പ്ലസ് വൺ പ്രവേശനം അറിയാൻ റേഞ്ച് തേടി മരത്തിൽ കയറിയ കുട്ടി താഴെ വീണ് കാലൊടിഞ്ഞു

കണ്ണൂരിൽ പഠനാവശ്യത്തിനായി മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി താഴെ വീണ് പരിക്കേറ്റു.

കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി. അനന്തു ബാബുവാണ് അപകടത്തിൽ പെട്ടത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാനായാണ് റെയ്ഞ്ചിനായി അനന്തു വീട്ടിനടുത്തെ കൂറ്റൻ മരത്തിന് മുകളിൽ കയറിയത്. അവിടെ നിന്ന് നില തെറ്റി പാറയിലേക്ക് വീഴുകയായിരുന്നു.

ആദ്യം ചികിത്സയ്ക്കായി കൂത്തുപറമ്പ് ആശുപത്രിയിലാണ് വിദ്യാർത്ഥിയെ എത്തിച്ചത്. പിന്നീട് അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ നട്ടെല്ലിന് മൂന്ന് ചെറിയ പൊട്ടലുകൾ ഉള്ളതായാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്.

"നട്ടെല്ലിന് തകരാറ് സംഭവിച്ചാൽ കാലുകൾ തളർന്നു പോകുന്ന സ്ഥിതി വരെ ഉണ്ടാകാം. പക്ഷേ ഭാഗ്യം കൊണ്ട് അനന്തുവിന് അത്തരം പ്രശ്നങ്ങൾ ഇല്ല. എങ്കിലും 24 മണിക്കൂർ പൂർണമായി നിരീക്ഷണത്തിലാണ്. മികച്ച ചികിത്സ സൗകര്യം വിദ്യാർഥിക്കായി ഏർപ്പാടാക്കിയിട്ടുണ്ട്," പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ കെ. സുദീപ് പറഞ്ഞു

അനന്തു ബാബു അടക്കം 72 വിദ്യാർത്ഥികളാണ് കോളയിൽ ഉള്ളത്. പ്രദേശത്ത് മൊബൈലിന് റേഞ്ചില്ലാത്തത് വലിയ വാർത്തയായിരുന്നു. മരത്തിന് മുകളിൽ ഇരുന്നു തന്നെയാണ് അനന്തു പത്താം ക്ലാസിൽ പഠനം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍