മുഖ്യമന്ത്രിയുടെ ഇടപെടൽ; വീട്ടമ്മയെ ഫോൺ വിളിച്ച് ശല്യം ചെയ്തവരിൽ 5 പേർ അറസ്റ്റിൽ

കോട്ടയം ∙ വീട്ടമ്മയുടെ ഫോൺ നമ്പർ ലൈംഗിക തൊഴിലാളിയുടേത് എന്ന തരത്തിൽ പ്രചരിപ്പിച്ച കേസിൽ 5 പേരെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി നിഷാന്ത്, ഹരിപ്പാട് സ്വദേശികളായ രതീഷ് ആനാരി, ഷാജി, അനിക്കുട്ടന്‍, പാണംചേരി സ്വദേശി വിപിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടർന്ന് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത നേരിട്ട് എത്തി അന്വേഷണം ഏകോപിപ്പിച്ചു. ചേരമർ സംഘം മഹിളാ സംഘം മുൻ സംസ്ഥാന സെക്രട്ടറി ജെസി ദേവസ്യയുടെ നമ്പരാണ് വ്യക്തിവിരോധം തീർക്കാൻ ആരോ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവച്ചത്.

മുഖ്യമന്ത്രിയുടെ പ്രതികരണംവന്ന് മിനിറ്റുകൾ‌ക്കകം ചങ്ങനാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 44 പേർ ജെസിയെ വിളിച്ചതായി കണ്ടെത്തി. സൈബർ സെല്ലിൽ ഉൾപ്പെടെ ജെസി പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതോടെയാണ് അധികൃതർ ഉണർന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍