളും കോളേജില്‍ എത്തിയിട്ടില്ലെന്നും കണ്ടെത്തി. ഹോസ്റ്റലിലും ഇവര്‍ എത്തിയിട്ടില്ലെന്ന് സഹപാഠികളും പൊലീസിനോട് പറഞ്ഞതോടെയാണ് നാല് പേരും അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടത്.
ഇതിനിടെ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ തലയില്‍ കല്ല് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളും പകര്‍ത്തി. ശേഷം പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് വിസമ്മതിച്ചോടെ വീണ്ടും പീഡിപ്പിച്ച് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശത്ത് ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ വിവരം ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. അറസ്റ്റ് ഉടനുണ്ടാകുമെന്നും ഐജി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍