എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡൻറ് ഞരമ്പ് രോഗിയെന്ന് 'ഹരിത' നേതാവ്


മലപ്പുറം: എം.എസ്.എഫ് ജില്ല പ്രസിഡൻറിനെ ഞരമ്പ് രോഗിയെന്ന് വിളിച്ച് ഹരിത നേതാവ്. മലപ്പുറം ജില്ലയിലെ പ്രമുഖ ഹരിത നേതാവും തളിപറമ്പ് സർ സയിദ് കോളജിലെ എം.എസ്.എഫ് യൂനിറ്റ് വൈസ് പ്രസിഡൻറുമായി ആഷിഖ ഖാനമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാമർശം നടത്തിയത്. എന്താണ് ചാറ്റ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെ എണ്ണം ഉണ്ടെന്ന് കരുതി എെൻറ നേർക്ക് വരേണ്ടെന്നും സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ആത്മാർത്ഥയുണ്ടെങ്കിൽ ഇതിനെതിരെ നടപടിയെടുക്കണമെന്നും ഈ ഞരമ്പ് രോഗിയെ പുറത്താക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയാറാകണമെന്നും ഹരിത അംഗം പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മിസ്റ്റർ കബീർ മുതുപറമ്പ,
നിങ്ങൾ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാൻ വരരുത്.
ഞാൻ വെല്ലുവിളിക്കുകയാണ് നിങ്ങളെ,
എന്താണ് ഞാൻ നിങ്ങളുമായിട്ട് മോശമായിട്ട് ചാറ്റ് ചെയ്തത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മറ്റെന്തെങ്കിലും എന്നെങ്കിലും ഞാൻ നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ. എന്തർത്ഥത്തിലാണ് നിങ്ങൾ എനിക്കെതിരെ അപവാദ കഥകൾ മെനയുന്നത്.
നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനിൽക്കുന്നവർ ഉണ്ടാവും, പക്ഷേ ആ കൂട്ടത്തിലേക്ക് എന്നെ കൂട്ടേണ്ട.
കഴിഞ്ഞ ഒന്നര വർഷത്തിനിടക്ക് ഒരിക്കൽ പോലും ഞാനെന്റെ വാട്ട്സാപ്പ് ക്ലിയർ ചാറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ മെസ്സേജ് ആണോ അതെല്ലാം ഇതിൽ തന്നെ ഉണ്ട്.
പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേർക്ക് വരേണ്ട!!!
സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ആത്മാർത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കിൽ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം!
ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നിൽക്കാൻ താല്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധപതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റിൽ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാൽ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..!!!!
പ്രിയപ്പെട്ട സംഘടനാ സുഹൃത്തുക്കൾ ക്ഷമിക്കുക,
എന്റെ വ്യക്തിത്വത്തെയാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതിനെതിരെ എനിക്ക് പ്രതികരിച്ചേ മതിയാകൂ!!!
ആഷിഖ ഖാനം


ആഷിഖ ഖാനത്തെ എം.എസ്.എഫ് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ അധിക്ഷേപിക്കുന്ന തരത്തിലുള്ള ശബ്ദ രേഖ പുറത്തായിരുന്നു. രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങൾ തനിക്ക് വാട്സ് ആപിൽ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ഇവർ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നും ശബ്ദ രേഖയിൽ പറയുന്നു. സ്വഭാവ ഹത്യ നടത്തരുതെന്ന് മുതിർന്ന അംഗം പറഞ്ഞതോടെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ ബഹളമുണ്ടായി. എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ ജില്ല പ്രസിഡൻറ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ഇതിനെതിരെയാണ് ഹരിത അംഗം രംഗത്ത് എത്തിയത്.

നേരത്തെ സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ സംസ്ഥാന ഹരിത അംഗങ്ങെള അധിക്ഷേപിച്ചതിന് വനിത കമീഷന് പരാതി നൽകിയിരുന്നു. ശബ്ദ രേഖകൾ ഉൾപ്പെടെയാണ് പരാതി നൽകിയിരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍