പ്രമേഹ രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രമേഹം എന്ന രോഗം ഉടലെടുക്കാൻ മുഖ്യ കാരണം. ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ പ്രമേഹം എന്ന രോഗത്തെ എങ്ങനെ നിയന്ത്രിച്ച് നിർത്താം എന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. പ്രമേഹം വന്നാൽ ജീവിതമേ തീർന്നു എന്ന അവസ്ഥയാണ് പലർക്കും. എന്നാൽ രോഗിയെ ശരിയായ രീതിയിൽ ബോധവത്കരിക്കുകയും ചിട്ടയായ വ്യായാമം പിന്തുടരുകയും ഭക്ഷണ ശീലങ്ങളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്‌താൽ പ്രമേഹം നിയന്ത്രണവിധേയമാക്കാവുന്നതേയുള്ളൂ.

കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ

ചിലയിനം മത്സ്യങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. മത്തി, അയല, കോര, സാൽമൺ തുടങ്ങിയവയൊക്കെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിക്കാം. അന്നജത്തിന്റെ അളവ് ഇവയിൽ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്ന ഭയവും വേണ്ട.

ലക്കറികൾ

പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികൾ പ്രമേഹം പിടിപെട്ടവർ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. പ്രമേഹത്തെ ചെറുക്കുന്ന ഒരു സൂപ്പർ ഫുഡ് ആണ് ചീര. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറും മഗ്നീഷ്യവും പ്രമേഹത്തെ ചെറുക്കാൻ സഹായിക്കുന്നു. വേവിച്ചെടുത്ത ചീരയിൽ അല്പം ഒലിവ് ഓയിൽ ചേർത്ത് മിക്സ് ചെയ്ത് കഴിക്കുന്നതും നല്ലതാണ്.

അണ്ടി പരിപ്പുകൾ

നല്ല കൊഴുപ്പടങ്ങിയ അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസവും നിലക്കടല കഴിക്കുന്നത് 21 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബദാം, കശുവണ്ടി മുതലായവയൊക്കെ പ്രമേഹരോഗികൾക്ക് കഴിക്കാം. ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുന്നു.

ആപ്പിൾ

പ്രമേഹം ഉള്ളവർക്ക് പല പഴവർഗങ്ങളും നിഷിദ്ധമാണ്. എന്നാൽ പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങളിലൊന്നാണ് ആപ്പിൾ. ഇതിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുകയും ചെയ്യും. നാരുകളാലും വിറ്റാമിൻ സി കൊണ്ടും സമ്പുഷ്ടമായ ആപ്പിൾ പ്രേമേഹ രോഗികൾക്ക് ഏറെ ഗുണകരമാണ്.

പാവയ്ക്ക

പാവയ്കയുടെ കയ്പ്പ് രുചി അത്ര പെട്ടന്നൊന്നും ആർക്കും ഇഷ്ടപ്പെടാൻ ഇടയില്ല. എന്നാൽ പ്രമേഹ രോഗികൾക്ക് ഏറ്റവും ഗുണകരമായ പച്ചക്കറിയാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് ഉണ്ട് പാവക്കക്ക്.

ഓറഞ്ച്

നാരങ്ങാ വർഗ്ഗത്തിൽ പെട്ട ഫലങ്ങൾ പ്രമേഹം നിയന്ത്രിക്കാൻ വളരെ സഹായകരമാണ്. നാരാങ്ങാവർഗത്തിൽപ്പെട്ട ഫലങ്ങൾ ടൈപ്പ് 2 പ്രമേഹം ബാധിച്ചവർക്ക് നല്ലതാണ്. പ്രമേഹബാധിതരായവർക്ക് ജീവകം സിയുടെ അളവ് കുറവായിരിക്കും. അതുകൊണ്ടു തന്നെ ആന്റിഓക്സിഡന്റുകൾ നിറഞ്ഞ ഈ ഫലങ്ങൾ തീർച്ചയായും ഗുണം ചെയ്യും. വിറ്റാമിൻ സിയുടെ കുറവ് നികത്താനും ഓറഞ്ച് പോലുള്ള പഴ വർഗങ്ങൾ സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍