നിമിഷ ഫാത്തിമയുള്‍പ്പെടെ മലയാളി ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്
അഫ്ഗാന്‍ ജയിലുകള്‍ താലിബാന്‍ പിടിച്ചെടുക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്യവെ രാജ്യത്തെ ജയിലിലുള്ള ഇന്ത്യക്കാരായ ഐഎസ് അംഗങ്ങളെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇവരില്‍ മലയാളികളായ നിമിഷ ഫാത്തിമ, മെറിന്‍ ജേക്കബ്, സോണിയ സെബാസ്റ്റിയന്‍, റഫീല എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്കാണ് ഈ വിവരം ലഭിച്ചത്. ഇവരുള്‍പ്പെടെ ഐഎസ് അംഗങ്ങളായ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെടുകയും കുട്ടികളോടൊപ്പം ജയിലിടയ്ക്കപ്പെടുകയും ചെയ്ത നിരവധി സ്ത്രീകള്‍ അഫ്ഗാന്‍ ജയിലിലുണ്ട്. ഇവരെ താലിബാന്‍ എന്തു ചെയ്യുമെന്ന് വ്യക്തമല്ല. ഇവരെ താലിബാന്‍ നിര്‍ബന്ധിത വിവാഹത്തിനിരയാക്കാനും അല്ലെങ്കില്‍ കൊലപ്പെടുത്താനും സാധ്യതയുണ്ട്.
കാബൂളിലെ ഫുലെ ചര്‍കി, ബദാം ബാഗ് എന്നീ ജയിലുകളില്‍ നിന്ന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചെന്നും ഇതില്‍ ഒമ്പത് മലയാളികളുമുണ്ടെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണക്കു കൂട്ടുന്നു. ഇതിനാല്‍ കനത്ത ജാഗ്രതയിലാണ് അന്വേഷണ ഏജന്‍സികള്‍.
ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ട ഇവര്‍ 2019 കളിലാണ് അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങുകയും തടവിലാക്കപ്പെടുകയും ചെയ്തത്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിലേക്ക് പോയ നിരവധി സ്ത്രീകള്‍ രാജ്യത്തെ ജയിലറകളിലുണ്ട്. ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. 2019 ഓടു കൂടി ഐഎസ് ആധിപത്യം അവസാനിച്ചതോടെയാണ് ഈ സ്ത്രീകള്‍ ജയിലിലായത്. തടവിലുള്ള മലയാളികളായ നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്നും രാജ്യത്ത് തിരിച്ചെത്തുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കേണ്ട എന്ന നിലപാടാണ് കേന്ദ്രമെടുത്തത്. 2019 ല്‍ പിടിയിലായി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍