താമരശ്ശേരി
ആഢംബര കാറുകളിലെത്തി പുല്ലാഞ്ഞിമേട് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
താമരശ്ശേരി: ആഢംബരകാറിലെത്തി യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കൊടുവള്ളി കച്ചേരിമുക്ക് പുറായിൽ ലിൻഷാൻ ലത്തീഫ് (25), നന്മണ്ട സ്വദേശി ധനീഷ് ലാൽ (29) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ലിൻഷാനിനെ കോടതി റിമാൻഡ് ചെയ്തു. ധനീഷിനെ ജാമ്യത്തിൽ വിട്ടയച്ചു. ലിൻഷാനിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമനടപടികൾ നിലവിലിരിക്കെ ഭാര്യയുടെ ബന്ധുവായ കൊടുവള്ളി മദ്രസാ ബസാർ തറയിൽ അജുൽ അർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് നടപടി.
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ബൈക്കിൽ പെട്രോൾ തീർന്നതിനെത്തുടർന്ന് വാഹനം റോഡരികിൽ നിർത്തി ബന്ധുവിന്റെ കൂടെ ഇന്നോവ കാറിൽ യാത്ര ചെയ്യുകയായിരുന്നു അജുൽ അർഷാദ്. ആഢംബര കാറുകളിൽ പിന്തുടർന്നെത്തിയ ലിൻഷാനും സുഹൃത്ത് ധനീഷും പുല്ലാഞ്ഞിമേട് വെച്ച് ഇന്നോവ കാറിന് കുറുകെ കാറുകൾ നിർത്തി അജുലിനെ ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി.
കാറിൽ വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം, മർദ്ദിക്കുകയും, വീഡിയോ ചിത്രീകരിക്കുകയും, പോലീസ് പിന്തുടരുന്നുണ്ട് എന്ന വിവരമറിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം യുവാവിനെ തച്ചംപൊയിൽ ഒതയോത്ത് മില്ലിന് സമീപം ഇറക്കിവിടുകയുമായിരുന്നു.
ഇവിടെ നിന്നും രക്ഷപ്പെട്ട് കൊടുവള്ളിയിലെ വീട്ടിൽ ഒളിച്ച പ്രതികളെ താമരശ്ശേരി DYSP അബ്ദുൾ റസാഖിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം സാഹസികമായി വീടുവളഞ്ഞാണ് പിടികൂടിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍