അർധരാത്രി യുവതി അടക്കം 8 പേർ; ഫോണിൽ 17കാരിയുടെ മെസേജ്: സ്റ്റഫ് എവിടെ?
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സമയം രാത്രി 11.00
ബസ് കാത്തിരിക്കുന്നവർ എന്ന തരത്തിൽ നാലോ അഞ്ചോ പെൺകുട്ടികൾ. എല്ലാവർക്കും പ്രായം 20 വയസിനു താഴെ. അൽപ സമയത്തിനകം ഓട്ടോറിക്ഷയിൽ ഒരാൾ എത്തുന്നു. പണം നൽകി സാധനം വാങ്ങി പെൺകുട്ടികൾ മടങ്ങുന്നു. ഏതെങ്കിലും ഒരു ദിവസത്തെ കാഴ്ചയല്ല. ഏതാണ്ട് മിക്ക ദിവസവും. പൊലീസ് സാന്നിധ്യമോ മറ്റ് സംശയകരമായ സാഹചര്യങ്ങളോ ഉണ്ടെങ്കിൽ ആവശ്യക്കാരനും വിൽപനക്കാരനും എത്തില്ല. അതു കൃത്യമായി മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനവുമുണ്ട്. ബസ് സ്റ്റാൻഡിലുള്ള സ്ഥിരം ഓട്ടോ ഡ്രൈവർമാർക്കു പോലും ഇവരെ ചോദ്യം ചെയ്യാൻ ഭയമാണ്. സംഘടിതമായ ആക്രമണം നേരിടേണ്ടി വരും.
കോഴിക്കോട് നഗരത്തിലെ ഹോട്ടൽ
ലഹരിപ്പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് അർധരാത്രി മിന്നൽ റെയ്ഡ് നടത്തിയ പൊലീസ് കണ്ടത് 22 വയസുള്ള യുവതി അടക്കമുള്ള 8 പേരെ. ഒരു മുറിയിൽ കൂടിയിരുന്നു തലേ ദിവസത്തെ ലഹരിപ്പാർട്ടിയുടെ ബാക്കി ആഘോഷിക്കുകയാണ്. അർധരാത്രി 12 മുതൽ പുലർച്ചെ രണ്ടു വരെയുള്ള ഏതാനും മണിക്കൂറുകളിലെ പാർട്ടിയിൽ വന്നു പോകുന്നതു നിരവധി പേർ.
ലഹരിമരുന്ന് ഉപയോഗിക്കുന്ന പെൺകുട്ടികൾ ഉണ്ടെന്ന അറിവ് നഗരങ്ങൾക്കു പുതുമയല്ല. പക്ഷേ ഒറ്റയ്ക്കോ അപൂർവമായോ ഉണ്ടായിരുന്ന ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്നാണ് പുറത്തു വരുന്ന കേസുകൾ സൂചിപ്പിക്കുന്നത്. ജെൻഡർ ഇക്വാളിറ്റിയുടെ കാലത്ത് പെൺകുട്ടികൾ ലഹരി ഉപയോഗിക്കുന്നതിനെ പ്രത്യേകം പറയണോ എന്നു ചോദിക്കാം. ആണായാലും പെണ്ണായാലും ഗൗരവം ഒന്നു തന്നെ. പക്ഷേ പെൺകുട്ടികളിലേക്കു കൂടി എത്തുമ്പോൾ കഞ്ചാവിന്റെയും ലഹരിമരുന്നിന്റെയും വഴി മുൻകാലങ്ങളിലേക്കാൾ കൂടുതൽ സുലഭമായി കഴിഞ്ഞു എന്നാണു വെളിപ്പെടുന്നത്. അത് ആശങ്കപ്പെടുത്തുന്നതുമാണ്.
എല്ലാം ‘സ്വാഭാവികം’ ആകുന്ന കാലം
കഴിഞ്ഞ ദിവസം കോഴിക്കോട് ഡിജെ പാർട്ടിക്കിടെ അറസ്റ്റ് ചെയ്യപ്പെട്ടത് 8 പേരാണ്. എല്ലാവരും 30 വയസ്സിനു താഴെയുള്ളവർ. എന്നിട്ടും പൊലീസ് പിടിയിലായപ്പോൾ പതർച്ചയോ പരിഭ്രമമോ കൂടാതെ അവർ മാധ്യമങ്ങളോടു പറഞ്ഞു. ‘ഞങ്ങളെ കുടുക്കിയതാണ്’. വളരെ സ്വാഭാവികമായ പ്രതികരണം. 4 മുറികളിലായിരുന്നു സംഘം തങ്ങിയിരുന്നത്. ഇവരിൽ യുവതിയുടെ മുറിയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചു വച്ചിരുന്നത്. അർഷാദ് എന്നയാൾ നേരത്തെ വാഗമണ്ണിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ 3 ദിവസമായി ഹോട്ടലിൽ മുറിയെടുത്തു താമസിക്കുന്ന ഇവരിൽനിന്ന് 500 ഗ്രാം ഹഷീഷ് ഓയിലും 6 ഗ്രാം എംഡിഎംഎയും കണ്ടെത്തിയിരുന്നു.
പല ദിവസങ്ങളിലായി വ്യത്യസ്ത പേരുകളിൽ പല മുറികൾ എടുത്തിരുന്ന ഇവർ രാത്രി ഒരുമിച്ചു കൂടി ലഹരിപ്പാർട്ടി നടത്തുകയായിരുന്നെന്നു പൊലീസ് പറയുന്നു. പലരും ലഹരിപ്പാർട്ടിയിലെ സ്ഥിര സാന്നിധ്യം. ലഹരിപ്പാർട്ടികൾ കോഴിക്കോട് കേന്ദ്രീകരിച്ചു സജീവമാകുന്നുണ്ടെങ്കിലും വിവരം പുറത്തറിയാത്തതിനാൽ നടപടി എടുക്കാനാകുന്നില്ലെന്നതാണു പ്രധാന പ്രശ്നം. കൂട്ടത്തിൽനിന്നുള്ള ഒറ്റായതിനാൽ മാത്രമാണ് ഇവരിലേക്ക് അന്വേഷണം എത്തിയത്. റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്താലേ വിശദ വിവരങ്ങൾ ലഭിക്കൂ. ഇതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.
ലഹരിക്കെണിയിൽനിന്നു രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന കുട്ടികൾ നിരവധിയുണ്ടെങ്കിലും പലർക്കും സാധ്യമാകുന്നില്ല. കാമുകനോ കൂട്ടുകാരികളോ ആണു പെൺകുട്ടികൾക്കു ലഹരി പരിചയപ്പെടുത്തുന്നത്. രാത്രി വീട്ടിലെ മുറിയിൽ ഉറങ്ങാൻ കിടക്കുന്ന പെൺമക്കൾ പുറത്തു പോകുന്നത് രക്ഷിതാക്കൾ അറിയുന്നില്ല. കേസിൽ ഉൾപ്പെട്ട് പൊലീസ് തിരഞ്ഞെത്തുമ്പോൾ രക്ഷിതാക്കൾ മക്കളെ അവിശ്വസിക്കാൻ തയാറാകാത്ത അനുഭവങ്ങളുമുണ്ട്. പൊലീസിന് ആളുമാറിയതാണെന്നും കുടുക്കാൻ ശ്രമിക്കുന്നതാണെന്നുമാണ് മിക്ക വീടുകളിൽ നിന്നുമുണ്ടാകുന്ന ആദ്യ പ്രതിരോധം. എന്നാൽ മക്കളുടെ ഫോൺ കോൾ ഡീറ്റെയിൽസുകളും മെസേജുകളും കൈമാറുമ്പോഴാണ് മാതാപിതാക്കളും യാഥാർഥ്യം കണ്ട് പതറിപ്പോകുന്നത്.
കണ്ടെത്താൻ കഴിയാത്ത റെഡ് കോറിഡോർ
ആന്ധ്ര, പശ്ചിമബംഗാൾ മേഖലകളിലെ കഞ്ചാവ് തോട്ടങ്ങളിൽനിന്നാണ് കഞ്ചാവ് പ്രധാനമായും ഇവിടെ എത്തുന്നത്. ഒരിക്കൽ 300 കിലോഗ്രാം കഞ്ചാവ് പിടികൂടിയതോടെ എന്തുവന്നാലും കഞ്ചാവ് സ്രോതസ് കണ്ടെത്തണമെന്നു കരുതി ആന്ധ്രയിലെത്തിയ പൊലീസ് സംഘത്തിന്റെ കണ്ണു തള്ളി. അവിടുത്തെ പൊലീസ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ 2000 കിലോ കഞ്ചാവ്. 200 കിലോമീറ്ററിലേറെ ദൂരം പരന്നു കിടക്കുന്ന കഞ്ചാവ് തോട്ടം. ഇതു പലതും നക്സൽ മേഖലകൾ. അവരുടെ പ്രധാന വരുമാനമാർഗമാണിത്. ഇവിടെനിന്ന് എന്തു സോഴ്സ് നശിപ്പിക്കാനാണ് നിങ്ങൾ എത്തിയതെന്ന് ആന്ധ്ര പൊലീസ് ചോദിച്ചോടെ അന്വേഷിക്കാൻ പോയ പൊലീസ് സംഘം അതു പോലെ തിരിച്ചു വന്നു
അന്യ സംസ്ഥാനത്തുനിന്ന് കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും കേരളത്തിൽ എത്തിയാൽ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കുക എന്ന രീതിയിലേക്കു അന്വേഷണം മാറി. പക്ഷേ അതുകൊണ്ടു കാര്യമുണ്ടാകുന്നില്ല. ഒരാൾ പിടിയിലാകുമ്പോൾ പുറകേ വരാൻ വേറെ നൂറു പേർ ഉണ്ട്. അവിടെ പോയി സാധനം എത്തിക്കാൻ ഇവിടെ ആയിരം പേരുമുണ്ട്. സ്ഥിരം റൂട്ടിലൂടെയല്ലാതെ ഇവരിലേക്ക് എത്താൻ കഴിയില്ല എന്നതാണു പൊലീസിന്റെ ഏറ്റവും വലിയ വെല്ലുവിളി. വിശ്വസ്തർ വഴി പണം അക്കൗണ്ടിലേക്കു നിക്ഷേപിച്ചാലേ സംസാരിക്കാൻ പോലും ഡീലർമാർ തയാറാകൂ.
വഴിമാറുന്ന ക്വട്ടേഷൻ സംഘങ്ങൾ
കോഴിക്കോട് കേന്ദ്രീകരിച്ചുണ്ടായിരുന്ന ക്രിമിനൽ, ക്വട്ടേഷൻ സംഘങ്ങൾ പലതും ലഹരിക്കടത്തിലേക്കു തിരിഞ്ഞു. കുറഞ്ഞ റിസ്കും ഇരട്ടി ലാഭവുമാണ് ക്രിമിനൽ സംഘങ്ങളെ ലഹരിക്കടത്തിലേക്ക് ആകർഷിക്കുന്നത്. ഇവരുടെ കൂടി പിന്തുണയോടെ, 50 കിലോഗ്രാം കഞ്ചാവ് കോഴിക്കോട് സിറ്റിയിൽ ഒരു മണിക്കൂർ കൊണ്ട് വിറ്റു തീർക്കാം.
1000 രൂപയ്ക്കു കിട്ടുന്ന സാധനം കോഴിക്കോട് എത്തുമ്പോൾ 30,000 രൂപയാകും. എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗുകൾ രാജസ്ഥാനിൽനിന്നാണ് എത്തിക്കുന്നത്. 200 രൂപയ്ക്കു കിട്ടുന്ന എംഡിഎംഎ ഇവിടെ ഒരു ഗ്രാമിന് 2000 രൂപയാണ്. 2 രൂപയുടെ ലഹരി ഗുളികയ്ക്ക് ഇവിടെ 20–40 രൂപ ലഭിക്കും. നേരത്തേ ഉണ്ടായിരുന്ന ക്രിമിനൽ നെറ്റ്‍വർക്ക് ഇപ്പോഴും പ്രവർത്തിക്കുന്നതിനാൽ റൂട്ട് ക്ലിയറാക്കാനും എളുപ്പം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍